തുര്‍ക്കിയുടെ മുന്നറിയിപ്പ്
text_fieldsഅന്താരാഷ്ട്ര സമൂഹം നിസ്സംഗത തുടരുന്നതിനിടയിൽ പതിനെട്ടുമാസമായി രക്തരൂഷിതമായി തുടരുന്ന സിറിയൻ ആഭ്യന്തരയുദ്ധം കൂടുതൽ അപകടകരമായ പ്രവണതകൾ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. പ്രസിഡൻറ് ബശ്ശാ൪ അൽഅസദിൻെറ സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുള്ള യുദ്ധത്തിൻെറ തീപ്പൊരികൾ അയൽരാജ്യങ്ങളിലേക്കു കൂടി പട൪ന്നുപിടിക്കുമോ എന്ന ആശങ്കയുയ൪ന്നിരിക്കുന്നു. തു൪ക്കി, ലബനാൻ, ജോ൪ഡൻ, ഇസ്രായേൽ അധിനിവിഷ്ട ജൂലാൻകുന്നുകൾ എന്നിവിടങ്ങളിലേക്ക് സിറിയയിലെ ആഭ്യന്തരസംഘ൪ഷത്തിൻെറ കെടുതികൾ വ്യാപിച്ചുകഴിഞ്ഞു. സംഘ൪ഷം തുടങ്ങിയതു മുതൽ സിറിയയിൽ നിന്നുള്ള അഭയാ൪ഥിപ്രവാഹം ഈ അയൽരാജ്യങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, സിറിയൻ അതി൪ത്തിഗ്രാമങ്ങളിൽ പ്രസിഡൻറ് ബശ്ശാ൪ അൽഅസദിൻെറ സൈന്യം റെബലുകൾക്കെതിരെ എന്ന പേരിൽ നടത്തുന്ന കനത്ത വ്യോമാക്രമണങ്ങൾ അയൽദേശങ്ങളിൽ കൂടി ദുരിതം വിതറാൻ തുടങ്ങിയതോടെ സിറിയൻ പ്രതിസന്ധി പുതിയ തലങ്ങളിലേക്കു വ്യാപിക്കുകയാണ്. ഒരു കാലത്ത് ഉറ്റമിത്രങ്ങളായിരുന്ന തു൪ക്കിയും സിറിയയും തമ്മിലുള്ള ബന്ധം കുഴഞ്ഞുമറിയുന്നത് ഇതിൻെറ ഒന്നാന്തരം തെളിവാണ്.
കഴിഞ്ഞയാഴ്ച സിറിയൻ സേനയുടെ വ്യോമാക്രമണം അതി൪ത്തി കടന്ന് തു൪ക്കി ഗ്രാമങ്ങളിലെത്തിയതോടെ അങ്കാറ-ഡമസ്കസ് ബന്ധം വഷളായി. അതി൪ത്തിയിലെ സൈനികവിന്യാസം ശക്തമാക്കിയ തു൪ക്കി, സിറിയ കടന്നുകയറിയാൽ തിരിച്ചടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു. സിറിയക്ക് തിരിച്ചടിയെന്നോണം റഷ്യയിൽനിന്ന് ഡമസ്കസിലേക്ക് 30 യാത്രികരെയുംകൊണ്ട് പുറപ്പെട്ട സിറിയൻ വിമാനം തു൪ക്കി അങ്കാറയിൽ ബലംപ്രയോഗിച്ച് ഇറക്കുകയുണ്ടായി. സിറിയൻ പ്രതിരോധമന്ത്രാലയത്തിനു റഷ്യ കൈമാറുന്ന ആയുധസാമഗ്രികളായിരുന്നു വിമാനത്തിലെന്ന് ആരോപിച്ചാണ് തു൪ക്കി സിറിയൻ വിമാനം പിടിച്ചെടുത്തത്. സ്വന്തം ജനതയെ കൊന്നൊടുക്കുന്ന ഒരു ഭരണകൂടത്തിന് ആയുധങ്ങൾ കടത്താൻ തങ്ങളുടെ വ്യോമതലം ഉപയോഗിക്കാനാവില്ലെന്ന് തു൪ക്കി വിദേശകാര്യ മന്ത്രി അഹ്മദ് ദാവൂദോഗ്ലു തുറന്നടിച്ചു. 2008ൽ വടക്കൻ ഇറാഖിലെ കു൪ദ് സൈനിക താവളങ്ങൾ ആക്രമിക്കാൻ നടത്തിയതിനു സമാനമായ സൈനിക സജ്ജീകരണമാണ് ഇപ്പോൾ സിറിയൻ അതി൪ത്തി കേന്ദ്രീകരിച്ച് തു൪ക്കി നടത്തിവരുന്നത്. കഴിഞ്ഞ ദിവസം പ്രക്ഷോഭക്കാ൪ പിടിമുറുക്കിയ സിറിയൻ അതി൪ത്തിപ്രദേശമായ അസ്മാരിനിൽനിന്ന് തു൪ക്കീഗ്രാമത്തിലേക്ക് ഓടിരക്ഷപ്പെട്ട പതിനൊന്നു സൈനികരെ തു൪ക്കി പട്ടാളം പിടികൂടിയിരിക്കുന്നു.
ഉപരോധത്തിലൂടെയും മറ്റും സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽഅസദിനെ വരുതിയിലാക്കാൻ ഐക്യരാഷ്ട്രസഭയെ മുന്നിൽ നി൪ത്തിയുള്ള അന്താരാഷ്ട്രശ്രമങ്ങൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നിരിക്കെ ഏകപക്ഷീയമായൊരു സൈനികനീക്കത്തിന് അയൽദേശ വെല്ലുവിളിയുടെ പേരിൽ തു൪ക്കി മുതിരുമെന്നു കരുതാനാവില്ല. അതേ സന്ദ൪ഭത്തിൽ യു.എൻ സമാധാനശ്രമങ്ങളെയും പ്രമേയങ്ങളെയും നിരന്തരം പരാജയപ്പെടുത്തി വരുന്ന റഷ്യക്കെതിരെ ശക്തമായൊരു രാഷ്ട്രീയസമ്മ൪ദം ഉയ൪ത്തിക്കൊണ്ടുവരുകയാണ് അങ്കാറയുടെ തന്ത്രം. ഒപ്പം സിറിയ ഉയ൪ത്തുന്ന വെല്ലുവിളികൾക്കിടെ തു൪ക്കിയിലെ വിമത കു൪ദുകളുടെ കൂട്ടായ്മയായ കു൪ദിഷ് വ൪ക്കേഴ്സ് പാ൪ട്ടിയെ റഷ്യ നേരിട്ടും ഇറാൻ മുഖേനയും ഇളക്കിവിടുന്നുവെന്ന സംശയത്തെ അവ൪ക്ക് മറികടക്കുകയും വേണം. അതിനായി തു൪ക്കി നീക്കുന്ന ഓരോ കരുവും സിറിയൻ ഭരണകൂടത്തെയാണ് കുരുക്കുന്നത്. അതാകട്ടെ, ഇരുരാജ്യങ്ങൾക്കുമിടയിലെ അസ്വസ്ഥതകളുടെ ആഴം വ൪ധിപ്പിക്കുകയും ചെയ്യുന്നു. ബശ്ശാറിൻെറ സ്ഥാനത്യാഗത്തിനു സമയമെടുക്കുംതോറും ആഭ്യന്തരയുദ്ധവും അരാജകത്വവും വ്യാപിക്കുകയും സിറിയയുടെ വിഭജനത്തിലേക്കുതന്നെ കാര്യങ്ങൾ കൊണ്ടെത്തിക്കുകയും ചെയ്യുമെന്ന ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വാ ഓലൻഡിൻെറ പ്രസ്താവനയിൽ പലരുടെയും പലതരം ഉള്ളിലിരിപ്പുകൾ അടങ്ങിയിട്ടുണ്ട്. പരിഹാരശ്രമങ്ങളുമായി മുന്നിട്ടിറങ്ങിയ യു.എന്നും യൂറോപ്യൻ യൂനിയനുമൊക്കെ പലതവണ പ്രത്യക്ഷപരാജയം ഏറ്റുവാങ്ങിയതോടെ കാത്തിരുന്നു കാണുക എന്ന നിസ്സംഗസമീപനത്തിലേക്കു പിന്മാറിയ മട്ടുണ്ട്. തിങ്കളാഴ്ച ലക്സംബ൪ഗിൽ സമ്മേളിച്ച യൂറോപ്യൻ യൂനിയൻ വിദേശമന്ത്രിമാരുടെ സമ്മേളനം സിറിയക്കെതിരായി വ്യോമനിയന്ത്രണവും ആയുധ, പണക്കടത്തു നിരോധവും അടക്കമുള്ള പുതിയ ഉപരോധനീക്കങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ റഷ്യ, ചൈന, ഇറാൻ എന്നിവരുടെ പരസ്യവും അവരുടെ സഖ്യശക്തികളിൽ ചിലരുടെ പരോക്ഷവുമായ പിന്തുണയുടെ പിൻബലമാണ് ബശ്ശാറിൻെറ ധാ൪ഷ്ട്യത്തെ പിടിച്ചുനി൪ത്തുന്നത്. അത് തുടരുവോളം ഉപരോധതന്ത്രങ്ങളുടെ ദൈ൪ഘ്യം കണ്ടറിയുകതന്നെ വേണം.
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ പരാജയം സിറിയൻ ജനതക്ക് കടുത്ത പരീക്ഷണമായി മാറുകയാണെന്നും 1990കളിൽ ബോസ്നിയയിലെ സ്രെബ്റനീസയിലെ കൂട്ടക്കൊലയിലേക്കു നയിച്ച അതേ നിസ്സംഗതയാണ് അന്താരാഷ്ട്രസമൂഹം സിറിയയുടെ കാര്യത്തിലും ഇപ്പോൾ സ്വീകരിച്ചുവരുന്നതെന്നുമുള്ള തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻെറ മുന്നറിയിപ്പ് പ്രസക്തമാണ്. 1995 ജൂലൈയിൽ യു.എൻ നിയന്ത്രണത്തിലുള്ള ഡച്ച് സമാധാനസേനയുടെ നിഷ്ക്രിയത്വത്തിൻെറ പഴുതിലൂടെയാണ് ബോസ്നിയൻ സെ൪ബുകൾ സ്രെബ്റനീസയിലെ 8000 മുസ്ലിംകളെ ഒറ്റയടിക്ക് കൊലപ്പെടുത്തി മൃതശരീരങ്ങൾ കൂട്ടക്കുഴിമാടങ്ങളിലൊടുക്കിയത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പിൻെറ മണ്ണിൽ നടന്ന ഏറ്റവും കിരാതമായ ആ കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുന്ന അറുകൊലകളാണ് സിറിയയിൽ സ്വന്തം ജനതക്കെതിരെ ബശ്ശാ൪അൽ അസദ് നടത്തിവരുന്നത്. ലോകത്തെ ഒന്നോ രണ്ടോ രാജ്യങ്ങളുടെ അപ്രീതിക്കു വഴങ്ങി ഏകാധിപതിയെ അഴിഞ്ഞാടാൻ വിടുന്നത് അപായകരമാണെന്ന് സിറിയയിലേക്കു ചൂണ്ടി ഉ൪ദുഗാൻ പറയുന്നു. ഇതിനകം 30,000 ആളുകൾ സിറിയയിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. രക്ഷാസമിതി ചില സമാധാന സംഭാഷണങ്ങൾ നടത്തിയെന്നല്ലാതെ, ക്രിയാത്മകമായൊരു ചുവടുവെപ്പിന് അവ൪ക്കായിട്ടില്ല. ദിനംപ്രതി നൂറുകണക്കിനു നിരപരാധികളെ കൊന്നൊടുക്കുന്ന ബശ്ശാ൪ അൽഅസദിനെ അന്താരാഷ്ട്രസമൂഹം കയറൂരിവിട്ട മട്ടാണുള്ളതെന്ന് ഉ൪ദുഗാൻ കുറ്റപ്പെടുത്തുന്നു.
സംഘ൪ഷം പിടിവിട്ട് അയൽരാജ്യങ്ങളെ കൂടി ബാധിക്കുന്നതിൻെറ അസ്വാസ്ഥ്യം ഉ൪ദുഗാൻെറ വാക്കുകളിൽ പ്രകടമാണ്. എന്നാൽ, പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി നയതന്ത്ര നേരമ്പോക്കുകളിലേ൪പ്പെട്ട വൻകിട രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പ് തു൪ക്കിക്കു മാത്രമല്ല, മേഖലയിലെ വിഭവങ്ങളെ ആശ്രയിച്ചുകഴിയുന്ന വൻശക്തികളടക്കമുള്ള അന്താരാഷ്ട്രസമൂഹത്തിനു വൻ നഷ്ടങ്ങളാണ് വരുത്തിവെക്കുക. സിറിയയുടെ പ്രതിസന്ധി പശ്ചിമേഷ്യയുടേതു മൊത്തമായി മാറുന്നതിൻെറ അപായസൂചനകളെക്കുറിച്ചാണ് തു൪ക്കി മുന്നറിയിപ്പ് നൽകുന്നത്. അതിനെ അ൪ഹിക്കുന്ന ഗൗരവത്തോടെ എടുക്കാനുള്ള വിവേകം അന്താരാഷ്ട്രസമൂഹം പ്രകടിപ്പിക്കുമെന്നു കരുതി സമാധാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
