Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗഡ്കരിക്കൊപ്പം...

ഗഡ്കരിക്കൊപ്പം അല്‍പനേരം

text_fields
bookmark_border
ഗഡ്കരിക്കൊപ്പം അല്‍പനേരം
cancel

ബി.ജെ.പി അധ്യക്ഷൻ നിതിൻ ഗഡ്കരിയുമായി സംസാരിക്കാൻ കിട്ടിയ അവസരം ശരിക്കും പ്രയോജനകരമായിരുന്നു. അതേസമയം, അതെന്നെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. ഇടതുപക്ഷം പറയുന്നതുതന്നെയാണ് അദ്ദേഹവും പറയുന്നതെന്ന് എനിക്ക് തോന്നി. ഒരുമിച്ച് പാ൪ലമെൻറ് ബഹിഷ്കരിക്കുകയും കഴിഞ്ഞ കുറച്ചുമാസങ്ങളായി ഒരുമിച്ച് സമരങ്ങൾ നടത്തുകയും ചെയ്തതോടെ അദ്ദേഹവും ഇടതുപക്ഷവുമായുള്ള ആശയപരമായ ഭിന്നതകൾ മാറിയോയെന്ന് ഞാൻ അദ്ഭുതപ്പെട്ടു.
നിലവിലുള്ള രീതികളെ മാറ്റിമറിക്കുന്നതിനെക്കുറിച്ച് ഗഡ്കരി സംസാരിച്ചു. താഴേതട്ടിലുള്ളവരുടെ ജീവിത നിലവാരം ഉയ൪ത്തുന്നതിനെക്കുറിച്ചും സ്വാതന്ത്ര്യത്തിനുശേഷം മാറിമാറിവന്ന സ൪ക്കാറുകൾ പാവപ്പെട്ടവ൪ക്കുവേണ്ടി ഒന്നും ചെയ്യാതിരുന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞു. ഒരവസരത്തിൽ താനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്ന് അദ്ദേഹം പറയുകപോലും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും, എനിക്ക് തെറ്റിദ്ധാരണ തോന്നേണ്ടെന്ന് വിചാരിച്ചാകണം അദ്ദേഹം പറഞ്ഞു: ‘നൂറു ശതമാനം ഞാനൊരു ആ൪.എസ്.എസ് പ്രചാരകാണ്. അതിൽ അഭിമാനമുണ്ട്. ഞാൻ കാക്കി നിക്ക൪ ധരിക്കാറുണ്ട്. യൂനിഫോമിട്ട് ശാഖയിൽ നിൽക്കുമ്പോൾ എൻെറ അഭിമാനം ഉയരാറുണ്ട്.’
മറ്റൊരു കാര്യത്തിലും ഞാൻ ആശയക്കുഴപ്പത്തിലായി. സ്വന്തം പാ൪ട്ടിയിലെ ഉൾപ്പോര് അദ്ദേഹം തുറന്നുസമ്മതിച്ചു. ‘പ്രധാനമന്ത്രി സ്ഥാനത്തേക്ക് കണ്ണുംനട്ട് ഇപ്പോൾതന്നെ പലരും വന്നിട്ടുണ്ട്. ഞാൻ ആ സ്ഥാനത്തേക്കില്ലെന്ന് അവരോട് പറഞ്ഞിട്ടുണ്ട്.’ എന്നാൽ, കേന്ദ്രത്തിൽ അടുത്ത സഖ്യകക്ഷി സ൪ക്കാറിനെ തൻെറ പാ൪ട്ടി നയിക്കുമെന്നതിൽ ഗഡ്കരിക്ക് സംശയവുമില്ല. 542 അംഗ ലോക്സഭയിൽ ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻ.ഡി.എ) 200 സീറ്റ് ലഭിക്കുമെന്നതിൽ അദ്ദേഹത്തിന് ഉറപ്പാണ്. നിലവിൽ ബി.ജെ.പിയുടെ അംഗസംഖ്യ 114 ആണ്. ‘ഞങ്ങളുടെ അംഗബലം 150 കടന്നാൽ എൻ.ഡി.എയിൽ ചേരാൻ രാഷ്ട്രീയപാ൪ട്ടികൾ ഓടിയെത്തുന്നത് നിങ്ങൾക്ക് കാണാം.’ അകാലിദളിൻെറ പിന്തുണയെക്കുറിച്ച് അദ്ദേഹത്തിന് സംശയമില്ല. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ പോലും എൻ.ഡി.എക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
ഭൂരിപക്ഷമുറപ്പിക്കണമെങ്കിൽ മുസ്ലിം വോട്ട് ലഭിക്കണമെന്ന് പറയാൻ അദ്ദേഹത്തിന് മടിയൊന്നുമില്ല. ഞങ്ങൾ മുസ്ലിംവിരുദ്ധരാണെന്ന് നിങ്ങളൊക്കെയാണ് പറഞ്ഞുപരത്തുന്നതെന്ന് എൻെറ നേരെ തിരിഞ്ഞുകൊണ്ട് അദ്ദേഹം ആരോപിച്ചു. ഹിന്ദുത്വ എന്നാൽ ഇസ്ലാമിനോടുള്ള വിരോധമല്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ദേശീയതക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്.’ ഈ ഘട്ടത്തിൽ, ദേശീയതക്കല്ല, രാജ്യത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ഞാൻ അദ്ദേഹത്തെ തിരുത്തി. ‘അതെ, രാജ്യംതന്നെ’- അദ്ദേഹം പറഞ്ഞു. ‘ഹിന്ദുത്വ എന്നാൽ അഭയമരുളുന്നതിലും സഹിഷ്ണുതയിലും അഭിമാനംകൊള്ളുന്ന ബഹുസ്വര സമൂഹമെന്നാണ൪ഥം.’
പിന്നീട്, രാജ്യത്തെ കുഴപ്പങ്ങൾക്കെല്ലാം കാരണം കോൺഗ്രസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ഉപജാപക സംഘത്തിൻെറയും ഗൂഢാലോചനക്കാരുടെയും പാ൪ട്ടിയാണ് അത്. ആ പാ൪ട്ടിയാണ് രാജ്യത്തെ മതേതരമെന്നും മതേതരമല്ലാത്തതെന്നും വേ൪തിരിച്ചത്. വിദ്യാഭ്യാസത്തിൻെറ കാര്യത്തിലായാലും ആരോഗ്യത്തിൻെറ കാര്യത്തിലായാലും തൊഴിലിൻെറ കാര്യത്തിലായാലും കോൺഗ്രസ് മുസ്ലിംകൾക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. വോട്ട്ബാങ്കായി മാത്രമാണ് കോൺഗ്രസ് അവരെ ഉപയോഗിച്ചത്’-അദ്ദേഹം തറപ്പിച്ചുപറഞ്ഞു.
‘എന്താണ് ചുറ്റും നടക്കുന്നതെന്ന് നോക്കുക. മുസ്ലിം ചെറുപ്പക്കാ൪ക്കിടയിൽനിന്ന് ചിലരെ പിടികൂടി തീവ്രവാദികളായി മുദ്രകുത്തുന്നു. അവ൪ക്കെതിരെ ചില കുറ്റങ്ങൾ ചുമത്തുന്നു. ഇതൊക്കെ കാരണം തീവ്രവാദ പ്രവ൪ത്തനങ്ങൾക്ക് എപ്പോഴും റെഡിമെയ്ഡ് ആസൂത്രകരെ കിട്ടുന്നു. പാവപ്പെട്ട മുസ്ലിംകൾക്ക് എന്ത് രക്ഷയാണുള്ളത്? കള്ളകേസുകൾ ചുമത്തി സ൪ക്കാ൪ മുസ്ലിം സമുദായത്തിന് കടുത്ത ദ്രോഹമാണ് വരുത്തിവെച്ചിരിക്കുന്നത്’-ഗഡ്കരി പറഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു കാര്യത്തിൽ അദ്ദേഹം വാചാലനായി. ‘എപ്പോഴെങ്കിലും മുസ്ലിംകൾ ഭൂരിപക്ഷമാവുകയാണെങ്കിൽ ഇന്ത്യ ഇസ്ലാമിക രാജ്യമായി മാറ്റപ്പെടും. മതേതരത്വമെന്തെന്ന് ഇസ്ലാമിനറിയില്ല.’
ഞാൻ രാജ്യസഭാ അംഗമായിരിക്കേ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ‘ഹിന്ദു ഭൂരിപക്ഷ രാജ്യമായി നിലകൊള്ളുന്നതിനാലാണ് ഇന്ത്യ ഒരു മതേതര രാജ്യമായിരിക്കുന്നത്. മുസ്ലിംകൾക്ക് ഭൂരിപക്ഷം ലഭിക്കുന്ന ദിവസം അവ൪ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റും. മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളുടെ സ്ഥിതി നോക്കുക’-വാജ്പേയി പറഞ്ഞു.
ഗുജറാത്തിനെക്കുറിച്ച് ചില കാര്യങ്ങൾ ഓഫ് ദ റെക്കോഡായി അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നരേന്ദ്ര മോഡി തൂത്തുവാരുമെന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമില്ല. വികസന കാര്യത്തിൽ രാജ്യത്ത് ഏറ്റവും മുകളിലാണ് ഗുജറാത്തെന്ന് തൻെറ അവകാശവാദത്തിന് ന്യായീകരണമായി അദ്ദേഹം പറഞ്ഞു.
ഇതിനുമുമ്പ് മൂന്നുവ൪ഷം മുമ്പാണ് ഞാനും ഗഡ്കരിയും തമ്മിൽ നേരിൽ കണ്ടത്. ഒരു മറാത്തി പത്രത്തിൻെറ ഉദ്ഘാടന വേദിയിലായിരുന്നു അത്. ഇത്തവണ വിമാനത്താവളത്തിലെ കാത്തിരിപ്പ് ലോഞ്ചിൽ അദ്ദേഹം എന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞു. വിശേഷങ്ങൾ ചോദിച്ചു. എനിക്ക് അറിയാവുന്ന പല കോൺഗ്രസ് നേതാക്കളിൽനിന്നും വ്യത്യസ്തമായിരുന്നു അത്. അവ൪ പലപ്പോഴും ഒന്നും മിണ്ടാതെ ഗൗരവത്തിലിരിക്കുകയാണ് ചെയ്യാറ്.
ഒന്നര മണിക്കൂറോളം ഗഡ്കരിയുമായി ഞാൻ സംസാരിച്ചു. എളിമയുള്ള വ്യക്തി. തൻെറ വാദങ്ങൾ അടിച്ചേൽപിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. ചില സമയങ്ങളിൽ അദ്ദേഹത്തിൻെറ കണ്ണുകളിലെ തിളക്കം വാക്കുകളേക്കാൾ കൂടുതലായി ആശയം വ്യക്തമാക്കിത്തന്നു. ബി.ജെ.പിയിലുള്ളവ൪ ഇത് അറിയണം. ‘ഞാൻ ആരോടും ഒന്നും യാചിച്ചില്ല. സ്ഥാനമാനങ്ങൾക്കുവേണ്ടി ക്യൂ നിന്നില്ല. ചോദിക്കാതെയും ചാക്കിട്ടുപിടിക്കാതെയും അധികാരം എന്നെ തേടിവരുകയായിരുന്നു’-ഗഡ്കരി പറഞ്ഞു.
പാകിസ്താനുമായി നല്ല ബന്ധമുണ്ടാകണമെന്ന് ഗഡ്കരി പറഞ്ഞു. ‘അയൽക്കാരെന്ന നിലയിൽ സമാധാനത്തോടെ കഴിയണമെന്നും പട്ടിണിക്കെതിരെ ഒരുമിച്ച് പോരാടണമെന്നും ഞാൻ പാകിസ്താനോട് പറഞ്ഞിട്ടുള്ളതാണ്. ആയുധങ്ങൾ വാങ്ങിക്കൂട്ടി അവ൪ പണം പാഴാക്കുകയാണ്. തോക്കുകളും വെടിയുണ്ടകളും വാങ്ങുന്നതിനുപകരം കാ൪ഷികോപകരണങ്ങൾക്കും സാങ്കേതിക വിദ്യക്കുമായി പണം ചെലവഴിച്ചാൽ രണ്ടുകൂട്ട൪ക്കുമുണ്ടാകുന്ന നേട്ടമൊന്ന് ആലോചിച്ചുനോക്കുക’-അദ്ദേഹം പറഞ്ഞു. അതേസമയം, ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മുസ്ലിം യാഥാസ്ഥിതികതയാണെന്നും പാകിസ്താനിൽ അത് ആധിപത്യം നേടിയതിൽ ദു$ഖമുണ്ടെന്നും ഗഡ്കരി പറഞ്ഞു.
ചൈനയെ ഗഡ്കരിക്ക് ഇഷ്ടമല്ല. ചൈന സന്ദ൪ശിച്ചപ്പോൾ കേട്ട ചില ഇന്ത്യാ വിരുദ്ധ പരാമ൪ശങ്ങൾ തന്നെ വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പാകിസ്താനുമായി സൗഹാ൪ദത്തിലാകാം; പക്ഷേ, മോഹങ്ങൾക്ക് പരിധിയില്ലാത്ത ചൈനയുമായി സാധിക്കില്ല.’
വിമാനം ദൽഹിയിൽ എത്തിയതിനാൽ എനിക്ക് ഗഡ്കരിയുമായുള്ള സംസാരം നി൪ത്തേണ്ടിവന്നു. ‘നിങ്ങൾക്ക് സൗകര്യമുള്ളപ്പോൾ ഞാൻ നിങ്ങളുടെ വീട്ടിൽ വരാം; അന്ന് നമുക്ക് ഈ സംഭാഷണം തുടരാം’ -വിനയത്തോടെ ഗഡ്കരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story