തന്നെ വിറ്റത് ഒമ്പതിനായിരം ദിര്‍ഹമിനെന്ന് പ്രസന്ന
text_fieldsമസ്കത്ത്: യു.എ.ഇ വഴി ഒമാനിലേക്ക് വീട്ടുജോലിക്കായി ഏജൻറുമാ൪ വിൽപന നടത്തിയ മലയാളി വനിതകളിൽ ഒരാൾ രക്ഷപ്പെട്ട് മസ്കത്ത് ഇന്ത്യൻ എംബസിയിൽ അഭയം തേടി. തയ്യൽ ജോലിക്കെന്ന പേരിൽ ഏജൻറുമാ൪ യു.എ.ഇയിലെത്തിച്ച തിരുവല്ല സ്വദേശിനി പ്രസന്നയാണ് സാമൂഹിക പ്രവ൪ത്തകരുടെ സഹായത്തോടെ രക്ഷപ്പെട്ട് എംബസിയിലെത്തിയത്. വീട്ടുജോലി ചെയ്യാൻ വിസമ്മതിച്ച തന്നെ അൽഐനിൽ എത്തിച്ച ശേഷം ഒമ്പതിനായിരം യു.എ.ഇ ദി൪ഹമിനാണ് നിസ്വയിലുള്ള ഒമാനിക്ക് ഏജൻറുമാ൪ വിറ്റതെന്ന് പ്രസന്ന ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ അഷ്റഫ് എന്ന ഏജൻറാണ് തയ്യൽ ജോലി വാഗ്ദാനം ചെയ്ത് 60,000 രൂപ വീതം കൈപറ്റി പ്രസന്നയടക്കം അഞ്ച് വനിതകളെ യു.എ.ഇയിലേക്ക് വിട്ടത്. തിരുവല്ല സ്വദേശികളായ ലത, സുജാത, സൂസൻ, മറ്റൊരു സുജാത എന്നിവരും തന്നോടൊപ്പം യു.എ.ഇയിലേക്ക് വന്നിരുന്നതായി പ്രസന്ന വ്യക്തമാക്കി. നഴ്സിങ് യോഗ്യതയുള്ള ലത ഇപ്പോൾ ഒമാനിലെ മുസന്നയിലുണ്ടെന്നാണ് പ്രസന്നക്ക് അവസാനമായി കിട്ടിയ വിവരം. നഴ്സിൻെറ ജോലി മോഹിച്ചെത്തിയ അവരും ഇപ്പോൾ ഒമാനി ഭവനത്തിൽ വീട്ടുജോലി ചെയ്യുകയാണ്. ലത, സൂസൻ, പ്രസന്ന എന്നിവരെയാണ് ഒമാനിലേക്ക് വിറ്റത്. ഇവരിൽ സൂസൻ വീണ് കൈയൊടിഞ്ഞതിനെ തുട൪ന്ന് നാട്ടിലേക്ക് പോയെന്നാണ് സൂചന. സുജാതമാരിൽ ഒരാൾ അബൂദബിയിൽ വീട്ടുജോലി ചെയ്യുന്നതായും വിവരമുണ്ടെന്ന് പ്രസന്ന വെളിപ്പെടുത്തി.
കഴിഞ്ഞ ജൂൺ 26ന് ദുബൈയിലെത്തിച്ച തങ്ങളെ യു.എ.ഇയിലെ അജ്മാൻ, അൽഐൻ എന്നിവിടങ്ങളിലുള്ള ഏജൻസിയുടെ കേന്ദ്രങ്ങളിൽ താമസിപ്പിച്ചിരുന്നു. വിവിധ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുവന്ന വിവിധ നാട്ടുകാരായ സ്ത്രീകളെ കൂട്ടത്തോടെ താമസിപ്പിച്ചിരുന്ന കേന്ദ്രങ്ങളായിരുന്നു ഓരോന്നും. ഒരു ശ്രീലങ്കൻ വനിതയുടെ മേൽനോട്ടത്തിലായിരുന്നു അജ്മാനിലെ കേന്ദ്രം പ്രവ൪ത്തിച്ചിരുന്നത്. വീട്ടുജോലിക്കല്ല തങ്ങൾ വന്നതെന്നും തങ്ങൾക്ക് വാഗ്ദാനം ചെയ്ത തൊഴിൽ നൽകണമെന്നും ആവശ്യപ്പെട്ടപ്പോൾ കടുത്ത മ൪ദനം ഏൽക്കേണ്ടി വന്നുവെന്നും പ്രസന്ന പറഞ്ഞു. കേന്ദ്രങ്ങളിൽ വെച്ച് പല കരാറുകളും ഇവ൪ ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിച്ചിരുന്നു. വിസ ലഭിച്ചപ്പോഴാണ് തങ്ങൾ യു.എ.ഇയിലെത്തിയത് വിട്ടുജോലിക്കാരായാണെന്ന് തിരിച്ചറിഞ്ഞതെന്നും കുവൈത്തിൽ നേരത്തേ തയ്യൽ രംഗത്ത് പ്രവ൪ത്തിച്ചിരുന്ന പ്രസന്ന പറയുന്നു.
നട്ടെല്ലിന് പരിക്കേറ്റ് ശയ്യാവലംബിയായി കഴിയുന്ന ഭ൪ത്താവ് സുരേഷിനെ പോറ്റാനും 18 വയസുകാരി മകളുടെ വിദ്യാഭ്യാസത്തിനും വേണ്ടിയതാണ് ഇവ൪ ഗൾഫിലേക്ക് തൊഴിൽതേടി പുറപ്പെട്ടത്. തന്നെ പണം കൊടുത്ത് വാങ്ങിയ ഒമാനി ഇതുവരെ ശമ്പളം നൽകിയിട്ടില്ലെന്ന് ഇവ൪ വ്യക്തമാക്കി. ഫോൺ വിളിക്കാൻ പോലും അനുവാദമില്ലായിരുന്നു. ഒടുവിൽ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മൊബൈൽ ഫോൺ നൽകിയത്. മൂത്രത്തിൽ പഴുപ്പ് അനുഭവപ്പെടുന്ന തന്നെ ഡോക്ടറെ കാണിക്കാൻ പോലും അവ൪ തയാറായിരുന്നില്ലെന്നും പ്രസന്ന പറഞ്ഞു.
പ്രസന്നയുടെ ബന്ധു കെ.എസ്. ജിതേഷ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നൽകിയ പരാതിയിലൂടെയാണ് ഇന്ത്യൻ വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് ക൪ശന മാനദണ്ഡങ്ങൾ പാലിക്കേണ്ട ഒമാനിലേക്ക് യു.എ.ഇ വഴി മനുഷ്യകടത്ത് നടക്കുന്നുവെന്ന വിവരം പുറത്തുവന്നത്. കേരളത്തിൽ നിന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ ഒ.ഐ.സി.സി. പ്രവ൪ത്തകരാണ് പ്രസന്ന നിസ്വയിൽ എവിടെയാണെന്ന് കണ്ടെത്തിയത്. നിസ്വയിലെ യൂത്ത് ഇന്ത്യാ പ്രവ൪ത്തക൪ ഇവ൪ക്ക് നിസ്വയിൽ നിന്ന് 180 കിലോമീറ്റ൪ അകലെയുള്ള എംബസിയിലെത്താനും വഴിയുമൊരുക്കി. പ്രസന്ന ഇപ്പോൾ എംബസിയുടെ സുരക്ഷിത കേന്ദ്രത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
