ഹംരിയ്യയില്‍ അഗ്നിബാധ; മലയാളി സ്ഥാപനം ചാമ്പലായി
text_fieldsമസ്കത്ത്: ഹംരിയ്യയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ അഗ്നിബാധയിൽ മലയാളിയുടെ സ്ഥാപനം കത്തിനശിച്ചു. ഹോണ്ടാ റോഡിനും ഹംരിയ്യക്കുമിടയിൽ ഖമീസ് ഷൂസിന് എതി൪വശത്ത് പ്രവ൪ത്തിച്ചിരുന്ന കൂത്തുപറമ്പ് കിണവക്കൽ സ്വദേശി അബ്ദുൽഖാദറിൻെറ ‘സൽമാൻ ബിൻ സാലം ട്രേഡിങ്’ എന്ന സ്ഥാപനമാണ് ചാമ്പലായത്. രാത്രി ഏഴരയോടെയുണ്ടായ അഗ്നിബാധയിൽ ഹൗസ്ഹോൾഡ്, കോസ്മെറ്റിക് വസ്തുക്കൾ വിൽപന നടത്തിയിരുന്ന സ്ഥാപനം ഏതാണ്ട് പൂ൪ണമായും കത്തി നശിച്ചതായി ഉടമ അബ്ദുൽഖാദ൪ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.20 വ൪ഷമായി മസ്കത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരുവ൪ഷമാണ് സ്ഥാപനം ആരംഭിച്ചത്. അഗ്നിബാധയിൽ ഏതാണ്ട് 15,000 റിയാലോളം നഷ്ടമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന് ഇൻഷൂറൻസ് പരിരക്ഷയില്ലാത്തതിനാൽ നഷ്ടം നികത്താനും ഉപജീവനത്തിനുമായി എന്തുചെയ്യുമെന്നറിയാതെ വിതുമ്പുകയാണ് ഇദ്ദേഹം.
സ്ഥാപനത്തിനകത്ത് നിന്നാണ് തീ പിടുത്തമുണ്ടായത്. വൈദ്യുതി ഷോ൪ട്ട് സ൪ക്യൂട്ടായിരിക്കാം കാരണമെന്നാണ് പ്രഥമിക നിഗമനം. എന്നാൽ, കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് സിവിൽ ഡിഫൻസ് അധികൃത൪ പറഞ്ഞു. രക്ഷാപ്രവ൪ത്തനത്തിനായി കുതിച്ചെത്തിയ സിവിൽഡിഫൻസിൻെറ ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. കെട്ടിടത്തിൻെറ മുകളിൽ ആൾതാമസമുള്ള ഫ്ളാറ്റുകളിലേക്ക് തീ ആളിപടരുന്നത് ഒഴിവാക്കാൻ അഗ്നിശമന സേനക്ക് കഴിഞ്ഞു. സ്ഥാപനത്തിനകത്ത് ഉപയോഗിക്കാൻ കഴിയുന്ന ഒന്നുമില്ലാത്ത വിധം വസ്തുക്കൾ കത്തിനശിച്ചു.
രണ്ടുപതിറ്റാണ്ടത്തെ പ്രവാസജീവിതത്തിലെ സമ്പാദ്യം കൊണ്ട് തുടക്കമിട്ട സ്ഥാപനമാണ് നിമിഷനേരം കൊണ്ട് കത്തിമ൪ന്നതെന്ന് അബ്ദുൽഖാദ൪ പറഞ്ഞു. ചെറിയ രീതിയിൽ ആരംഭിച്ച സ്ഥാപനത്തിലേക്ക് ചരക്കുകൾ സ്വരുകൂട്ടാനാണ് ഇതുവരെയുള്ള വരുമാനം ഉപയോഗിച്ചിരുന്നത്. ലാഭമെടുക്കാൻ തുടങ്ങും മുമ്പേയാണ് ദു൪വിധി അഗ്നിബാധയുടെ രൂപത്തിലെത്തിയത്.
സംഭവം വിവരിക്കവെ ഇദ്ദേഹം പലപ്പോഴും വിങ്ങിപൊട്ടി. ഹംരിയയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന അബ്ദുൽഖാദറിൻെറ അളിയനും സ്ഥാപനത്തിലെ ജീവനക്കാരനായി പ്രവ൪ത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
