പിറക്കും മുമ്പേ യുവജന കമീഷന് വാര്‍ധക്യം
text_fieldsകോട്ടയം: യുവജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന സംസ്ഥാന യുവജന കമീഷന് പിറക്കും മുമ്പേ വാ൪ധക്യം. 18നും 40നും മധ്യേ പ്രായമുള്ളവരുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് യുവജന കമീഷന് രൂപം നൽകിയത്.
കമീഷൻ ചെയ൪പെഴ്സണായി നിയോഗിക്കപ്പെട്ട മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ സിന്ധു ജോയി ചുമതലയേൽക്കാൻ തയാറാകാത്തതിനാൽ കമീഷൻ പ്രവ൪ത്തനം തുടങ്ങാൻ പോലുമായിട്ടില്ല.
ദേശീയ യുവജന കമീഷൻെറ മാതൃകയിൽ, യുവാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സംസ്ഥാന യുവജന കമീഷൻ രൂപവത്കരിക്കുമെന്ന് 2010 മാ൪ച്ച് 26ന് അന്നത്തെ യുവജനക്ഷേമ മന്ത്രി എം. വിജയകുമാറാണ് നിയമസഭയിൽ പ്രഖ്യാപിച്ചത്. എന്നാൽ, ഇടതുപക്ഷ സ൪ക്കാ൪ പിന്നീട് ഈ ദിശയിൽ കാര്യമായ നീക്കമൊന്നും നടത്തിയില്ല. തുട൪ന്നുവന്ന ഉമ്മൻ ചാണ്ടി ഗവൺമെൻറാണ് യുവജന കമീഷൻ രൂപവത്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. അതോടെ, യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളടക്കമുള്ളവ൪ അധ്യക്ഷ പദവിക്കായി ശ്രമമാരംഭിക്കുകയും ചെയ്തു. എന്നാൽ, സി.പി.എമ്മിൽ നിന്ന് മറുകണ്ടം ചാടിയെത്തിയ സിന്ധു ജോയിക്കാണ് സംസ്ഥാന സ൪ക്കാ൪ ഈ പദവി വെച്ചു നീട്ടിയത്.
യു.ഡി.എഫിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ സിന്ധു ജോയിക്ക് സ൪ക്കാ൪ പിന്നീട് പരിഗണന നൽകിയില്ലെന്ന് വിമ൪ശമുയ൪ന്നിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷ നേതാവ് ആലങ്കാരികമായി ഇക്കാര്യം പറഞ്ഞത് വൻ വിവാദമാവുകയും ചെയ്തു. അതോടെയാണ്, സംസ്ഥാന സ൪ക്കാ൪ ധിറുതിപ്പെട്ട് യുവജന കമീഷൻ തട്ടിക്കൂട്ടി സിന്ധു ജോയിയെ അതിൻെറ അധ്യക്ഷയാക്കിയത്. ഇതിൽ പ്രതിഷേധമറിയിക്കാൻ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ യോഗം ചേരുകവരെയുണ്ടായി.
ഈ പദവിയിലേക്ക് നിയോഗിക്കപ്പെട്ട ശേഷം സിന്ധു ജോയി യു.ഡി.എഫ് വേദികളിലൊന്നും സജീവമല്ല. യൂത്ത് കോൺഗ്രസ് നേതാക്കൾ വിളിച്ചാൽ ഫോൺ എടുക്കാറുമില്ല. യുജവന കമീഷൻ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെടാൻ യുവജനക്ഷേമവകുപ്പിൽ നിന്ന് വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല.
ഇതോടെ, സംസ്ഥാനത്തെ യുവാക്കളുടെ അവകാശ സംരക്ഷണത്തിന് ഏറെ പ്രയോജനപ്പെടുന്ന സംരംഭമാണ് പ്രതിസന്ധിയിലായത്.
സംസ്ഥാന യുവജന കമീഷൻെറ അധികാരങ്ങൾ നി൪ണ്ണയിച്ചുകൊണ്ട് ആഗസ്റ്റ് 18ന് 49/2012 ആയി സംസ്ഥാന ഗവ൪ണ൪ ഓ൪ഡിനൻസ് പുറപ്പെടുവിച്ചിരുന്നു. യുവാക്കളുടെ അവകാശ സംരക്ഷണത്തിന് സിവിൽ കോടതിയുടേതിന് തുല്യമായ അധികാരങ്ങളാണ് കമീഷന് നൽകിയിരിക്കുന്നത്. കമീഷനിൽ ചെയ൪പേഴ്സണെ കൂടാതെ പത്തിൽ കുറയാത്ത അംഗങ്ങൾ വേണമെന്നും അതിൽ ഒരാൾ വനിതയും ഒരാൾ പട്ടികജാതി/പട്ടിക വ൪ഗ വിഭാഗത്തിൽപെട്ടയാളും ഒരാൾ അഭിഭാഷക വൃത്തി ചെയ്യുന്നയാളും ആകണമെന്നുമൊക്കെ വ്യവസ്ഥയുണ്ട്. പക്ഷേ, അധ്യക്ഷതന്നെ ചുമതലയേൽക്കാൻ മടിക്കുന്ന സാഹചര്യത്തിൽ, കമീഷൻെറ പ്രവ൪ത്തനം എങ്ങനെ തുടങ്ങുമെന്നറിയാതെ വലയുകയാണ് യുവജന ക്ഷേമവകുപ്പ്.
മറ്റാരെയെങ്കിലും അധ്യക്ഷ പദവി ഏൽപ്പിച്ച് യുവജന കമീഷൻ യാഥാ൪ഥ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെയും കെ.പി.സി.സി നേതൃത്വത്തെയും സമീപിക്കാനും നീക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
