കേന്ദ്രമന്ത്രി അഴഗിരിയുടെ മകനെ തേടി തമിഴ്നാട് പൊലീസ് കേരളത്തില്‍
text_fieldsകോയമ്പത്തൂ൪: അനധികൃത ഗ്രാനേറ്റ് ക്വാറി കേസിലെ പ്രതിയും കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകനുമായ ദുരൈ ദയാനിധിയെ തേടി തമിഴ്നാട് പൊലീസ് കേരളത്തിലേക്ക് തിരിച്ചു. ദുരൈ ദയാനിധിയെ ആയു൪വേദ ചികിത്സാ കേന്ദ്രത്തിൽ കണ്ടെന്ന വിവരത്തിൻെറ അടിസ്ഥാനത്തിലാണിത്. പാലക്കാട്, മലപ്പുറം ജില്ലകളിലെ സ്വകാര്യ ആയു൪വേദ ചികിത്സാ കേന്ദ്രങ്ങളിലാണ് പൊലീസ് അന്വേഷിക്കുന്നത്.
അതിനിടെ ദുരൈ ദയാനിധി ഉൾപ്പെടെ ഗ്രാനേറ്റ് ക്വാറി കേസിൽ ഒളിവിൽ കഴിയുന്ന അഞ്ചു പ്രതികളുടെ പേരിൽ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേലൂ൪ കോടതിയിൽ ഹരജി ഫയൽ ചെയ്തു.
ഹരജി ബുധനാഴ്ച പരിഗണനക്ക് വന്നെങ്കിലും ഒക്ടോബ൪ 12ലേക്ക് മാറ്റി. ദുരൈ ദയാനിധിയുടെ ഒളിത്താവളമറിയാൻ ഭാര്യ അനുഷ, അഴഗിരിയുടെ മരുമകൻ തുടങ്ങിയ കുടുംബാംഗങ്ങളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് വിചാരണ നടത്തിയിരുന്നു. ദുരൈ ദയാനിധിയുടെ ചെന്നൈ ത്യാഗരാജരായ൪ വീഥിയിലെ ഓഫിസിലും റെയ്ഡ് നടത്തി.
ഒരു മാസത്തിലധികം പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുന്ന ദുരൈ ദയാനിധി കീഴ് കോടതി മുതൽ ചെന്നൈ ഹൈ കോടതി വരെ മുൻകൂ൪ ജാമ്യാപേക്ഷ സമ൪പ്പിച്ചിരുന്നെങ്കിലും നിരാകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കേസിൻെറ പ്രഥമ വിവര റിപ്പോ൪ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മധുര ഹൈകോടതിയിൽ ഹരജി സമ൪പ്പിച്ചിരിക്കുകയാണ്.
മധുര കീഴ്വളവ് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ എ. പാ൪ഥിപനാണ് ദുരൈ ദയാനിധി ഡയറക്ടറായിരുന്ന ഒളിമ്പസ് ഗ്രാനേറ്റ്സിനെതിരെ പൊലീസിൽ പരാതി നൽകിയത്. തമിഴ്നാട് മിനറൽസ് ലിമിറ്റഡിൻെറ കീഴിലെ ക്വാറികളിൽ കോടികളുടെ അനധികൃത ഗ്രാനേറ്റ് ഖനനം നടത്തിയതായാണ് ആരോപണം.
2010 ഏപ്രിൽ ഒന്നിന് കമ്പനിയുടെ ഡയറക്ട൪ സ്ഥാനം ഒഴിഞ്ഞിരുന്നതായും കമ്പനിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ലെന്നുമാണ് ദുരൈ ദയാനിധിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. രാഷ്ട്രീയ പ്രതികാരം തീ൪ക്കുന്നതിനും കുടുംബത്തിൻെറ പ്രതിച്ഛായ തക൪ക്കുന്നതിനുമാണ് മകൻെറ പേരിൽ പൊലീസ് കേസെടുത്തതെന്ന് കേന്ദ്രമന്ത്രി അഴഗിരി ആരോപിച്ചിരുന്നു. അതേസമയം ദുരൈ ദയാനിധിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
