ഒടുവില്‍ ചതി; ലക്ഷ്യം രാഷ്ട്രീയം
text_fieldsതിരുവനന്തപുരം: വിളപ്പിൽശാലയിലെ സമാനതകളില്ലാത്ത ജനകീയ സമരങ്ങൾക്കുമുന്നിൽ പലവട്ടം തോറ്റ് പിന്മാറിയ സ൪ക്കാ൪ ഒടുവിലെ തന്ത്രം പുറത്തെടുത്തു -ചതി. ജനങ്ങളെ കബളിപ്പിച്ച് കോടതിയെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണ് സ൪ക്കാ൪ ശനിയാഴ്ച നടത്തിയത്. ഒരു ഗ്രാമത്തെയും ഗ്രാമീണരെയും മുന്നിൽവെച്ച് മാലിന്യംകൊണ്ട് രാഷ്ട്രീയം കളിക്കുന്ന രണ്ട് മുന്നണികളുടെ ഭരണപ്പോരാണ് ഇപ്പോഴത്തെ നടപടികൾക്ക് പിന്നിൽ. എന്നാൽ നാട്ടുകാ൪ ഉറങ്ങിക്കിടന്ന സമയത്ത് അതീവരഹസ്യമായി വൻ സുരക്ഷാസന്നാഹത്തോടെ മാലിന്യ പ്ളാൻറിലേക്ക് യന്ത്രങ്ങൾ കടത്തേണ്ടി വന്നത് സംസ്ഥാന-നഗര ഭരണകൂടങ്ങളുടെ പരാജയത്തിന് പുതിയ തെളിവായി. ദീ൪ഘകാലമായി സമരം നയിക്കുന്ന വിളപ്പിൽശാലയിലെ ജനങ്ങൾക്കുമേൽ ഇതിലൂടെ നേരിയ വിജയം നേടാൻ അവ൪ക്കായെങ്കിലും ഇതുവരെ കണ്ടതിൽവെച്ചേറ്റവും വലിയ ജനകീയ മുന്നേറ്റത്തിന് ഈ നടപടി തുടക്കമാകുമെന്നാണ് വിളപ്പിൽശാലയിൽ നിന്നുള്ള സൂചനകൾ.
പ്ളാൻറ് അടച്ചുപൂട്ടുമെന്ന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനവും ബദൽ സംവിധാനങ്ങളുണ്ടെന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലവും നിലനിൽക്കേയാണ് എല്ലാവരെയും കബളിപ്പിച്ച് യന്ത്ര വണ്ടി വിശപ്പിൽശാലയിലേക്ക് കടത്തിയത്. രാവിലെ ഉറക്കമുണ൪ന്നപ്പോഴാണ് നാട്ടുകാ൪ ഇക്കാര്യമറിഞ്ഞത്.
അന്തിമ സമരത്തിൻെറ നി൪ണായക ഘട്ടത്തിൽ ഒരിക്കൽ കൂടി വിളപ്പിൽശാലക്കാ൪ ഇപ്പോൾ വഞ്ചിക്കപ്പെട്ടു. ഈ നടപടിക്ക് പിന്നിൽ ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയ താൽപര്യങ്ങളുണ്ട്. മാലിന്യ പ്രശ്നത്തിലെ രാഷ്ട്രീയ മുതലെടുപ്പാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. മാലിന്യ സംസ്കരണത്തിൻെറ ഉത്തരവാദിത്തം സംസ്ഥാന സ൪ക്കാറിൻെറ ചുമലിലേക്കിട്ട് കോ൪പറേഷൻ നേരത്തെ കൈകഴുകിയതാണ്. പ്ളാൻറ് സ്ഥാപിക്കാൻ സ൪ക്കാ൪ പിന്തുണക്കുന്നില്ല എന്നായിരുന്നു അവരുടെ വാദം. കോടതിയിലും ഇക്കാര്യമുന്നയിക്കാനാണ് കോ൪പറേഷൻ തീരുമാനിച്ചിരുന്നത്. ആ വാദം പൊളിക്കുകയായിരുന്നു സ൪ക്കാ൪ ലക്ഷ്യം. പോലിസ് അകമ്പടിയോടെ യന്ത്രങ്ങൾ എത്തിച്ചതോടെ സ൪ക്കാ൪ ഉത്തരവാദിത്തം ‘പൂ൪ത്തിയായി’. ഇനി മാലിന്യം കൊണ്ടുപോയി സംസ്കരിക്കേണ്ടത് കോ൪പറേഷൻെറ ബാധ്യതയാണ്.
നഗരത്തിലെ മാലിന്യം നഗരത്തിൽ തന്നെ സംസ്കരിക്കണമെന്ന നിലപാടിലാണ് സംസ്ഥാന സ൪ക്കാ൪. ഇതിനായി നഗര പരിധിയിലെ ചില കരിങ്കൽ ക്വോറികൾ കണ്ടെത്തി പ്രാഥമിക നടപടികൾ തുടങ്ങി. എന്നാൽ ഇതിനെതിരെയും സമരം തുടങ്ങി. വിളപ്പിൽശാലയിൽ മാലിന്യ നിക്ഷേപം ആരംഭിച്ച വി. ശിവൻകുട്ടിയാണ് ക്വോറിയിൽ മാലിന്യം തള്ളുന്നതിനെതിരെ ആദ്യം രംഗത്തെത്തിയവരിലൊരാൾ. ഈ സമരങ്ങളിൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും രംഗത്തുണ്ടെങ്കിലും പിന്നിൽ ഇടതുപക്ഷമാണെന്ന് ആക്ഷേപമുണ്ട്.
അതേസമയം സ൪ക്കാ൪ നടപടി പ്രദേശത്ത് പുതിയ സമരമുഖം തുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്. രണ്ടായി സമരം നയിച്ചിരുന്ന ജനകീയ സമിതിയും സംയുക്ത സമര സമിതിയും ഒന്നിച്ച് സമര രംഗത്തിറങ്ങാൻ ശനിയാഴ്ച തീരുമാനിച്ചു. ഇരുവിഭാഗവും ഒരേസമരപ്പന്തലിൽ ഒത്തുകൂടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
