എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് വെട്ടേറ്റ സംഭവം ഗൂഢാലോചനയെന്ന് സംശയം
text_fieldsശാസ്താംകോട്ട: വ്യാജമദ്യവേട്ടക്ക് പോയ എക്സൈസ് ഇൻസ്പെക്ട൪ ജോസ് പ്രതാപിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അക്രമികളുമായി എക്സൈസിലെയും പൊലീസിലെയും ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്ന സംശയം ബലപ്പെടുന്നു. അക്രമികളുടെ ഒരാഴ്ചത്തെ ടെലിഫോൺ രേഖകൾ പരിശോധിക്കണമെന്ന് കൊല്ലം അസി. എക്സൈസ് കമീഷണ൪ക്ക് ജോസ് പ്രതാപ് റിപ്പോ൪ട്ട് നൽകി. എക്സൈസ് ഇൻസ്പെക്ടറുടെ മൊഴി തിരുത്തി ശാസ്താംകോട്ട പൊലീസ് പ്രഥമവിവര റിപ്പോ൪ട്ടിൽ കൃത്രിമം നടത്തിയെന്ന ആക്ഷേപവും ബലപ്പെടുകയാണ്.
ചൊവ്വാഴ്ച രാത്രി 9.45നാണ് ജോസ് പ്രതാപിനെ മൈനാഗപ്പള്ളി കുമ്പളം കോളനിയിൽ ശേഖരൻ, രഘു എന്നിവ൪ വെട്ടിയത്. മഫ്ത്തിയിൽ വ്യാജമദ്യവേട്ടക്കെത്തിയതായിരുന്നു എക്സൈസ് ഇൻസ്പെക്ടറും ഗാ൪ഡ് ജോ൪ജ് ജോസും. ഇടതു കൈക്ക് ഗുരുതരമായി പരിക്കേറ്റ് എക്സൈസ് ഇൻസ്പെക്ട൪ ചികിത്സയിലാണ്. അക്രമം നടന്ന ദിവസം വൈകുന്നേരം 5.07നും 5.25നും ശേഖരൻ, ജോസ് പ്രതാപിൻെറ മൊബൈൽ ഫോണിൽ വിളിച്ച് ആസിഡ് ബൾബെറിഞ്ഞ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയെ തുട൪ന്ന് ജോസ് പ്രതാപ് ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയ വിവരം ശേഖരൻ ഉടൻ അറിഞ്ഞതായി വ്യക്തമായ സൂചനയുണ്ട്. ഇക്കാര്യം പറഞ്ഞുകൊണ്ടായിരുന്നു ആക്രമണമത്രേ.
പുതിയ എക്സൈസ് ഇൻസ്പെക്ട൪ ചുമതലയേറ്റശേഷം വ്യാജമദ്യ കച്ചവടക്കാ൪ക്കെതിരെ ശക്തമായ നടപടിയെടുത്തുവന്നത് എക്സൈസിലെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു. ഗാ൪ഡുമാ൪ക്ക് ‘ദിനബത്ത’ നൽകി കള്ളുഷാപ്പുകൾ റെയ്ഡിന് കൊണ്ടുപോകുന്ന പരിപാടിയും അവസാനിച്ചു. ഈ സാഹചര്യത്തിലാണ് ഗൂഢാലോചനാസംശയം ബലപ്പെടുന്നത്.
ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെടുന്ന ഉദ്യോഗസ്ഥ൪ക്ക് സ൪ക്കാ൪ എല്ലാ സംരക്ഷണവും ഉറപ്പുനൽകുമ്പോഴാണ് കേസിൻെറ എഫ്.ഐ.ആ൪ അട്ടിമറിക്കാൻ ശാസ്താംകോട്ട പൊലീസ് ശ്രമിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥ൪ നൽകിയ മൊഴിയിൽനിന്ന് വ്യത്യസ്തമായും ദു൪ബലപ്പെടുത്തിയുമാണ് പ്രഥമവിവര റിപ്പോ൪ട്ട് കോടതിയിൽ സമ൪പ്പിച്ചതെന്ന വസ്തുതയും പുറത്തുവരികയാണ്. ഇതുസംബന്ധിച്ച് എ.ഡി.ജി.പി തലത്തിൽ അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
