ആറ്വയസ്സുകാരനെ കൊലപ്പെടുത്തി ജഡം കത്തിച്ച കേസില്‍ സ്വദേശി യുവാവിന് വധശിക്ഷ
text_fieldsറിയാദ്: ആറ് വയസ്സായ ബാലനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കരിച്ച് വികൃതമാക്കിയ പ്രതിക്ക് വധശിക്ഷ നൽകാനും അനന്തരം ക്രൂശിക്കാനും ഖുറയാത്ത് കോടതി ഉത്തരവായി. ജില്ലാകോടതിയുടെ ഉത്തരവ് മേൽകോടതി ശരിവെച്ചു. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ആറ് വയസ്സുകാരനായ മുഹമ്മദ് സാലിം അൽആസ്മി എന്ന ബാലൻ ഖുറയാത്തിലെ റിഫാഈ വില്ലേജിലുള്ള വീട്ടിൽനിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. തുട൪ന്ന് നടന്ന അന്വേഷണത്തിനൊടുവിൽ രണ്ട് ദിവസത്തിന് ശേഷം ബാലന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ 35 കി.മീ ദൂരെ ഖുറയാത്ത് കിഴക്ക് ഭാഗത്തുള്ള ഒരു പാലത്തിനടുത്ത് കണ്ടെത്തുകയായിരുന്നു. സംഭവം കഴിഞ്ഞ് 37 ദിവസങ്ങൾക്കു ശേഷം അയൽപക്കത്തുള്ള 35 കാരൻ അവിവാഹിതനായ യുവാവിനെ കേസുമായി ബന്ധപ്പെട്ട് സകാകയിൽനിന്ന് അൽജൗഫ് പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാൽ ഇയാൾ നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞു. കഴിഞ്ഞ ജൂൺ രണ്ടിന് യഥാ൪ഥ പ്രതിയെ അൽജൗഫ് പൊലീസ് അറസ്റ്റ് ചെയ്തു. ബാലനെ തട്ടിക്കൊണ്ടുപോയ യുവാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കുന്നതിന് പെട്രോളൊഴിച്ച് കരിച്ചുകളയുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കൊല്ലപ്പെട്ട ബാലന്റെ പിതാവിന്റെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന പ്രതി സംഭവശേഷം സ്വദേശമായ സകാകയിലേക്ക് രക്ഷപ്പെട്ടിരുന്നു. അവിടെനിന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
