തലസ്ഥാനത്തെ മാലിന്യ നീക്കം; കല്ലടിച്ചവിളയില്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മാലിന്യം പ്രശ്നം പരിഹരിക്കുന്നതിന് സ൪ക്കാ൪ കണ്ടെത്തിയ പരിഹാരത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. നിരോധാജ്ഞ മറികടന്ന് കല്ലടിച്ചവിളയിൽ പാറമടയിലേക്കുള്ള വഴി ഉപരോധിച്ച് സ്ഥല പരിശോധനക്കെത്തിയ നഗരസഭാ സംഘത്തെ ജനങ്ങൾ തടഞ്ഞു. വൻ പൊലീസ് സംഘം ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്.
പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മാലിന്യം ക്വാറികൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്ന പ്രവൃത്തി ഇന്ന് ആരംഭിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനായി പല ഇടങ്ങളിൽ പാറമടകൾ കണ്ടെത്തിയിരുന്നു. എന്തുവന്നാലും മാലിന്യ നീക്കം നടത്തുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.
എന്നാൽ, ശാസ്ത്രീയമായ പഠനം കൂടാതെ നടത്താനൊരുങ്ങുന്ന മാലിന്യ നീക്കത്തിനെതിരെ ഇവിടെയുള്ള ജനങ്ങൾ സംഘടിച്ചു കഴിഞ്ഞു. ചെങ്കോട്ടുകോണത്ത് കുട്ടികളും സ്ത്രീകളും അടക്കമുള്ളവ൪ രാവിലെ തന്നെ അണിനിരന്നിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നത് എന്തുവിലകൊടുത്തും തടയുമെന്നും പാറമടകളുടെ പാരിസ്ഥിതിക പ്രത്യേകതകൾ മനസ്സിലാക്കാതെയാണ് മാലിന്യം തള്ളാനൊരുങ്ങുന്നതെന്നും നാട്ടുകാ൪ പറഞ്ഞു. പല പാറമടകളിലും നിലവിൽ വെള്ളമുണ്ട്. ഇതു കുടിയ്ക്കാനടക്കമുള്ള ആവശ്യങ്ങൾക്ക് പരിസരവാസികൾ ഉപയോഗിക്കുന്നുണ്ട്. പാറയിടുക്കിൽകൂടി ഊ൪ന്നിറങ്ങുന്ന വെള്ളം പരിസര പ്രദേശങ്ങളിൽ എത്തുന്നുമുണ്ട്.
വെള്ളം വറ്റിച്ച് അടിയിൽ പ്ളാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടാണ് മാലിന്യ നിക്ഷേപമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം തങ്ങളെ ഇതുവരെ അറിയിച്ചില്ലെന്ന് നാട്ടുകാ൪ ആരോപിക്കുന്നു.
നേരത്തെ വിളപ്പിൽശാലയിൽ ആയിരുന്നു നഗര മാലിന്യം തള്ളിയത്. എന്നാൽ, ഒരുവിധ സംസ്കരണത്തിനും വിധേയമക്കാതെ ടൺകണക്കിന് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ജനകീയ സമരം ശക്തമായതിനെ തുട൪ന്ന് മാലിന്യനീക്കം തടസ്സപ്പെട്ടു. മാലിന്യം കെട്ടികിടന്ന് നഗരത്തിൽ പലയിടങ്ങളിലും കോളറ അടക്കമുള്ള പക൪ച്ചവ്യാധികൾ പട൪ന്നു. വിളപ്പിൽ ശാലയിലേക്ക് മാലിന്യം നീക്കാത്ത സ൪ക്കാ൪ നടപടിയിൽ ഹൈകോടതി സ൪ക്കാറിനെതിരെ രൂക്ഷ വിമ൪ശമെയ്തിരുന്നു. ഇതെതുട൪ന്നാണ് ക്വാറികളിലേക്ക് മാലിന്യം നീക്കി മുഖം രക്ഷിക്കാൻ നഗരസഭ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
