Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇസ്ലാമോഫോബിയ...

ഇസ്ലാമോഫോബിയ ഫലിച്ചില്ല

text_fields
bookmark_border
ഇസ്ലാമോഫോബിയ ഫലിച്ചില്ല
cancel

ഇന്ത്യ എന്ന ഭാരതത്തെ കോളനിയാക്കി വളരെക്കാലം ജനങ്ങളെ മ൪ദിക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്ത പാശ്ചാത്യ രാഷ്ട്രമാണ് ബ്രിട്ടൻ. യു.കെ എന്ന ചുരുക്കപ്പേരുള്ള ആ രാജ്യത്ത് വെള്ള വ൪ണവെറിയന്മാരായ ഫാഷിസ്റ്റുകൾ സജീവമാണ്. ഇസ്ലാമോഫോബിയയാണ് അവരുടെ പ്രധാന ആയുധം. ഭാഗ്യവശാൽ വൻ ജനപിന്തുണ ഇന്ന് ബ്രിട്ടീഷ് ഫാഷിസ്റ്റുകൾക്കില്ല. അത് നേടാൻ ചതുരുപായങ്ങളും അവ൪ പയറ്റുന്നുണ്ട്.
ബ്രിട്ടനിലെ ഫാഷിസ്റ്റുകൾ ബ്രിട്ടീഷ് നാഷനൽ പാ൪ട്ടി, നാഷനൽ ഫ്രണ്ട്, ഇംഗ്ളീഷ് ഡിഫൻസ് ലീഗ്, സ്കോട്ടിഷ് ഡിഫൻസ് ലീഗ് എന്നീ വ്യത്യസ്ത സംഘടനകളിലാണ്. ഇന്ത്യയിൽ ശിവസേന, വി.എച്ച്.പി, ബി.ജെ.പി, ആ൪.എസ്.എസ്, വിമത ശിവസേന വിഭാഗം എന്നിവയുള്ളതുപോലെ. ബ്രിട്ടീഷ് ഫാഷിസ്റ്റുകളിലേറ്റവും വിഷമുള്ളത് ഇ.ഡി.എൽ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇംഗ്ളീഷ് ഡിഫൻസ് ലീഗിനാണ്. തൊട്ടടുത്ത് സ്കോട്ടിഷ് ഡിഫൻസ് ലീഗും.
ലണ്ടൻ സിറ്റിയുടെ ഒരുഭാഗമായ വാൾട്ട്ഹാം ഫോറസ്റ്റിൽ ഒരു റാലി നടത്താൻ ഈയിടെ ഇ.ഡി.എൽ തീരുമാനിച്ചു. അത് വൻ വിജയമാക്കാനുള്ള പ്രചാരണവും തുടങ്ങി. ഫാഷിസ്റ്റ് റാലിയെ പരാജയപ്പെടുത്തേണ്ടത് ജനാധിപത്യവാദികളുടെ കടമയാണെന്ന് യുനൈറ്റഡ് എഗയിൻസ്റ്റ് ഫാഷിസം (യു.എ.എഫ്) എന്ന സംഘടന പ്രഖ്യാപിച്ചു. നിശ്ചിത ദിവസം 200 പേ൪ മാത്രമേ ഫാഷിസ്റ്റ് റാലിക്കെത്തിയുള്ളൂ. അവരെ തടയാൻ നാലായിരത്തിലധികം ജനങ്ങൾ തെരുവുകളിലിറങ്ങി. ഫാഷിസ്റ്റുകൾക്ക് സായുധ പൊലീസ് സംരക്ഷണമുണ്ടായിരുന്നു. എന്നിട്ടും മുൻകൂട്ടി പ്രഖ്യാപിച്ച റൂട്ടുകളിലൂടെ മാ൪ച്ച് ചെയ്യാൻ ഫാഷിസ്റ്റുകൾക്ക് സാധ്യമായില്ല. ഒടുവിൽ റാലി വേണ്ടെന്ന് ഇ.ഡി.എൽ തീരുമാനിച്ചിരിക്കുന്നുവെന്ന് പൊലീസ് അധികൃത൪ പരസ്യമായി ജനത്തെ അറിയിച്ചു.
ഈ ജനകീയ വിജയത്തിൽ മുസ്ലിംകൾക്ക് സ്തുത്യ൪ഹമായ പങ്കാണുള്ളത്. വാൾട്ട്ഹാം ഫോറസ്റ്റിലെ മുസ്ലിം പള്ളികളുടെ സംഘടനയുടെ വക്താവായ ഇ൪ഫാൻ അക്തറിൻെറ നേതൃത്വത്തിൽ നിരവധി ഇസ്ലാംവിശ്വാസികൾ ആവേശത്തോടെ തെരുവിലിറങ്ങി.
ഇ൪ഫാൻ അക്ത൪ പിന്നീട് പ്രസ്താവിച്ചു. പുതിയ സഖ്യങ്ങളും നവസൗഹൃദങ്ങളും രൂപംകൊള്ളാൻ ഉദ്ദേശ്യത്തിലില്ലെങ്കിലും ഫലത്തിൽ സഹായിച്ചതിന് ഇ.ഡി.എല്ലിന് നന്ദിപറഞ്ഞാലും സാരമില്ല. മുസ്ലിം വയോജനങ്ങളും വെള്ളക്കാരായ യുവാക്കളും തോളോടുതോൾ ചേ൪ന്ന് മാ൪ച്ച് ചെയ്തത് ഹൃദ്യമായ അനുഭവമായിരുന്നു.
റാലിയിൽ പങ്കെടുക്കാൻ ഒരുകൂട്ടം ഫാഷിസ്റ്റുകൾ കൊടിയും മുസ്ലിംവിരുദ്ധ മുദ്രാവാക്യങ്ങളുമായി കിങ്ക്രോസ് സ്റ്റേഷനിൽ തീവണ്ടി കയറാനെത്തിയപ്പോൾ റെയിൽവേ തൊഴിലാളികൾ അവരെ തടഞ്ഞു. ഫാഷിസ്റ്റുകൾ കൊടിയൊളിപ്പിച്ച് നിശ്ശബ്ദരായി റാലി നടത്താനുദ്ദേശിച്ച ഈസ്റ്റണിലേക്ക് നടന്നുപോയി. ഫാഷിസ്റ്റ് വിരുദ്ധരെ പേടിച്ചിട്ടാകണം മദ്യഷാപ്പുകൾ യൂനിഫോം ധരിച്ച ഇ.ഡി.എല്ലുകാ൪ക്ക് അന്ന് പ്രവേശം നിഷേധിച്ചിരുന്നു.
പിൻകുറി: ബ്രിട്ടനിലെ വിവിധ മുനിസിപ്പാലിറ്റികളിലേക്ക് ഒരുകാലത്ത് 57ഫാഷിസ്റ്റുകൾ തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ മൂന്നു പേ൪ മാത്രം.

ഹൈസ്പീഡ്
റെയിൽവേ
ദൈവത്തിൻെറ സ്വന്തം നാട് എന്ന ഓമനപ്പേരുള്ള കേരളത്തെ ഭൂലോക സ്വ൪ഗമാക്കാനാണ് എമ൪ജിങ് കേരള എന്നാണല്ലോ നമ്മുടെ സ൪ക്കാ൪ അവകാശപ്പെടുന്നത്. സ്വ൪ഗരാജ്യമാകാൻ ഹൈസ്പീഡ് റെയിൽവേയും വേണമത്രെ. ഇതിന് ഒരു ലക്ഷത്തി പതിനെട്ടായിരം കോടി രൂപ വേണം. ഈ സംഖ്യ കടമായി വാങ്ങിയാൽ അതിൻെറ ബാധ്യത സ൪ക്കാറിന്. എന്നുവെച്ചാൽ ഇത് വായിക്കുന്ന നിങ്ങളും എഴുതുന്ന ഞാനുമടക്കമുള്ള കേരളജനതക്ക്.
ഇതിലൂടെ യാത്രചെയ്യാൻ സാധാരണക്കാ൪ക്ക് കഴിയുകയില്ല. യാത്രക്കൂലി കിലോമീറ്ററിന് പത്തു രൂപയോളമാകും. കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ 1300 രൂപ മുടക്കണം. ഇത്രയും കാശ് കീശയിൽനിന്നെടുക്കാൻ കഴിവുള്ള ഒരു ചെറിയ ന്യൂനപക്ഷത്തിനുവേണ്ടി നമ്മളെല്ലാം കടപ്പെടണോ?
അതിവേഗ റെയിൽ കോറിഡോ൪ പ്രാവ൪ത്തികമാകണമെങ്കിൽ ഒരുപാട് പേ൪ക്ക് കിടപ്പാടങ്ങൾ നഷ്ടമാകും. ജനസേവനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നാഴികക്ക് നാൽപതുവട്ടം ആണയിടുന്ന ഉമ്മൻചാണ്ടി സ൪ക്കാ൪ ഇത് വേണ്ടെന്നുവെച്ചാൽ അതൊരു സൽകൃത്യമാകും.

പത്മേടത്തി
രക്തബന്ധമില്ലാത്ത കുറെ സഹോദരി-സഹോദരന്മാ൪ എനിക്കുണ്ട്. അതിലൊരാൾ ഈയിടെ ദുൻയാവിനോട് വിടപറഞ്ഞു. ശ്രീമതി പത്മം ദാമോദരൻ. എൻെറ ആദ്യകാല രാഷ്ട്രീയഗുരു സഖാവ് കെ.ദാമോദരൻെറ ഭാര്യ പത്മം എനിക്ക് പത്മേടത്തിയായിരുന്നു. ദാമോദരേട്ടൻെറ പത്നി എന്നതിലുപരി ജനസേവനം തൻെറ കടമയെന്ന് കരുതിയ ഒരു പൊതുപ്രവ൪ത്തകയായിരുന്നു ആ മഹതി.
ഇനി, എന്നെത്തന്നെ ഉദ്ധരിക്കട്ടെ: മരിക്കുന്നതിനു നാലഞ്ചു വ൪ഷങ്ങൾക്കുമുമ്പ്, ദാമോദരേട്ടൻ ആവശ്യപ്പെട്ടതനുസരിച്ച് ഒരു ദിവസം രാവിലെ അദ്ദേഹത്തിൻെറ വീട്ടിൽ ഞാൻ ചെന്നു. അന്നദ്ദേഹം തൃശൂരിൽ നെഹ്റു നഗറിലെ 131ാം നമ്പ൪ വീട്ടിലാണ് താമസിച്ചിരുന്നത്. നീണ്ട എട്ടു മണിക്കൂറുകൾക്കുശേഷമാണ് ഞാനവിടെനിന്ന് തിരിച്ചുപോന്നത്. അതിനകം ഞാൻ ആ കുടുംബത്തിലെ ഒരംഗമായിക്കഴിഞ്ഞിരുന്നു. അന്നു മുതൽ ശ്രീമതി പത്മം ദാമോദരൻ എനിക്ക് പത്മേടത്തിയായി. ദാമോദരൻെറ മകൾ ഉഷ എൻെറ സ്വന്തം മകളെപ്പോലെയായി. പിന്നീട് നിരവധി തവണ കണക്കില്ലാത്ത ചായക്കപ്പുകൾ കാലിയാക്കിക്കൊണ്ട്, എണ്ണമില്ലാത്ത പനാമ സിഗരറ്റുകൾ ചാരമാക്കിക്കൊണ്ട്, പത്മേടത്തിയുടെ മധുരോദാരമായ ആതിഥ്യമനുഭവിച്ചുകൊണ്ട് ഞാനവിടെ ദാമോദരേട്ടനോടൊപ്പം രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളും അദ്ദേഹത്തിൻെറ പഴയകാല പ്രവ൪ത്തനങ്ങളും ച൪ച്ച ചെയ്തും വാദപ്രതിവാദങ്ങൾ നടത്തിയും കഴിച്ചുകൂട്ടിയിട്ടുണ്ട്. അന്നത്തെ സൊള്ളലുകൾ ഈ പുസ്തകം തയാറാക്കുന്നതിന് തെല്ലൊന്നുമല്ല സഹായകമായിട്ടുള്ളത്. (ഞാനെഴുതിയ ‘സഖാവ് കെ. ദാമോദരൻ’ എന്ന പുസ്തകത്തിൽനിന്ന്).
പിൻകുറി: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കെ. ദാമോദരൻെറ കൂട്ടാളിയായിരുന്ന എൻെറ ഉപ്പ (ഇ.മൊയ്തു മൗലവി) മുഖേന ആവശ്യപ്പെട്ടിട്ടാണ് ഞാൻ നെഹ്റു നഗറിലെ 131ാം നമ്പ൪ വീട്ടിലെത്തിയത്.
രക്തബന്ധമില്ലാത്ത എൻെറ സഹോദരി-സഹോദരന്മാരിലധികം പേരും അമുസ്ലിംകളാണ്.

വായിക്കേണ്ട
രണ്ട് പുസ്തകങ്ങൾ
മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള ഒരു കൊച്ചു യൂറോപ്യൻ രാഷ്ട്രമാണ് ബോസ്നിയ. അവിടെ യൂഗോസ്ലാവ്യൻ കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ മ൪ദനഭരണമായിരുന്നു. അന്ന് രണ്ട് ഘട്ടമായി ഏഴു കൊല്ലക്കാലം ഇരുമ്പഴികൾക്കുള്ളിൽ കഴിച്ചുകൂട്ടേണ്ടിവന്ന അലിജാ ഇസ്സത് ബെഗോവിച്ച് എന്ന മുസ്ലിം ബുദ്ധിജീവി ഡെമോക്രാറ്റിക് ആക്ഷൻ പാ൪ട്ടി സ്ഥാപക പ്രസിഡൻറാണ്. രണ്ടു തവണ അദ്ദേഹം രാഷ്ട്രപതിയായി. ജയിലിൽവെച്ച് ആ സ്വാതന്ത്ര്യ പോരാളി എഴുതിയ പുസ്തകമാണ് നോട്സ് ഫ്രം പ്രിസൺ 1983-1988. നാനൂറ്റമ്പത് പേജുകളുള്ള ആ പുസ്തകം ‘അദ൪ബുക്സ്’ (കോഴിക്കോട്-2) ഇംഗ്ളീഷിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു; നല്ല കെട്ടിലും മട്ടിലും. മലയാളമടക്കം പ്രധാന ഇന്ത്യൻ ഭാഷകളിലെല്ലാം അത് പ്രസിദ്ധീകരിക്കുന്നത് ഒരു സൽകൃത്യമായിരിക്കും.
അഹിതമായതെന്തു സംഭവിച്ചാലും അതിൻെറ ഉത്തരവാദിത്തം മുസ്ലിംകളുടെ തലയിൽ വെച്ചുകെട്ടുകയാണല്ലോ ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലെയും നടപ്പ് സമ്പ്രദായം. അതിലെ കാപട്യം തെളിവുകൾ സഹിതം വെളിവാക്കുന്നതാണ് ‘ക൪ക്കരെയെ കൊന്നതാര്?’ എന്ന പുസ്തകം.
മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിൻെറ തലവൻ ഹേമന്ത് ക൪ക്കരെ എന്ന പൊലീസ് ഓഫിസ൪ അന്യായങ്ങൾക്ക് കൂട്ടുനിൽക്കുന്നത് തൻെറ പദവിക്ക് ചേ൪ന്നതല്ല എന്ന ചിന്താഗതിക്കാരനായിരുന്നു. ഹിന്ദു കുടുംബത്തിൽ പിറന്ന ക൪ക്കരെ മുസ്ലിംകളെ ദ്രോഹിക്കാൻ തയാറാകാത്തത് ഹിന്ദുത്വ൪ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. അവരുടെ സ്വാധീനത്തിൽപെട്ട ചില പൊലീസ് മേധാവികൾ, മതിയായ മുൻകരുതലില്ലാതെ ക൪ക്കരെയെയും മറ്റൊരു പൊലീസ് ഓഫിസറെയും സി.എസ്.ടിയിലേക്ക് പറഞ്ഞുവിട്ടു. ഇതവരുടെ മരണത്തിൽ കലാശിച്ചു.
മഹാരാഷ്ട്ര പൊലീസിൽനിന്ന് ഇൻസ്പെക്ട൪ ജനറലായി റിട്ടയ൪ ചെയ്ത എസ്.എം. മുഷ്രിഫ് ഇതുസംബന്ധിച്ച് ‘ഹു കിൽഡ് ക൪ക്കരെ’ എന്നൊരു പുസ്തകമെഴുതി. അത് ‘ക൪ക്കരെയെ കൊന്നതാര്?’ എന്ന ശീ൪ഷകത്തിൽ മൊഴിമാറ്റം നടത്തി നല്ല കെട്ടിലും മട്ടിലും തേജസ് പബ്ളിക്കേഷൻസ് (കോഴിക്കോട്-27) പ്രസിദ്ധീകരിച്ചിരിക്കുന്നു. മുംബൈ ഭീകരാക്രമണത്തിൻെറ നിഗൂഢതകളറിയാൻ എല്ലാ സത്യാന്വേഷണ കുതുകികളും 245 പേജുകളുള്ള ഈ പുസ്തകം വായിക്കേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story