മറഡോണ 24ന് കണ്ണൂരില്‍
text_fieldsകണ്ണൂ൪: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ കണ്ണൂരിലെത്തുന്നു. സ്വകാര്യ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനാണ് ഒക്ടോബ൪ 24ന് മറഡോണ കണ്ണൂരിലെത്തുന്നത്. ലോക താരത്തിൻെറ കളികൾ ടെലിവിഷനിൽ കണ്ടു മതി മറന്നവ൪ക്ക് ജീവിക്കുന്ന ഇതിഹാസത്തെ നേരിട്ട് കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ആദ്യമായാണ് മറഡോണ കേരളത്തിൽ വരുന്നത്.
2008ൽ കൊൽക്കത്തയിലെത്തിയ കാൽപന്തുകളിയുടെ രാജാവിനെ ഒരു നോക്കു കാണുന്നതിനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയിരുന്നത്. പ്രഫഷനൽ ഫുട്ബാളിൽ നിന്നും ക്ളബ് കളികളിൽ നിന്നും വിരമിച്ചിട്ടും പുൽമൈതാനങ്ങളിൽ മറഡോണ സൃഷ്ടിച്ച മാസ്മരിക നീക്കങ്ങളുടെ വശ്യതകൊണ്ടാണ് കൊൽക്കത്തയിലും കാണികൾ നിറഞ്ഞുകവിഞ്ഞത്. തൻെറ ജീവിതത്തിൽ അദ്ഭുതങ്ങൾ അവസാനിച്ചുവെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ, അദ്ഭുതങ്ങൾ ബാക്കിയുണ്ടെന്ന് തനിക്ക് ഇപ്പോൾ തോന്നുന്നുവെന്നുമാണ് കൊൽക്കത്തയിൽ നിറഞ്ഞു കവിഞ്ഞ ആൾക്കൂട്ടത്തെ കണ്ട് ആവേശഭരിതനായ മറഡോണ പറഞ്ഞത്. അ൪ജൻറീനക്കും മറഡോണക്കും കേരളത്തിൽ ആരാധകരേറെയാണ്. ബ്രസീലിൻെറയും അ൪ജൻറീനയുടെയും കളികൾക്ക് ലാറ്റിനമേരിക്കക്കാ൪ തോൽക്കുന്ന ആവേശമാണ് മലപ്പുറത്തും കണ്ണൂരിലും ഉണ്ടാവാറുള്ളത്. ആരാധക സംഘങ്ങളായും ഫ്ളക്സ് യുദ്ധങ്ങളായുമൊക്കെയാണ് ഫുട്ബാളിനോടുള്ള ഈ ഇഷ്ടം തുട൪ന്നു പോരുന്നത്. മറഡോണ കാൽപന്തുകളിയുടെ ഈറ്റില്ലമായ കണ്ണൂരിലെത്തുമ്പോൾ റെക്കോഡ് ആൾക്കൂട്ടം തന്നെ ഉണ്ടാവുമെന്ന് കരുതുന്നു. മലപ്പുത്തുനിന്നും തെക്കൻ ജില്ലകളിൽ നിന്നുമൊക്കെ നൂറുകണക്കിന് പേരാണ് കണ്ണൂരിലേക്കൊഴുകാൻ കാത്തു നിൽക്കുന്നത്. ഫെഡറേഷൻ കപ്പും, ഐ. ലീഗും, നായനാ൪ കപ്പും അരങ്ങു തക൪ത്ത കണ്ണൂ൪ ജവഹ൪ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ശക്തമായ സുരക്ഷാ സന്നാഹങ്ങളും ഒരുക്കുന്നുണ്ട്. കാണികൾക്കായി ഒരു വേള ഫുട്ബാൾ തട്ടാനും താരം തയാറാകും. വിശ്വവിഖ്യാതനായ കളിക്കാരൻെറ ചുവടുകൾക്കായി കാത്തിരിക്കുകയാണ് കണ്ണൂ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
