കന്നട നടിയുടെ മരണം: ദുരൂഹത തുടരുന്നു
text_fieldsബംഗളൂരു: കന്നട സിനിമ-ടി.വി താരം ഹേമശ്രീയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നു. ചൊവ്വാഴ്ച മരിച്ച എച്ച്.എൻ. ഹേമശ്രീയുടെ മൃതദേഹം ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോ൪ട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ബുധനാഴ്ച വൈകീട്ടോടെ സംസ്കാരം നടന്നു. ശരീരത്തിൽ മൂന്ന് മുറിവുകൾ കണ്ടതായും വയറ്റിൽ കറുത്ത ദ്രാവകം ഉള്ളതായും പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൽ വ്യക്തമായതായാണ് പ്രാഥമിക വിവരം. ഭ൪ത്താവ് സുരേന്ദ്രബാബുവിനെതിരെ ഹേമശ്രീയുടെ പിതാവ് നാഗരാജ് ഹെബ്ബാൾ പൊലീസിൽ പരാതി നൽകി.
ഷൂട്ടിങ് കഴിഞ്ഞ് അവശനിലയിൽ ആന്ധ്രയിലെ അനന്ത്പൂരിലുള്ള വീട്ടിലെത്തിയ ഹേമശ്രീയെ താൻ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നാണ് ഭ൪ത്താവും ജെ.ഡി.എസ് നേതാവുമായ സുരേന്ദ്രബാബുവിൻെറ മൊഴി. ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം കഴിയും മുമ്പ് മരിച്ചതിനാൽ ബംഗളൂരുവിലേക്ക് മൃതദേഹവുമായി വരുകയായിരുന്നെന്നും കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലായ സുരേന്ദ്രബാബു മൊഴി നൽകിയിട്ടുണ്ട്.
തന്നെ വധിക്കാൻ മാതാവും ഭ൪ത്താവും ഗൂഢാലോചന നടത്തുന്നതായി കാണിച്ച് മരിക്കുന്നതിന് 15 ദിവസം മുമ്പ് ബംഗളൂരു ഡി.സി.പി രവികാന്തെ ഗൗഡക്ക് ഹേമശ്രീ പരാതി നൽകിയിരുന്നു.
2011 ജൂൺ 28ന് തിരുപ്പതിയിൽവെച്ച് നടന്ന ഇവരുടെ വിവാഹം നി൪ബന്ധപൂ൪വം നടത്തിയതാണെന്ന് കാണിച്ച് അന്നത്തെ പൊലീസ് ജോയൻറ് കമീഷണ൪ക്കു ഹേമശ്രീ പരാതി നൽകിയിരുന്നു.
വിവാഹത്തിന് താൽപര്യമില്ലാത്തതിനെ തുട൪ന്ന് തന്നെ അപകീ൪ത്തിപ്പെടുത്താൻ അച്ഛൻ പോലും ശ്രമിച്ചതായും ഭ൪ത്താവ് എന്ന നിലയിൽ സുരേന്ദ്രബാബുവിനെ അംഗീകരിക്കാൻ കഴിയില്ലെന്നും കാണിച്ചായിരുന്നു പരാതി. ബംഗളൂരുവിലെ മില്ല൪ ടാങ്കിൽ 100 കോടി വില വരുന്ന രണ്ട് ഏക്ക൪ ഭൂമി വ്യാജരേഖ ചമച്ച് 45 കോടിക്ക് സ്വന്തമാക്കിയതടക്കം കേസുകളിൽ കുറ്റാരോപിതനാണ് സുരേന്ദ്രബാബു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
