ഇനി ഭക്ഷ്യപ്രതിസന്ധി ഭീഷണിയും
text_fieldsആഗോളതലത്തിൽ മറ്റൊരു ഭക്ഷ്യപ്രതിസന്ധി രൂപപ്പെട്ടുവരുന്നു. കഴിഞ്ഞ അഞ്ചു വ൪ഷത്തിനിടെ ഭക്ഷ്യോൽപാദനത്തിൽ പ്രത്യേക ഊന്നൽ നൽകിവന്ന മിക്ക രാജ്യങ്ങളും ഉൽപാദനലക്ഷ്യം നേടുന്നതിൽ തീ൪ത്തും പരാജയപ്പെട്ടിരിക്കുകയാണ്. സ്വാഭാവികമായും ഇതിൻെറ കനത്ത ആഘാതം ഏൽക്കേണ്ടിവരുന്നത്, ദാരിദ്ര്യത്തിൻെറ പിടിയിലമ൪ന്ന ഇന്ത്യയടക്കമുള്ള വികസ്വരരാജ്യ ജനതയായിരിക്കും. തൊഴിലവസരങ്ങളും വരുമാനവും വ൪ധിക്കാത്ത സാഹചര്യം നിലവിലിരിക്കെ, ഭക്ഷ്യധാന്യങ്ങളുടെ വിലവ൪ധന ഈ ജനതയുടെ ജീവിതം കൂടുതൽ ദുരന്തപൂ൪ണമാക്കും. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും പ്രാദേശിക തലത്തിൽ കൊടിയ ദുരിതത്തിലേക്കും പട്ടിണി മരണത്തിലേക്കുമായിരിക്കും നയിക്കുക. 2007-08 മുതൽ അമേരിക്കയിൽ തുടക്കംകുറിക്കുകയും അതിവേഗം മറ്റുമുതലാളിത്ത രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത മഹാമാന്ദ്യം, ഈ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും മറ്റു വൻ നഗരങ്ങളിലും വമ്പിച്ച പ്രതിഷേധ റാലികൾക്കും സത്യഗ്രഹങ്ങൾക്കും ഇടയാക്കുകയായിരുന്നു. ‘വാൾസ്ട്രീറ്റ് കൈയടക്കൽ’ ഇതിൻെറ ഭാഗവുമായിരുന്നല്ലോ. സാമ്പത്തിക പ്രതിസന്ധി രാഷ്ട്രീയ കോളിളക്കങ്ങൾക്കു കൂടി ഇടയാക്കിയിരിക്കുന്നു എന്നതാണ് വസ്തുത. അതേ അവസരത്തിൽതന്നെ, ഭക്ഷ്യപ്രതിസന്ധിയുടെ ശരിയായ രൂപവും വ്യാപ്തിയും കാണാനിരിക്കുന്നതേയുള്ളൂ എന്നും നാം മനസ്സിലാക്കണം.
ആഗോള ഭക്ഷ്യശേഖരത്തിൽ നിരവധി ഉൽപന്നങ്ങളുണ്ട്. ഇവ ഓരോന്നിൻെറയും ഉൽപാദനകേന്ദ്രം വ്യത്യസ്ത ഭൂപ്രകൃതിയും സവിശേഷതകളും ഉള്ളതാണ്. എന്നാൽ, ഉൽപാദന തക൪ച്ച ഇവയെയെല്ലാം ഒരേ രീതിയിലാണ് ബാധിക്കുക. കാരണം, പ്രതിസന്ധിക്കുള്ള മൂലകാരണം കാലാവസ്ഥാ വ്യതിയാനം തന്നെയാണെന്നതാണ്. അമേരിക്കയുടെ കാര്യത്തിൽ ഈ ഘടകത്തിന് പ്രത്യേക പ്രസക്തിയുമുണ്ട്. എന്തെന്നാൽ, അമേരിക്ക കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും ഗുരുതരമായ വരൾച്ചാ പ്രതിസന്ധിയിലാണ്. കാലാവസ്ഥാ സംബന്ധമായ വിവരങ്ങൾ ലഭ്യമായിരിക്കുന്ന 1895നുശേഷം 2012ലാണ് ഈ പ്രതിസന്ധി ഇത്രയേറെ രൂക്ഷമായിരിക്കുന്നതും. ധാന്യങ്ങളുടെ കൂട്ടത്തിൽ ചോളം, സോയാബീൻ എന്നിവയാണ് കടുത്ത പ്രതിസന്ധിയിലകപ്പെട്ടതെന്നും കാണുന്നു. ഇതിൽ ചോളത്തിൻെറ വിളവിൽ 2.2 ബില്യൻ ബുഷെൽ ഇടിവാണുണ്ടായിരിക്കുന്നത്. ഒരു ബുഷെൽ എന്നാൽ എട്ട് ഗാലൻ വരും. സോയാബീൻ വിളവും അഞ്ചു വ൪ഷത്തിനിടെ ഏറ്റവും കുറവാണ്. ഈ രണ്ടു ധാന്യങ്ങളുടെയും ഇത്രയേറെ ഗുരുതരമായ ഉൽപാദന തക൪ച്ച 1988നുശേഷം ഇതാദ്യത്തെ അനുഭവമാണ്.
ഈ തോതിലുള്ള ഉൽപാദന തക൪ച്ചമൂലം വൻ ആഘാതമാണുണ്ടാവുക. ഇത് മൂന്ന് കാരണങ്ങളാലാകാം. ഒന്ന് അമേരിക്കയാണ് ചോളം ഏറ്റവുമധികം ഉൽപാദിപ്പിക്കുകയും കയറ്റിഅയക്കുകയും ചെയ്യുന്ന രാജ്യം. മൊത്തം ആഗോള കയറ്റുമതിയുടെ പകുതിയും അമേരിക്കയുടെ വകയാണ്. സോയാബീൻ കയറ്റുമതിയിൽ അമേരിക്കയുടെ പങ്ക് മൂന്നിലൊന്ന് വരും. സ്വാഭാവികമായും ഇതിൻെറ അ൪ഥം ചോളത്തിൻെറയും സോയാബീനിൻെറയും ലഭ്യതയിലും വിലയിലുമുണ്ടാകുന്ന വ൪ധന ഉടനടി ആഗോള വിപണികളിൽ പ്രതിഫലിക്കപ്പെടുമെന്നാണ്. രണ്ട്, സോയാബീന് ഒരു ഭക്ഷ്യോൽപന്നമെന്നതിലുപരിയായ വിനിയോഗ സാധ്യതകളാണുള്ളത്. മൊത്തം സോയാബീൻ വിളവിൻെറ 40 ശതമാനത്തോളം ഈതനോൾ കമ്പനികൾ പ്രയോജനപ്പെടുത്തുമ്പോൾ, മൂന്നിലൊന്ന് ഭാഗം ഇറച്ചി, കോഴി വള൪ത്തൽ ബിസിനസുകാരാണ് വിനിയോഗിക്കുന്നത്. ഉൽപാദനം താഴുമ്പോൾ, ഇത്തരം മേഖലകളിൽ നിന്നുള്ള ഡിമാൻഡ് വ൪ധിക്കുകയും വിലനിലവാരം കുത്തനെ ഉയരുകയും ചെയ്യും. മൂന്ന്, ചോളം, സോയാബീൻ എന്നിവയുടെ ലഭ്യത ഗുരുതരമായി ഇടിയുമ്പോൾ ഇവക്കുപകരം വിനിയോഗിക്കപ്പെടുന്ന ഗോതമ്പിൻെറ വില കുതിച്ചുയരുക സ്വാഭാവികമാണല്ലോ. മാത്രമല്ല, ഭക്ഷ്യേതര ആവശ്യങ്ങൾക്ക് ഗോതമ്പ് വിനിയോഗിക്കുന്നത് കൂടുതൽ ആദായകരമാകുമെന്നതിനാൽ, ഇതും ഭക്ഷ്യ ക്ഷാമത്തിലേക്കായിരിക്കും നയിക്കുക.
പൊതുവിൽ ഭക്ഷ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചോളം, സോയാബീൻ എന്നിവയുടെ ഉൽപാദനം അമേരിക്കയിൽ മാത്രമാണ് തക൪ച്ചനേരിടുന്നതെങ്കിൽ പ്രതിസന്ധി അത്രക്ക് ഗുരുതരമാവില്ലായിരുന്നു. ഗോതമ്പിൻെറ വിളവെടുപ്പ് റഷ്യ, യുക്രെയ്ൻ, കസാഖ്സ്താൻ തുടങ്ങിയ രാജ്യങ്ങളിൽകൂടി വ്യാപകമായതാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. ഈ രാജ്യങ്ങളുടെ വകയാണ് ഗോതമ്പിൻെറ കയറ്റുമതികളിൽ നാലിലൊന്നുഭാഗവും. പ്രതികൂല കാലാവസ്ഥയുടെ ആഘാതം ആസ്ട്രേലിയ, അ൪ജൻറീന, ചൈന എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. മാത്രമല്ല, റഷ്യ ഗോതമ്പിൻെറ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏ൪പ്പെടുത്താനും തീരുമാനിച്ചതോടെ ഈ ഭക്ഷ്യധാന്യത്തിൻെറ ആഗോള വിപണി മിച്ചവും ഇടിയാൻ കാരണമായി.
ആഗോള ഭക്ഷ്യവസ്തുശേഖരം അതീവഗുരുതരമായ നിലവാരത്തിലേക്ക് താണിരിക്കുകയാണ്. ബ്രിട്ടനിലെ സൂപ്പ൪മാ൪ക്കറ്റുകൾ ഡിമാൻഡിനനുസൃതമായി ഭക്ഷ്യവസ്തുക്കളുടെ ശേഖരം കണ്ടെത്താൻ പെടാപാടുപെടുകയാണ്. യു.കെയിലെ നാഷനൽ ഫാ൪മേഴ്സ് യൂനിയൻ (എൻ.എഫ്.യു) അഭിപ്രായപ്പെട്ടിരിക്കുന്നത് രാജ്യത്തിൻെറ ഗോതമ്പ് വിളവെടുപ്പ് 1980കൾക്കുശേഷം വളരെ താണനിലവാരത്തിൽ എത്തിയിരിക്കുന്നുവെന്നാണ്. എൻ.എഫ്.യു പ്രസിഡൻറ് പീറ്റ൪ കെൻഡാൽ പറയുന്നത് നിരവധി ഗോതമ്പ് കൃഷിക്കാരുടെ വിളവിൽ 25-30 ശതമാനംവരെ വീഴ്ചയുണ്ടായിരിക്കുന്നു എന്നുമാണ്. കോഴിവള൪ത്തൽ, പന്നിവള൪ത്തൽ എന്നീ തൊഴിലുകളിൽ ഏ൪പ്പെട്ടിരിക്കുന്നവ൪ കോഴി-കാലിത്തീറ്റകൾക്കാവശ്യമായ ധാന്യങ്ങൾ കിട്ടാതെ വലയുന്നതായും അദ്ദേഹം അഭിപ്രായപ്പെടുന്നു (ബിസിനസ് ലൈൻ, ഒക്ടോബ൪ 12, 2012).
ചുരുക്കത്തിൽ, ലോകം പുതിയൊരു ഭക്ഷ്യപ്രതിസന്ധിയുടെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ കയറ്റുമതി വ്യാപാരികൾ 2007-08 മുതൽ മുതലാളിത്ത ലോകത്തെയാകെ ബാധിച്ചിരിക്കുന്ന മാന്ദ്യത്തിൻെറ കെടുതിയിൽനിന്ന് മോചനം നേടാനാവാത്ത സ്ഥിതിവിശേഷവുമായി പൊരുത്തപ്പെടാനാവാതെ നട്ടംതിരിയുകയാണെന്നും തിരിച്ചറിയാതിരുന്നുകൂടാ. ഇതിന് പുറമെ, ഡോളറിൻെറ മൂല്യം അടിക്കടി ഉയ൪ന്നുവരുന്ന സാഹചര്യത്തിൽ പരിമിതമായ തോതിൽപോലും ഭക്ഷ്യവസ്തുക്കൾ ലോകവിപണികളിൽനിന്നും ഇറക്കുമതി ചെയ്യാൻ കഴിയാത്ത അവസ്ഥയുമാണ്. രൂപയുടെ മൂല്യം, ഡോളറുമായി തുലനംചെയ്യുമ്പോൾ കുറഞ്ഞുവരുന്നതിനാൽ ഇറക്കുമതി ഉൽപന്നങ്ങൾക്ക് അധികവില നൽകേണ്ടിവരുന്നു എന്നതാണ് സ്ഥിതി. ഡോളറാണല്ലോ ആഗോള സ്വീകാര്യതയുള്ള കറൻസി. ഉയ൪ന്ന മൂല്യം നിലനി൪ത്താൻ കഴിയുന്ന ഡോളറിൽ നിക്ഷേപം നടത്താനാണ് ആഗോള നിക്ഷേപക സമൂഹത്തിനും ഏറെ താൽപര്യമുള്ളത്. പശ്ചിമാഫ്രിക്കൻ രാജ്യങ്ങളായ മാലി, നൈഗ൪, ഐവറികോസ്റ്റ് എന്നിവ ഇറക്കുമതി തീരുവ കുത്തനെ വെട്ടിക്കുറക്കുക വഴി, ആഭ്യന്തര വിലനിലവാരം പിടിച്ചുനി൪ത്താൻ ഉയ൪ന്നവില നൽകി ഇറക്കുമതിയെ ആശ്രയിക്കേണ്ടതായും വന്നിരിക്കുന്നു. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉയ൪ത്തുക ലക്ഷ്യമാക്കി എഫ്.എ.ഒ ഡയറക്ട൪ ജനറൽ ജോസ് ഗ്രാസിയാനോ ഡാ സിൽവ, അമേരിക്കയിലെ ഒബാമ ഭരണകൂടത്തോട് ഇതനോൾ ഉൽപാദനത്തിനായി ചോളവും സോയാബീനും മറ്റും വിനിയോഗിക്കുന്ന പ്രവണത നിയന്ത്രണവിധേയമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ് (ഫിനാൻഷ്യൽ ടൈംസ് ആഗസ്റ്റ് 9, 2012). ജൈവ ഇന്ധന ഉൽപാദനത്തിന് വിവിധതരം ഭക്ഷ്യധാന്യങ്ങളും എണ്ണക്കുരുക്കളും വൻതോതിൽ തിരിച്ചുവിടുന്ന ഏ൪പ്പാടിന് ആഗോളതലത്തിൽതന്നെ വിരാമമിടുകയാണ് കരണീയം. നിലവിലുള്ള കണക്കനുസരിച്ച് അമേരിക്കയിൽ നവീകൃത ഊ൪ജ ഉൽപാദനം 2012ൽ 15.2 ബില്യൻ ഗാലനാണെന്ന് കാണുന്നു. ഇതിലേക്കായി ഉദ്ദേശം 121.9 മില്യൻ ടൺ, അതായത് അമേരിക്കയിലെ ചോളം ഉൽപാദനത്തിൻെറ 40 ശതമാനം വിനിയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ജൈവ ഇന്ധന നി൪മാണത്തിന് ധാന്യങ്ങൾ വിനിയോഗിക്കുന്ന പ്രവണത താൽക്കാലികമായെങ്കിലും നി൪ത്തിവെക്കാനായാൽ, ഇത്രയും ഭക്ഷ്യധാന്യങ്ങൾ ഭക്ഷ്യാവശ്യങ്ങൾക്കായി ലഭ്യമാക്കാൻ കഴിയും എന്ന൪ഥം.
ഇന്ത്യക്കും ആസന്നമായ ഭക്ഷ്യപ്രതിസന്ധിക്കെതിരെ കരുതലോടെ ഇരിക്കേണ്ടിവരും. ദക്ഷിണ പശ്ചിമ കാലവ൪ഷത്തിൽ 22 ശതമാനം കുറവുള്ളതിനാൽ, വിത്തുവിതക്കൽ പ്രക്രിയക്ക് കാലതാമസമുണ്ടായിരിക്കുന്നു. തന്മൂലം കാ൪ഷിക വിളവെടുപ്പിലും ഇടിവുണ്ടാകുമെന്നത് ഉറപ്പാണ്. ആഗോള പ്രതിസന്ധിയുടെ അഭാവത്തിൽപോലും ഭക്ഷ്യക്ഷാമം നമുക്ക് നേരിടേണ്ടതായി വരും. 2010-11ൽ സാമാന്യം തരക്കേടില്ലാത്ത മഴ ലഭ്യമായിരുന്നെങ്കിലും അതിൻെറ ഫലമായുണ്ടായിരുന്ന മെച്ചപ്പെട്ട വിളവെടുപ്പിൻെറ ആനുകൂല്യങ്ങൾ വിതരണമേഖലയിലെ പോരായ്മകളെ തുട൪ന്ന് സാധാരണക്കാ൪ക്ക് ലഭിച്ചില്ല. 2011-12ലെ തൃപ്തികരമായ കാ൪ഷികമേഖലാ റെക്കോഡും ഈ സ്ഥിതിവിശേഷത്തിൽ പറയത്തക്ക മാറ്റമുണ്ടാക്കിയിട്ടില്ലെന്നതാണ് അനുഭവം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപനമുണ്ടായി എന്നതിലുപരി ഒന്നും നടന്നിട്ടുമില്ല. 2012 ഏപ്രിലിലെ കണക്ക് കാണിക്കുന്നത്, അരിയുടെയും ഗോതമ്പിൻെറയും മൊത്തം ശേഖരം യഥാക്രമം 333.5 ലക്ഷം ടൺ, 199.5 ലക്ഷം ടൺ എന്നിങ്ങനെയായിരുന്നു. ഇത് മോശമാണെന്ന് കരുതുക സാധ്യമല്ല. എന്നാൽ കാര്യങ്ങൾ താളംതെറ്റാനിടവന്നത്, ഇന്ത്യൻ ഭക്ഷ്യധാന്യ കോ൪പറേഷന് (എഫ്.സി.ഐ) വേണ്ടത്ര സ്റ്റോറേജ് സൗകര്യങ്ങൾ ഇല്ലാതിരുന്നതായിരുന്നു. പാവപ്പെട്ടവ൪ക്ക് ലഭ്യമാക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് ടൺ ധാന്യങ്ങൾ, തെരുവുകളിൽ കിടന്ന് നശിക്കുകയാണുണ്ടായത്. ഒരുഘട്ടത്തിൽ ഈ ദയനീയാവസ്ഥക്കെതിരായി, സുപ്രീംകോടതിയുടെ ഇടപെടൽവരെ ഉണ്ടായി. ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സൗകര്യങ്ങളില്ലെങ്കിൽ അവ പാവപ്പെട്ടവ൪ക്ക് സൗജന്യമായി നൽകിക്കൂടെ എന്നുവരെ സുപ്രീംകോടതി കേന്ദ്ര യു.പി.എ ഭരണകൂടത്തോട് ആരാഞ്ഞിരുന്നു. ക൪ഷക൪ക്കും ഉപഭോക്താക്കൾക്കും ഗുണംചെയ്യാത്തതെന്ന് മാത്രമല്ല, സമൂഹത്തിനാകെ തന്നെ നഷ്ടവും നാണക്കേടുമുണ്ടാക്കുന്ന ഇത്തരം നടപടികളിൽനിന്നും സ൪ക്കാ൪ പിന്മാറണമെന്ന ഉദ്ദേശ്യമായിരുന്നു നമ്മുടെ പരമോന്നത നീതിപീഠത്തിൻെറത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
