ഓള്‍ റൗണ്ടര്‍ മഹ്മൂദ്; ഓക്ലാന്‍ഡ് ഇന്‍
text_fieldsസെഞ്ചൂറിയൻ (ദക്ഷിണാഫ്രിക്ക): അസ്ഹ൪ മഹ്മൂദിൻെറ ഓൾ റൗണ്ട് മികവിൽ ഓക്ലാൻഡ് ചാമ്പ്യൻസ് ലീഗ് ട്വൻറി 20 ടൂ൪ണമെൻറിൻെറ ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത നേടി. ബുധനാഴ്ച നടന്ന പൂൾ ഒന്നിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഹാംപ്ഷെയറിനെയാണ് കിവീസ് ടീം വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹാംപ്ഷെയ൪ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തു. മറുപടിയിൽ 14.3 ഓവറിൽ രണ്ട് വിക്കറ്റിന് ഓക്ലാൻഡ് 123 റൺസ് നേടി. അഞ്ച് വിക്കറ്റെടുത്ത് ബൗളിങ്ങിൽ മിന്നിയ അസ്ഹ൪ 55 റൺസുമായി പുറത്താവാതെ നിന്ന് കളിയിലെ കേമനായി.
ഇംഗ്ളീഷ് ടീമായ ഹാംപ്ഷെയറിനെ അസ്ഹറിൻെറ നേതൃത്വത്തിലുള്ള ബൗള൪മാ൪ തുടക്കം മുതൽ വരിഞ്ഞുമുറുക്കി. പാകിസ്താൻ ഓൾ റൗണ്ട൪ ശാഹിദ് അഫ്രീദി അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങിയപ്പോൾ അവ൪ മൂന്നിന് 28 എന്ന നിലയിൽ തക൪ന്നു. 65 പന്തിൽ 65 റൺസെടുത്ത മൈക്കൽ കാ൪ബെറിയുടെ പ്രകടനമാണ് ടീമിനെ 121ലെത്തിച്ചത്. മുൻ പാക് താരമായ അസ്ഹ൪ അഞ്ചുപേരെ പുറത്താക്കിയത് നാല് ഓവറിൽ 24 റൺസ് വഴങ്ങിയാണ്. ന്യൂസിലൻഡ് ബൗള൪ റോണീ ഹിറക്ക് രണ്ട് ഇരകളെ കിട്ടി. മറുപടിയിൽ ഓപണറും കിവി താരവുമായ മാ൪ട്ടിൻ ഗുപ്റ്റിൽ 38 റൺസെടുത്ത് അഫ്രീദിക്ക് വിക്കറ്റ് സമ്മാനിച്ചു. ഓപണ൪ ലൂ വിൻസെൻറും (19) പുറത്തായി. അനാരു കിച്ചൻ (ആറ്)-അസ്ഹ൪ കൂട്ടുകെട്ടാണ് വിജയ റൺ നേടിയത്. 31 പന്തിൽ അഞ്ച് ഫോറും നാല് സിക്സുമടങ്ങുന്നതായിരുന്നു അസ്ഹറിൻെറ ഇന്നിങ്സ്.
ചൊവ്വാഴ്ച നടന്ന ആദ്യ കളിയിൽ പാക് ടീമായ സിയാൽകോട്ട് സ്റ്റാലിയൻസിനെതിരെ ആറ് വിക്കറ്റ് ജയമാണ് ഓക്ലാൻഡ് ആഘോഷിച്ചത്. ടോസ് നേടി ബാറ്റ് ചെയ്ത സ്റ്റാലിയൻസ് 20 ഓവറിൽ ഒമ്പതിന് 130 റൺസെടുത്തു. 17.1 ഓവറിൽ നാലിന് 136 റൺസുമായി ഓക്ലാൻഡ് തിരിച്ചടിച്ചു. ടീം യോഗ്യത നേടിയതോടെ സ്റ്റാലിയൻസും ഹാംപ്ഷെയറും പുറത്തായി. ഇരുകൂട്ടരും തമ്മിലുള്ള അപ്രസക്തമായ മത്സരം വ്യാഴാഴ്ച നടക്കും. ഇതാദ്യമായാണ് ഒരു പാക് ടീമിന് ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ അവസരം ലഭിച്ചത്. ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
