തിരുവല്ലക്ക് ആവേശമായി സീനിയര്‍ വനിത ഫുട്ബാള്‍
text_fieldsപത്തനംതിട്ട: കാൽപ്പന്തുകളിയുടെ ആവേശം നിറച്ച് സീനിയ൪ വനിതകൾ കളം നിറഞ്ഞാടിയത് തിരുവല്ലക്ക് ആവേശമായി. ഒന്നിനെതിരെ അര ഡസൻ ഗോളുകൾ നൽകി മലപ്പുറത്തെ വല നിറച്ച് പത്തനംതിട്ട ഒരിക്കൽ കൂടി കിരീടം ചൂടിയത് ആവേശം ഇരട്ടിപ്പിച്ചു. ഒന്നിനെതിരെ ആറ് ഗോളുകൾ വാങ്ങിയെങ്കിലും തികച്ചും ഏകപക്ഷീയമല്ലായിരുന്നു മത്സരം. ഓരോ നിമിഷവും ഗോൾ.. ഗോൾ ... എന്ന് ആ൪ത്ത് വിളിച്ച കാണികളുടെ മുന്നിൽ മലപ്പുറത്തിന് ലക്ഷ്യം പിഴച്ചപ്പോൾ കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കി ആതിഥേയരുടെ ആനുകൂല്യം പത്തനംതിട്ട മുതലെടുക്കുകയായിരുന്നു. മലപ്പുറം വാങ്ങിയ ആറ് ഗോളുകളിൽ പകുതിയും ഗോളിയുടെ പിഴവ് മൂലമാണ് വലയിലായത്.
ഒപ്പത്തിനൊപ്പം നിന്ന കളിമികവുമായാണ് കലാശപ്പോരാട്ടം തുടങ്ങിയത്. കൗമാരത്തിൻെറ ആവേശം ശക്തിയായി കളിക്കളത്തിലേക്ക് പക൪ന്നപ്പോൾ മൈതാനത്തിൻെറ മുക്കിലും മൂലയിലും പന്ത് പായാൻ തുടങ്ങി. എട്ടാം മിനിട്ടിലായിരുന്നു ആതിഥേയരെ ത്രസിപ്പിച്ച നിമിഷമെത്തിയത്. ഒത്തിണക്കത്തോടെ പാസ് ചെയ്ത് പത്തനംതിട്ട മുന്നേറി. ‘പോസ്റ്റിലേക്ക് അടിക്കൂ എന്ന് കാണികൾ വിളിച്ചു കൂവുന്നതിനിടെ ടൂ൪ണമെൻറിൻെറ മികച്ച താരം കെ. ധന്യ പന്ത് വലയിലെത്തിച്ചു (1-0). തിരിച്ചടിക്കുമെന്ന ദൃഢനിശ്ചയത്തിൽ മലപ്പുറം പത്തനംതിട്ടയുടെ ഗോൾ പോസ്റ്റിലേക്ക് ഇരച്ചു കയറി. ശക്തമായ പ്രതിരോധത്തിൽ തട്ടി എല്ലാം വിഫലമായി. ആക്രമണവും പ്രത്യാക്രമണവും ഇരു ടീമുകളും ശക്തമാക്കിയതിനിടെയാണ് മലപ്പുറത്തിൻെറ വല വീണ്ടും ധന്യ കുലുക്കിയത്. 15ാം മിനിട്ടിൽ ഇടതു വശത്ത് കൂടി പാസ് ചെയ്ത് എത്തിയ പന്തിനെ നിഷ്പ്രയാസം വലയിലാക്കി (2-0).
രണ്ട് ഗോൾ വഴങ്ങിയ ക്ഷീണത്തിൽ പ്രതിരോധം തീ൪ത്തെങ്കിലും ഗോളിയുടെ പിഴവ് 21ാം മിനിറ്റിൽ മലപ്പുറത്തിൻെറ വല കുലുക്കി. കെ. അതുല്യ നൽകിയ പാസ് രശ്മി പോസ്റ്റിനെ ലക്ഷ്യമാക്കി വിട്ടു. തടയാൻ പറ്റുന്ന ഷോട്ടായിരുന്നെങ്കിലും പന്ത് ഗോളിയെ മറികടന്ന് വലയിലെത്തി (3-0).
മൂന്ന് ഗോൾ നേടിയതോടെ വിജയം ഉറപ്പിച്ച് പത്തനംതിട്ടയും ഗോൾ മടക്കണമെന്ന ആവേശത്തിൽ മലപ്പുറവും ആക്രമണം ശക്തമാക്കി. ഗോളിയുടെ അശ്രദ്ധയിൽ 25ാം മിനിറ്റിൽ രശ്മി വീണ്ടും മലപ്പുറത്തിൻെറ വല കുലുക്കി (4-0).
നാല് ഗോൾ വഴങ്ങിയതോടെ പ്രതിരോധം ശക്തമാക്കി മലപ്പുറം തിരിച്ചാക്രമണം തുടങ്ങി. ലോങ് ഷോട്ടിൽ പലതും ഗോൾ പോസ്റ്റിനെ തൊട്ട് കടന്നുപോയി.
തിരിച്ചടിക്കുമെന്ന് തീരുമാനിച്ചുറച്ച പോലെ ഇടവേളക്ക് ശേഷം മലപ്പുറത്തിൻെറ കാൽപ്പന്തുകളിയുടെ ടച്ചുമായി പെൺകുട്ടികൾ കുതിച്ചു. മികച്ച പന്തടക്കത്തോടെ മുന്നേറിയ മലപ്പുറത്തിന് 40ാം മിനിറ്റിൽ ആശ്വാസമെത്തി. ഗോൾ പോസ്റ്റിൻെറ സമീപത്തുനിന്ന് പ്രിയാമോൾ അടിച്ച പന്ത് ആദ്യമായി പത്തനംതിട്ടയുടെ വല കുലുക്കി (4-1). എന്നാൽ, 43ാം മിനിറ്റിൽ മനോഹരമായ പാസിങ് ധന്യ ഒരിക്കൽ കൂടി വലയിലെത്തിച്ചു (5-1). പത്തനംതിട്ടയുടെ അഞ്ചാം ഗോളിലൂടെ ധന്യ ഹാട്രിക് തികച്ചു.
പിന്നീട് 20 മിനിട്ട് നടന്നത് വാശി നിറഞ്ഞ പോരാട്ടമായിരുന്നു. കളി തീരാൻ 17 മിനിട്ടുള്ളപ്പോൾ അര ഡസൺ ഗോളെന്ന ലക്ഷ്യം ധന്യയിലൂടെ തന്നെ പത്തനംതിട്ട പൂ൪ത്തിയാക്കി. 63ാം മിനിറ്റിൽ ധന്യയുടെ ഉജ്ജ്വല ഷോട്ട് വലയിലെത്തുമ്പോൾ നോക്കിനിൽക്കാനെ ഗോളിക്ക് കഴിഞ്ഞുള്ളൂ (6-1).
പിന്നീട് ലോങ് ഷോട്ടുകളുമായി മലപ്പുറം ഗോൾ മടക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. റഫറി ലോങ് വിസിൽ മുഴക്കിയതോടെ ആഹ്ളാദാരവം മുഴക്കി പത്തനംതിട്ടയുടെ ചുണക്കുട്ടികൾ മൈതാനത്തിന് ചുറ്റും വലംവെച്ചു.
മറു ഭാഗത്ത് തുട൪ച്ചയായ നാലാം തവണത്തെ ഫൈനലായിട്ടും കിരീടം നേടാൻ കഴിയാത്ത മലപ്പുറം ടീമിൻെറ ദു$ഖം. കഴിഞ്ഞ തവണ തോൽപ്പിച്ച പത്തനംതിട്ടയോട് മധുര പ്രതികാരമെന്ന ലക്ഷ്യവും അര ഡസൻ ഗോളിൽ മുങ്ങിപ്പോയി. പത്തനംതിട്ടയുടെ കെ. ധന്യയാണ് ഫൈനലിൻെറയും ടൂ൪ണമെൻറിൻെറയും താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
