എക്സൈസ് റെയ്ഡ്: ഒമ്പത് മാസത്തിനിടെ 934 കേസ്
text_fieldsമലപ്പുറം: എക്സൈസ് വകുപ്പ് റെയ്ഡുകൾ ഊ൪ജിതമാക്കിയതോടെ ജനുവരി മുതൽ ഒക്ടോബ൪ ഒമ്പത് വരെ ജില്ലയിൽ രജിസ്റ്റ൪ ചെയ്തത് 934 കേസുകൾ. ഇതിൽ 864 അബ്കാരി കേസുകളും 70 എണ്ണം നാ൪ക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക്സ് സബ്സ്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ്) പ്രകാരമുള്ള കേസുകളുമാണ്. വ്യാജമദ്യ വ്യാപനം പരിധിവരെ തടയാൻ കഴിഞ്ഞതായി കലക്ടറേറ്റിൽ ചേ൪ന്ന വ്യാജമദ്യ നി൪മാ൪ജന ജനകീയ സമിതി യോഗം വിലയിരുത്തി.
പരപ്പനങ്ങാടി മണ്ണട്ടാംപാടം, പെരുവള്ളൂ൪, മാനിപ്പാടം, മൂന്നിയൂ൪, വഴിക്കടവ്, വെള്ളക്കെട്ട, പുത്തരിപ്പാടം, കാരക്കോട് എന്നിവിടങ്ങളിൽ വ്യാജ വാറ്റ് നടക്കുന്നതായി ജനകീയ സമിതി അംഗങ്ങൾ അറിയിച്ചു. വകുപ്പ് നടത്താൻ പോകുന്ന റെയ്ഡിൻെറ വിവരങ്ങൾ ചോരുന്നതായി അംഗങ്ങൾ കുറ്റപ്പെടുത്തി.
എൻഫോഴ്സ്മെൻറ് പ്രവ൪ത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് 16 മുതൽ ഒക്ടോബ൪ ഒമ്പത് വരെ 1114 റെയ്ഡുകൾ നടന്നു. 194 അബ്കാരി കേസും 14 എൻ.ഡി.പി.എസ് കേസും രജിസ്റ്റ൪ ചെയ്തു. 200 പേരെ അറസ്റ്റ് ചെയ്തു. 25 ലിറ്റ൪ സ്പിരിറ്റ്, 55.400 ലിറ്റ൪ ചാരായം, 736.020 ലിറ്റ൪ ഇന്ത്യൻ നി൪മിത വിദേശമദ്യം, 61.050 ലിറ്റ൪ ബിയ൪, 37.5 ലിറ്റ൪ കള്ള്, 3880 ഗ്രാം കഞ്ചാവ്, 2295 ലിറ്റ൪ വാഷ് എന്നിവയും പിടിച്ചെടുത്തു.
കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ഒരു മോട്ടോ൪ സൈക്കിൾ, ഓട്ടോറിക്ഷ, കാ൪ എന്നിവയും മദ്യക്കടത്തുമായി ബന്ധപ്പെട്ട് അഞ്ച് മോട്ടോ൪ സൈക്കിളും രണ്ട് ഓട്ടോറിക്ഷയും പിടിച്ചെടുത്തു. വിദേശമദ്യ ഷാപ്പുകളും വൈദ്യശാലകളും കള്ളുഷാപ്പുകളും പരിശോധിച്ച് കള്ളിൻെറ 124 ഉം വിദേശമദ്യത്തിൻെറ 63 ഉം അരിഷ്ടത്തിൻെറ ഒന്നും സാമ്പിളെടുത്ത് പരിശോധിച്ചതായി എക്സൈസ് അധികൃത൪ അറിയിച്ചു.
യോഗത്തിൽ എ.ഡി.എം എൻ.കെ. ആൻറണി അധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമീഷണ൪ ജെ. ശശിധരൻപിള്ള, അസി. എക്സൈസ് കമീഷണ൪ പി. ജയരാജൻ, വിവിധ റെയ്ഞ്ചിലെ ഉദ്യോഗസ്ഥ൪, ജനകീയ സമിതി അംഗങ്ങൾ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
