സിംഗപ്പൂര്‍ ഇന്ത്യയെ വീഴ്ത്തി
text_fieldsസിഗപ്പൂ൪: വിം കോവെ൪മാൻസിൻെറ കീഴിൽ വിദേശത്ത് ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് തോൽവി. രാജ്യാന്തര സൗഹൃദ ഫുട്്ബാൾ മത്സരത്തിൽ സിംഗപ്പൂരിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽവി രുചിച്ചത്. ചോവാ ചു കാങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുപകുതികളിലായി ഖൈറുൽ അംരിയും ഫസ്റുൽ നവാസുമാണ് ആതിഥേയ൪ക്കുവേണ്ടി വല കുലുക്കിയത്.
കിക്കോഫ് വിസിലിനു പിന്നാലെ ഇന്ത്യ ഫ്രീകിക്ക് നേടിയാണ് മത്സരത്തിന് തുടക്കമിട്ടത്. റാങ്കിങ്ങിൽ തങ്ങളേക്കാൾ ആറു സ്ഥാനം മുന്നിലുള്ള എതിരാളികൾക്കെതിരെ ആദ്യഘട്ടങ്ങളിൽ പാ൪ശ്വങ്ങളിലൂടെ ആക്രമിച്ചു കയറി മുൻതൂക്കം നേടുകയെന്ന തന്ത്രമാണ് 168ാം റാങ്കുകാരായ ഇന്ത്യ അവലംബിച്ചത്. 42കാരനായ അലക്സാണ്ട൪ ഡുറിക്കിനെയും ഫസ്റുൽ നവാസിനെയും മുൻനിരയിൽ വിന്യസിച്ചാണ് സിംഗപ്പൂ൪ മത്സരത്തിനിറങ്ങിയത്. ആറാം മിനിറ്റിൽ ഗൗ൪മാംഗി സിങ്ങിൻെറ ത്രോ ഇൻ സ്വീകരിച്ച സുനിൽ ഛേത്രി ബോക്സിൽനിന്നുതൊടുത്ത ദു൪ബലമായ ഷോട്ട് ആതിഥേയ ഗോളി ഇസ്വാനെ പരീക്ഷിക്കാൻ പോന്നതായിരുന്നില്ല. തൊട്ടടുത്ത മിനിറ്റിൽ ഷഹദാനും ഫസ്റുലും ചേ൪ന്ന സിംഗപ്പൂ൪ നീക്കവും മുനയൊടിഞ്ഞു. ആദ്യ കാൽമണിക്കൂ൪ നേരം ഇന്ത്യ ആധിപത്യം കാട്ടിയെങ്കിലും സന്ദ൪ഭോചിതമായ പ്രത്യാക്രമണങ്ങളിൽ സിംഗപ്പൂ൪ ശക്തമായ സാന്നിധ്യമറിയിക്കുകയും ചെയ്തു. പിൻനിരയിൽ ബൈഹകി-സഫ്വാൻ സഖ്യം ഇന്ത്യൻ നീക്കങ്ങൾക്ക് സമ൪ഥമായി തടയിടുകയും ചെയ്തു.
പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന ആതിഥേയ൪ മധ്യനിരയിൽ മുൻതൂക്കം നേടിയെടുത്തു. ഗൗ൪മാംഗിയുടെ നേതൃത്വത്തിലുള്ള സന്ദ൪ശക ഡിഫൻസിന് ഇതോടെ ജോലിഭാരം കൂടി. 39ാം മിനിറ്റിൽ ഷി ജിയായി പരിക്കേറ്റ് പിന്മാറിയതോടെ ഖൈറുൽ അംരി മൈതാനത്തെത്തിയത് സിംഗപ്പൂരിന് ഭാഗ്യമായി മാറുകയായിരുന്നു. മൂന്നു മിനിറ്റിനുശേഷം ഇന്ത്യൻ നിരയുടെ മോശം ക്ളിയറൻസ് മുതലെടുത്ത് ഷഹ്ദാൻ നൽകിയ പാസിൽ സുബ്രതാ പോളിനെ കീഴ്പ്പെടുത്തി അംരി ആദ്യഗോളിലേക്ക് വലകുലുക്കി. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ ലെനി റോഡ്രിഗ്വസിൻെറ തക൪പ്പൻ ക്രോസിൽ ക്ളിഫോ൪ഡ് മിറാൻഡ ഗോളിലേക്ക് ഹെഡറുതി൪ക്കാനൊരുങ്ങവേ, ജുമാത് ഓടിയെത്തി അപകടമൊഴിവാക്കി.
രണ്ടാം പകുതിയിൽ മികച്ച തുടക്കമിട്ട ആതിഥേയ൪ 49ാം മിനിറ്റിൽ ലീഡുയ൪ത്തി. ഡുറിക്കും അംരിയും ചേ൪ന്ന നീക്കത്തിനൊടുവിൽ ഫസ്റുൽ നവാസാണ് ലക്ഷ്യം കണ്ടത്. 56ാം മിനിറ്റിൽ ക്ളോസ്റേഞ്ചിൽനിന്ന് ഫസ്റുൽ വീണ്ടും വല കുലുക്കിയെങ്കിലും റഫറിയുടെ ഓഫ്സൈഡ് വിസിൽ ഇന്ത്യക്ക് ആശ്വാസമായി.
മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കവേ സിംഗപ്പൂ൪ പിടിമുറുക്കിയതോടെ ഇന്ത്യയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ നിറംമങ്ങിത്തുടങ്ങി. 62ാം മിനിറ്റിൽ സുനിൽ ഛേത്രിക്കു പകരം റോബിൻ സിങ്ങും സഞ്ജു പ്രധാന് പകരം ജുവൽ രാജയും കളത്തിലെത്തി.
69ാം മിനിറ്റിൽ റോബിൻെറ തക൪പ്പൻ ഷോട്ട് ഇസ്വാൻ ശ്രമകരമായാണ് തട്ടിയകറ്റിയത്. അവസാനഘട്ടത്തിൽ മിറാൻഡക്കു പകരം ആൻറണി പെരീറയും സയ്യിദ് റഹീം നബിക്കു പകരം ഡെൻസിൽ ഫ്രാങ്കോയും ഇറങ്ങിയിട്ടും സിംഗപ്പൂ൪ ബോക്സിലേക്ക് വഴി തുറന്നെടുക്കാനാവാതെ ഇന്ത്യ കുഴങ്ങി. 85ാം മിനിറ്റിൽ കോ൪ണ൪ കിക്ക് ഡെൻസിൽ തൊടുത്തത് ഇസ്വാൻ പിടിച്ചെടുത്തതോടെ ആശ്വാസഗോളിനുള്ള ഇന്ത്യൻ ശ്രമങ്ങൾ അവസാനിച്ചു. ഇഞ്ചുറി ടൈമിൽ ഫി൪ദൗസിൻെറ കരുത്തുറ്റ ഷോട്ട് തട്ടിയകറ്റി സുബ്രത ടീമിൻെറ രക്ഷക്കെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
