ലോകകപ്പ് യോഗ്യതാ റൗണ്ട്: അര്‍ജന്‍റീന കണക്കുതീര്‍ത്തു
text_fieldsബ്വേനസ് എയ്റിസ്: തങ്ങളെ പിന്തള്ളി കോപ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വായിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് തക൪ത്ത് ലയണൽ മെസ്സിയും കൂട്ടരും കണക്കുതീ൪ത്തു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബാളറുടെ നായകത്വത്തിൽ സ്വന്തം തട്ടകമായ മെൻഡോസയിലെ മാൽവിനാസ് സ്റ്റേഡിയത്തിൽ ബൂട്ടണിഞ്ഞിറങ്ങിയ അ൪ജൻറീന തക൪പ്പൻ ജയത്തോടെ തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാറൗണ്ടിൽ ഒന്നാംസ്ഥാനത്തേക്കുയ൪ന്നു. കളംനിറഞ്ഞ മെസ്സി രണ്ടു ഗോളുമായി ദേശീയ ജഴ്സിയിൽ വീണ്ടും പ്രശംസനീയ പ്രകടനം പുറത്തെടുത്തു.
മേഖലയിലെ മത്സരങ്ങൾ പാതിവഴി പിന്നിടുമ്പോൾ എട്ടു കളികളിൽ അ൪ജൻറീനക്ക് 17 പോയൻറുണ്ട്. 16 വീതം പോയൻറുമായി കൊളംബിയയും എക്വഡോറുമാണ് തൊട്ടുപിന്നിൽ. 12 പോയൻറുമായി ഉറുഗ്വായ് നാലാമതാണ്. അത്ലറ്റികോ മഡ്രിഡിൻെറ ഗോളടിവീരൻ റഡാമെൽ ഫാൽകാവോ നേടിയ ഇരട്ടഗോളുകളുടെ മികവിൽ കൊളംബിയ 2-0ത്തിന് പരഗ്വേയെ മറികടന്നപ്പോൾ എക്വഡോ൪ 3-1ന് ചിലിയെ വീഴ്ത്തി. മേഖലയിലെ മറ്റൊരു എട്ടാം റൗണ്ട് മത്സരത്തിൽ ബൊളീവിയയും പെറുവും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ചിലിക്ക് 12ഉം വെനിസ്വേലക്ക് 11ഉം പോയൻറുണ്ട്. പെറുവിന് എട്ടും ബൊളീവിയക്ക് അഞ്ചും പരഗ്വേക്ക് നാലും പോയൻറാണുള്ളത്. ഒമ്പതു ടീമുകൾ മാറ്റുരക്കുന്ന ഗ്രൂപ്പിൽനിന്ന് നാലു ടീമുകൾ 2014ൽ ബ്രസീലിൽ നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.
ഉറുഗ്വായിയോട് പ്രതികാരം ചെയ്യാൻ തന്നെയാണ് തങ്ങൾ കച്ചമുറുക്കുന്നതെന്ന് ഗോളി സെ൪ജിയോ റൊമേരോ അടക്കമുള്ള അ൪ജൻറീനാ താരങ്ങൾ ആദ്യമേ വ്യക്തമാക്കിയ മത്സരത്തിൽ കിക്കോഫ് വിസിൽ മുതൽ ആതിഥേയ൪ മുൻതൂക്കം കാട്ടി. മെസ്സി, സെ൪ജിയോ അഗ്യൂറോ, ഗോൺസാലോ ഹിഗ്വെ്ൻ എന്നിവരെ ആക്രമണനിരയിൽ വിന്യസിച്ച അ൪ജൻറീനക്ക് പക്ഷേ, രണ്ടും കൽപിച്ച് ചെറുത്തുനിന്ന ഉറുഗ്വായ് ഡിഫൻസിനെ ആദ്യ മണിക്കൂറിൽ കീഴ്പെടുത്താൻ കഴിഞ്ഞതേയില്ല. മെസ്സിയും കൂട്ടരും മികച്ച പാസിങ് ഗെയിമുമായി അവസരങ്ങളേറെ സൃഷ്ടിച്ചെടുത്തെങ്കിലും ഫിനിഷിങ്ങിൽ നിരന്തരം പാളി. തക൪പ്പൻ ഡ്രിബ്ളിങ്ങുമായി രണ്ട് എതിരാളികളെ കടന്നുകയറി മെസ്സി തൊടുത്ത ഷോട്ട് പോസ്റ്റിനിടിച്ച് വഴിമാറി. പിന്നാലെ അ൪ജൻറീനാ ക്യാപ്റ്റൻെറ ഗോളെന്നുറച്ച ഫ്രീകിക്ക് പറന്നുവീണ് തട്ടി ഗോളി നെസ്റ്റ൪ മുസ്ലേര ഉറുഗ്വായ് ടീമിൻെറ രക്ഷക്കെത്തി. രണ്ടാം പകുതി തുടങ്ങിയതും എസെക്വീൽ ഗരായ് സുവ൪ണാവസരം തുലച്ചു. മെസ്സിയുടെ ഫ്രീകിക്കിൽ തുറന്ന വലയിൽ പന്തെത്തിക്കാൻ ഗരായ്ക്ക് കഴിഞ്ഞില്ല.
അവസരങ്ങൾ നഷ്ടമാകുന്നത് നിരാശയോടെ കണ്ടുനിന്ന നിറഞ്ഞ ഗാലറിക്ക് ആവേശമേറ്റി 66ാം മിനിറ്റിലാണ് ഉറുഗ്വായ് വലയിൽ പന്തു കയറിയത്. ഇടതുവിങ്ങിൽനിന്ന് ഏയ്ഞ്ചൽ ഡി മരിയ നൽകിയ പാസിൽ ചാടിവീണ മെസ്സി ഗോളി കൈയെത്തിപ്പിടിക്കുംമുമ്പ് പന്തിനെ വലയിലേക്ക് തള്ളുകയായിരുന്നു. 75ാം മിനിറ്റിൽ മെസ്സിയും ഡി മരിയയും ചേ൪ന്ന നീക്കത്തിനൊടുവിൽ അഗ്യൂറോ അനായാസം പന്ത് ലക്ഷ്യത്തിലെത്തിച്ചു. അഞ്ചു മിനിറ്റിനുശേഷം ബോക്സിനു പുറത്തു ലഭിച്ച ഫ്രീകിക്കിനെ നിലംപറ്റെ വലയിലേക്ക് പായിച്ച മെസ്സി രാജ്യത്തിനുവേണ്ടി 30 ഗോളുകൾ തികച്ചു. അവസാന ഘട്ടത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ഹെ൪നാൻ ബ്രാങ്കോ മെസ്സിയുടെ പാസിൽ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിസിൽ മുഴക്കി. ചൊവ്വാഴ്ച ചിലിയുമായാണ് അ൪ജൻറീനയുടെ അടുത്ത മത്സരം.
പരഗ്വേക്കെതിരെ ഗോൾശൂന്യമായ ആദ്യപകുതിക്കുശേഷം 52, 89 മിനിറ്റുകളിലാണ് ഫാൽകോവോ ലക്ഷ്യംകണ്ടത്. ചിലിക്കെതിരെ എക്വഡോറിനുവേണ്ടി ഫെലിപ് കൈസെഡോ രണ്ടു ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
