സോഷ്യലിസ്റ്റ് ജനത സംസ്ഥാന സമ്മേളനത്തിന് കൊടിയേറി
text_fieldsകോഴിക്കോട്: സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സമ്പൂ൪ണ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് കൊടിയേറി. മൂന്നുദിവസത്തെ സമ്മേളനത്തിന് തുടക്കംകുറിച്ച് കടപ്പുറത്തെ ജെ.പി നഗറിൽ സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാ൪ പതാക ഉയ൪ത്തി.
ചാരുപാറ രവിയുടെ നേതൃത്വത്തിൽ കായംകുളത്തെ പി.എ. ഹാരിസിൻെറ ഖബറിടത്തിൽനിന്നുവന്ന പതാകജാഥയും വി. കുഞ്ഞാലിയുടെ നേതൃത്വത്തിൽ ചോമ്പാലയിലെ കെ. കുഞ്ഞിരാമക്കുറുപ്പ് സ്മൃതിമണ്ഡപത്തിൽനിന്നുവന്ന കൊടിമരജാഥയും അഡ്വ. തോമസ് ബാബുവിൻെറ നേതൃത്വത്തിൽ പാനൂരിലെ പി.ആ൪. കുറുപ്പ് സ്മൃതിമണ്ഡപത്തിൽനിന്നുവന്ന ദീപശിഖാ ജാഥയും അഡ്വ. തോമസ് ബാബുവിൻെറ നേതൃത്വത്തിൽ നടക്കാവിലെ അരങ്ങിൽ സ്മൃതിമണ്ഡപത്തിൽനിന്നുവന്ന അരങ്ങിൽ ശ്രീധരൻ ഛായാപട ജാഥയും എം.കെ. പ്രേംനാഥിൻെറ നേതൃത്വത്തിൽ കാസ൪കോട് കുമ്പളയിൽനിന്നുവന്ന ജെ.പി, ലോഹ്യ, ചന്ദ്രശേഖ൪ എന്നിവരുടെ ഛായാപടങ്ങളും ബുധനാഴ്ച വൈകീട്ട് കടപ്പുറത്ത് എത്തിയശേഷമായിരുന്നു പതാക ഉയ൪ത്തൽ. പാ൪ട്ടി നേതാക്കളായ എം.വി. ശ്രേയാംസ്കുമാ൪ എം.എൽ.എ, ഡോ. വ൪ഗീസ് ജോ൪ജ്, എം.കെ. പ്രേംനാഥ്, ഷെയ്ക്ക് പി. ഹാരിസ്, കെ. കൃഷ്ണൻകുട്ടി, അഡ്വ. തോമസ് ബാബു, മനയത്ത് ചന്ദ്രൻ, പി. കിഷൻചന്ദ്, സലീം മടവൂ൪, വി. കുഞ്ഞാലി തുടങ്ങിയവ൪ സംബന്ധിച്ചു.
തുട൪ന്ന് നടന്ന ചടങ്ങിൽ ഖു൪ബാൻ അലി രചിച്ച് എസ്.ജെ.ഡി മേപ്പയൂ൪ വിദ്യാഭ്യാസ സെൽ പരിഭാഷപ്പെടുത്തിയ ‘അനുസ്മരണം’ എം.പി. വീരേന്ദ്രകുമാ൪ പാ൪ട്ടി സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. വ൪ഗീസ് ജോ൪ജിന് നൽകി പ്രകാശനം ചെയ്തു. മനുഷ്യാവകാശ പ്രവ൪ത്തനങ്ങളിൽ മുന്നിൽനിന്ന പാരമ്പര്യമാണ് സോഷ്യലിസ്റ്റുകൾക്കുള്ളതെന്നും സോഷ്യലിസ്റ്റുകളുടെ ചരിത്രം തുടങ്ങുന്നത് സ്വാതന്ത്ര്യസമരകാലത്താണെന്നും വീരേന്ദ്രകുമാ൪ പറഞ്ഞു. എ. ബാലകൃഷ്ണൻ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് മനയത്ത് ചന്ദ്രൻ സംസാരിച്ചു. വിജയൻ മാസ്റ്റ൪ സ്വാഗതവും വി.ബി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ജാഫ൪ഖാൻ ഗ്രൗണ്ടിൽ എം.പി. വീരേന്ദ്രകുമാ൪ ഗാ൪ഡ് ഓഫ് ഓണ൪ സ്വീകരിക്കുന്നതോടെ വളൻറിയ൪ മാ൪ച്ച് ആരംഭിക്കും. വൈകീട്ട് മൂന്നിന് സ്വപ്നനഗരിക്കടുത്തുനിന്ന് ആരംഭിക്കുന്ന ബഹുജന റാലി കടപ്പുറത്തെത്തുന്നതോടെ പൊതുസമ്മേളനം തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
