Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകേരളത്തില്‍ റോഡുകളും...

കേരളത്തില്‍ റോഡുകളും പാലങ്ങളും പ്രവാസികള്‍ പണിയട്ടെ -സി.ആര്‍. നീലകണ്ഠന്‍

text_fields
bookmark_border
കേരളത്തില്‍ റോഡുകളും പാലങ്ങളും പ്രവാസികള്‍ പണിയട്ടെ -സി.ആര്‍. നീലകണ്ഠന്‍
cancel

മനാമ: ‘കേരളത്തിലെ വികസന പ്രവ൪ത്തനങ്ങൾ കുത്തക കമ്പനികൾക്കും സ്വകാര്യ മുതലാളിമാ൪ക്കും തീറെഴുതി നൽകുന്നതിന് പകരം പ്രവാസി മലയാളികളെ ഏൽപിക്കൂ. റോഡുകളും പാലങ്ങളും അവ൪ പണിയട്ടെ. ബി.ഒ.ടിയിലാണെങ്കിലും അതിൻെറ ലാഭം അവ൪ക്ക് കിട്ടട്ടെ. എന്നാൽ, ഒരാളും എതി൪പ്പുമായി രംഗത്തു വരില്ല’ -പറയുന്നത് കേരളത്തിലെ പരിസ്ഥിതി സമരങ്ങൾക്ക് നായകത്വം വഹിക്കുന്ന സി.ആ൪. നീലകണ്ഠൻ. അങ്ങനെ സ൪ക്കാ൪ പ്രവ൪ത്തിക്കില്ല. കാരണം അവ൪ക്ക് ആവശ്യം വികസനമല്ല. ഇതിൻെറ പേരിൽ നടക്കുന്ന അഴിമതിയും കൊള്ളലാഭവുമാണ്. മുമ്പ് എ.ഡി.ബി വായ്പ വാങ്ങാൻ തീരുമാനിച്ചപ്പോൾ പ്രവാസികൾ പറഞ്ഞിരുന്നു, 1000 കോടി ഞങ്ങൾ തരാം. അതിൻെറ ലാഭം ഞങ്ങൾക്ക് തന്നാൽ മതിയെന്ന്. എന്നാൽ, അത് സ൪ക്കാ൪ മുഖവിലക്കെടുത്തില്ല. കാരണം എ.ഡി.ബി വായ്പ നൽകുന്നത് വികസന പ്രവ൪ത്തനങ്ങൾക്ക് വേണ്ടിയല്ല. ആധുനികവത്കരണം എന്ന പേരിൽ നൽകുന്ന പണം എന്താണ് ചെയ്യുന്നതെന്ന് പിന്നീട് നമ്മൾ കണ്ടു. പ്രവാസികളുടെ പണം വാങ്ങിയാൽ അതെന്തു ചെയ്തെന്ന് മറുപടി പറയാൻ സ൪ക്കാ൪ ബാധ്യസ്ഥരാണ്. എ.ഡി.ബിയോടാകുമ്പോൾ അത് വേണ്ടല്ലോ. എത്ര കോടികളാണ് എ.ഡി.ബിയിൽനിന്ന് വായ്പയെടുത്ത് നഗര വികസനമെന്ന പേരിൽ മുക്കിക്കളയുന്നത്.
ഇതാണ് കേരളത്തിൻെറ വികസന പ്രതിസന്ധിക്ക് കാരണം. വികസനത്തിലുള്ള ആത്മാ൪ഥതയല്ല, പലരുടെയും സ്വകാര്യ താൽപര്യങ്ങളാണ് വികസന പദ്ധതികളെന്ന പേരിൽ ഏകപക്ഷീയമായി നടപക്കാൻ ശ്രമിക്കുന്നത്. ഇതിനെയാണ് പരിസ്ഥിതി പ്രവ൪ത്തക൪ എതി൪ക്കുന്നത് -വിവിധ പരിപാടികളിൽ സംബന്ധിക്കാൻ ബഹ്റൈനിൽ എത്തിയ സി.ആ൪. നീലകണ്ഠൻ ‘ഗ൪ഫ് മാധ്യമ’ത്തോട് പറഞ്ഞു.
വ്യക്തമായ കാഴ്ചപ്പാടോടെ സുതാര്യമായി വികസന പദ്ധതികൾ അവതരിപ്പിച്ചാൽ എത്ര കോടി വേണമെങ്കിലും നിക്ഷേപിക്കാൻ പ്രവാസികൾ തയ്യാറാണെന്നാണ് എൻെറ അറിവ്. വിരലിലെണ്ണാവുന്ന പ്രവാസി മുതലാളിമാരല്ല, പ്രവാസികളിൽതന്നെയുള്ള മധ്യവ൪ഗത്തെയും സാധാരണക്കാരെയും പങ്കാളികളാക്കുന്ന വികസന പദ്ധതികൾ വിജയം കാണുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ചില വ്യക്തികൾക്ക് മാത്രമായി പൊതുമുതൽ തീറെഴുതിക്കൊടുത്ത് അവ൪ക്ക് ലാഭം കൊയ്യാനുള്ള ഏ൪പ്പാടായി മാറുന്നതാണ് പ്രശ്നം. ഇതാണ് എതി൪ക്കപ്പെടുന്നത്. അതുകൊണ്ട് സ്വകാര്യ കമ്പനിയെ ഏൽപിക്കാൻ പോകുന്ന മണ്ണുത്തി-ഇടപ്പള്ളി ബി.ഒ.ടി പാതയുടെ നി൪മാണ പദ്ധതതി പ്രവാസികൾ സ൪ക്കാരിന് സമ൪പിക്കട്ടെ. സ്വകാര്യ കമ്പനി പിരിക്കുന്നതിൻെറ പകുതി ടോൾ പിരിച്ചെടുത്താലും ലാഭം ഉറപ്പാണ്. മാത്രവുമല്ല, പൊതു യാത്രാ വാഹനങ്ങളെ ചുങ്കം പിരിവിൽനിന്ന് ഒഴിവാക്കുകയും ചെയ്യാം. ഇത്തരം സംരംഭങ്ങളെ ഒരു കേരളീയനും എതി൪ക്കില്ല. അങ്ങനെയൊരു രാഷ്ട്രീയ ഇടപെടൽ നടത്താൻ പ്രവാസികൾ തയ്യാറാകണം. കേരളത്തിന് മറ്റൊരു ഭീഷണിയായ മാലിന്യ സംസ്കരണവും ഇങ്ങനെ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞേക്കും -സി.ആ൪ വ്യക്തമാക്കി.
കേരളത്തിൻെറ വികസന പരിമിതിയെന്ന് പറയുന്നത് മൂലധനത്തിൻെറ അഭാവമല്ല. മൂലധനമുണ്ടാക്കാൻ ഒരു പ്രയാസവുമില്ല. പ്രകൃതി വിഭവങ്ങളാണ് നമ്മുടെ പരിമിതി. തോട്ടങ്ങൾ ടൂറിസത്തിന് എഴുതിക്കൊടുത്തും തണ്ണീ൪ തടങ്ങൾ മണ്ണിട്ട് നികത്താൻ അനുമതി നൽകിയുമാണ് എമ൪ജിങ് കേരളക്ക് വഴിയൊരുക്കിയതെന്ന് ഓ൪ക്കണം. പ്രകൃതി വിഭവങ്ങൾ വികസനത്തിനുവേണ്ട അസംസ്കൃത വസ്തുക്കളായി മാറുകയാണിവിടെ. ‘പ്രകൃതി വിഭവങ്ങൾ വിൽപനക്കു വെച്ചിരിക്കുന്നു. ആ൪ക്കും മുതൽ മുടക്കാം’ എന്ന മുദ്രാവാക്യവുമായാണ് വികസന മാമാങ്കം നടത്തിയത്. എമ൪ജിങ് കേരളയിലെ ഓരോ പദ്ധതിയും എടുത്ത് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സൗജന്യ കുടിവെള്ള, ആരോഗ്യ പദ്ധതിയൊന്നും അതിലില്ല. ‘ജിമ്മി’ൽ കുറച്ച് തൊഴിലവസരങ്ങളെങ്കിലും വിഭാവനം ചെയ്തിരുന്നു. എമ൪ജിങ് കേരളയിലെത്തിയപ്പോൾ അതുമില്ല. സ൪ക്കാ൪ ഭൂമി അലിഗഡ് സ൪വകലാശാല പോലെ, അല്ലെങ്കിൽ മറ്റെന്തെങ്കിലും പൊതു സംരംഭങ്ങൾക്ക് കൊടുക്കുന്നതിന് ആരും എതിരല്ല. സ്വകാര്യ വ്യക്തികൾക്ക് പതിച്ചുകൊടുക്കുന്നതാണ് പ്രശ്നം.
കൂടങ്കുളം ആണവ നിലയ വിഷയത്തിൽ സി.പി.എമ്മിൻെറ നിലപാടിൽ വൈരുധ്യം പ്രകടമാണ്. ആണവ കരാറിനെ എതി൪ത്ത കേന്ദ്ര കമ്മിറ്റി കൂടങ്കുളം വിഷയത്തിൽ ജനപക്ഷത്തു നിൽക്കാത്തത് ആശ്ചര്യകരം തന്നെ. പരിസ്ഥിതി വിഷയത്തിൽ സി.പി.എമ്മിനകത്ത് മുമ്പും സംവാദമുണ്ടായിട്ടുണ്ട്. സൈലൻറ്വാലി വിഷയത്തിൽ ബാലാനന്ദനും പി. ഗോവിന്ദപിള്ളയും രണ്ട് പക്ഷത്തായിരുന്നു. അവസാനം സംവാദം തമ്മിലടിയാകാൻ പാടില്ലെന്ന് പറഞ്ഞ് ഇ.എം.എസ് ഇടപെടുകയായിരുന്നു. അതുപോലെ ഇക്കാര്യത്തിലും വി.എസ്. അച്യുതാനന്ദൻ ഉയ൪ത്തിയ നിലപാട് പാ൪ട്ടി ച൪ച്ച ചെയ്ത് ജനപക്ഷത്ത് നിലകൊള്ളാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം. ആണവ നിലയത്തിനു വേണ്ടി മുതൽ മുടക്കിയ കോടികൾ നഷ്ടമാകില്ലേ എന്നൊക്കെ ന്യായീകരണം പറയുന്നത് മുതലാളിത്ത വീക്ഷണമാണ്. ഇന്ത്യയിൽ അഴിമതിയുടെ പേരിൽ ലക്ഷക്കണക്കിന് കോടികളാണ് നഷ്ടപ്പെടുന്നത്.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഒരു പദ്ധതി ഉപേക്ഷിക്കുമ്പോൾ പണം ലാപ്സാകുന്നത് പക്ഷേ, നഷ്ടമായി കാണാനാകില്ല. നിലയത്തിൽനിന്ന് ഒരു അപകടമുണ്ടായാൽ എത്ര കോടിയാണ് നഷ്ടപ്പെടുകയെന്നും ചിന്തിക്കണം. വികസിത രാജ്യങ്ങളെല്ലാം ആണവ നിലയങ്ങൾ അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന വസ്തുതയും കാണാതിരുന്നുകൂടാ.
പരിസ്ഥിതി പ്രവ൪ത്തകരെ അടച്ചാക്ഷേപിക്കുകയും വികസന വിരോധികളാക്കി മുദ്രകുത്തുകയും ചെയ്യുന്ന സമീപനത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. കോൺഗ്രസിനകത്ത് പോലും ഹരിത വാദം ഉയ൪ന്നിരിക്കുന്നത് ഇതിൻെറ പശ്ചാതലത്തിലാണ് നോക്കിക്കാണേണ്ടത്. എക്സ്പ്രസ്വേയെന്ന് പറയാൻ മന്ത്രി എം.കെ. മുനീറും കരിമണൽ എന്നു പറയാൻ മന്ത്രി കുഞ്ഞാലിക്കുട്ടിയും ഭയപ്പെടുന്നുണ്ടെങ്കിൽ അത് പരിസ്ഥിതി പ്രവ൪ത്തനങ്ങളുടെ സ്വാധീനം കൊണ്ടുതന്നെയാണ്.
വി.എസിനും സുധീരനുമെല്ലാം കേരളത്തിൻെറ പൊതു ഇടങ്ങളിൽ ലഭിക്കുന്ന സ്വീകാര്യതക്കു പിന്നിലും അവരുടെ നിലപാടുകളാണെന്ന് വ്യക്തമാണ് -സി.ആ൪ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story