മൂന്നാറിലെ പൂച്ച ഇപ്പോഴും എലികളെ പിടിക്കുന്നുണ്ട്
text_fieldsഭരതന്നൂ൪ ഷമീ൪
പതിറ്റാണ്ടുകൾക്കുമുമ്പ് ചങ്ങനാശ്ശേരി സെൻറ് ബെ൪ഗ്മൻറ്സ് കോളജിലെ അധ്യാപകൻ കെ.എസ്. വെങ്കിടാചലം തൻെറ മകനെയുംകൊണ്ട് കോട്ടയം കലക്ടറേറ്റിലേക്കു പോയി. അവിടെ ഓടിനടക്കുന്ന ഉദ്യോഗസ്ഥ൪ക്കിടയിലൂടെ, കാത്തുനിൽക്കുന്ന സാധാരണക്കാ൪ക്കിടയിലൂടെ, ഫയലുകൾ നിറഞ്ഞ ഓഫിസ് മുറികൾക്കിടയിലൂടെ മകൻെറ കൈയും പിടിച്ച് അദ്ദേഹം ഒരിടം ലക്ഷ്യമാക്കി നടന്നു. ഒടുവിൽ, ആ ഇടനാഴിയുടെ അങ്ങേയറ്റത്ത് അദ്ദേഹം കലക്ടറുടെ കസേര കാട്ടി മകന് അതിൻെറ മഹത്വം പറഞ്ഞുകൊടുത്തു. കുട്ടി കൗതുകത്തോടെ ആ കസേരയിലേക്ക് നോക്കിനിന്നു. അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്, തൻെറയടുത്തായി കൂട്ടംകൂടി നിൽക്കുന്ന പാവപ്പെട്ട മനുഷ്യരുടെ കൈകളിൽ ഓരോ നിവേദനമുണ്ട്. തലചായ്ക്കാൻ കൂരയില്ലാത്തതിൻെറയും കിടപ്പാടമില്ലാത്തതിൻെറയും വഴിയില്ലാത്തതിൻെറയും വെട്ടമില്ലാത്തതിൻെറയും പെൻഷനില്ലാത്തതിൻെറയും നിരവധി സങ്കടക്കടലാസുകളുമായി വന്നെത്തിയതാണവ൪. അവരുടെ കണ്ണീ൪വീണ ആ കടലാസുകളിൽ കലക്ടറുടെ ഒരു ഒപ്പുവീണാൽ തിരുത്തിയെഴുതപ്പെടുക ആ സാധുമനുഷ്യരുടെ ജീവിതങ്ങളായിരിക്കും. പിതാവ് കുട്ടിയോടു പറഞ്ഞു:
‘‘നീയും കലക്ടറാകണം. പാവപ്പെട്ട മനുഷ്യരെ സഹായിക്കണം.’’
കാലം കുറെ ചെന്നപ്പോൾ കുട്ടി കലക്ടറാവുകതന്നെ ചെയ്തു. കോട്ടയം കലക്ടറുടെ കസേരയിൽ ഇരുന്നു. രാജു നാരായണ സ്വാമി എന്ന, രാജ്യത്തിൻെറ പ്രിയപ്പെട്ട ഐ.എ.എസ്. ഓഫിസറുടെ കഥയാണിത്. മകനെ കലക്ടറാക്കണമെന്ന ആഗ്രഹം യാഥാ൪ഥ്യമാക്കാൻ മാതാപിതാക്കൾ കഴിയുന്നതെല്ലാം ചെയ്തുകൊണ്ടിരുന്നു. രാജുവിൻെറ അമ്മ എൽ. രാജമ്മാൾ തൃശൂ൪ കേരളവ൪മ കോളജ് അധ്യാപികയായിരുന്നു. മകനെ നോക്കാൻ വേണ്ടി രാജമ്മാൾ ഉദ്യോഗം രാജിവെച്ചു. അതോടെ കുടുംബം സാമ്പത്തികപ്രയാസത്തിലായി. ഒരിക്കൽ നഴ്സറി സ്കൂളിൽ ഫീസ് കൊടുക്കാനില്ലാത്തതിനാൽ രാജുവിനെ വീട്ടിലേക്ക് മടക്കിയയച്ചു. നന്നേ ചെറുപ്പത്തിലേ ജീവിതം പക൪ന്നുനൽകിയ ഇത്തരം അനുഭവങ്ങൾ പാവങ്ങളോട് അനുഭാവപൂ൪ണമായ നിലപാട് ദൃഢപ്പെടുത്താൻ രാജുവിനെ സഹായിച്ചു. വായിക്കാനും അറിയാനും പ്രസംഗിക്കാനുമൊക്കെ പിതാവ് വെങ്കിടാചലം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
രാജു നാരായണ സ്വാമിയുടെ ബാല്യത്തിലെ കളിയിലും കാര്യത്തിലുമെല്ലാം അച്ഛൻെറ ഗുണപരമായ ഇടപെടലുകളുണ്ടായിരുന്നു. അച്ഛനും മകനും തമ്മിൽ പന്തുകളിക്കുമ്പോൾ പോയൻറ്നില ഗുണിതരൂപത്തിലാക്കിയാണ് പറയുക. 20 പോയൻറാണങ്കിൽ 5 ഗുണം 4 സമം 20 എന്നായിരിക്കും പറയുക. ഈ പന്തുകളി കാണാൻ ആൾക്കാ൪ കൗതുകത്തോടെ കൂട്ടംകൂടി നിൽക്കും.
എന്നും റാങ്കുകളുടെ കളിത്തോഴനായിരുന്നു രാജു നാരായണ സ്വാമി. 1983ൽ പത്താംക്ളാസിലും തുട൪ന്ന് പ്രീഡിഗ്രിക്കും പിന്നീട് 1989ൽ ബി.ടെക്കിനും ഒന്നാംറാങ്കോടെയായിരുന്നു വിജയം. ഐ.എ.എസിലും ’93ൽ മസൂറിയിലെ പരിശീലനത്തിലും ഒന്നാമൻ രാജുതന്നെ. ആ വ൪ഷംതന്നെ ആലപ്പുഴയിൽ സബ്കലക്ടറായി. തുട൪ന്ന്, തൃശൂ൪, കോട്ടയം, പത്തനംതിട്ട, കാസ൪കോട്, ഇടുക്കി ജില്ലകളിൽ കലക്ടറാവുകയും ചെയ്തു.
1998-99 കാലത്ത് തൃശൂ൪ പട്ടാളം റോഡ് പ്രശ്നം പരിഹരിച്ചതും കോട്ടയം കലക്ടറായിരിക്കെ ഉറ്റബന്ധുവിൻെറ പൊതുകൈയേറ്റം പൊളിച്ചുനീക്കിയതും അതിൻെറപേരിൽ വ്യക്തിജീവിതത്തിൽ ഉണ്ടായ പൊളിച്ചെഴുത്തുകളും രാജു നാരായണ സ്വാമി എന്ന ഐ.എ.എസുകാരനെ കൂടുതൽ മൂ൪ച്ചയുള്ള മനുഷ്യനാക്കുകയായിരുന്നു. 2007ലെ മൂന്നാ൪ കൈയേറ്റം ഒഴിപ്പിക്കൽ ദൗത്യസംഘത്തിലെത്തിയപ്പോഴാണ് കേരളം അദ്ദേഹത്തെ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത്. അന്നത്തെ മുഖ്യമന്ത്രി വി.എസിൻെറ ‘പൂച്ചകൾ’ എന്ന വിശേഷണവും സംഘത്തിൻെറ ഇടിവെട്ട് രീതിയിലുള്ള ഒഴിപ്പിക്കലുകളും ഏറെ വാ൪ത്താപ്രാധാന്യം നേടിയിരുന്നല്ലോ. മൂന്നാറിൽനിന്ന് പിന്നെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലേക്ക് നീണ്ടു ആ ‘എലി പിടുത്തം’.
14 സംസ്ഥാനങ്ങളിലെ 18 തെരഞ്ഞെടുപ്പുകളിൽ മുഖ്യതെരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു അദ്ദേഹം. എല്ലാം പ്രശ്നബാധിത സംസ്ഥാനങ്ങൾ. നീതിപൂ൪വമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല ആരെ ഏൽപിക്കും എന്നത് കീറാമുട്ടിയായപ്പോഴാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമീഷൻ രാജു നാരായണ സ്വാമിയെ വിളിച്ചത്. അങ്ങനെ, നിരവധി സംസ്ഥാനങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകനായ ആ കാലം ഇന്ത്യയുടെ ആത്മാവറിഞ്ഞ ജീവിതകാലമായാണ് അദ്ദേഹം വിലയിരുത്തുന്നത്.
ജാ൪ഖണ്ഡിലെ ആദിവാസി മേഖലകൾ പലപ്പോഴും സീറോ പോളിങ് സ്റ്റേഷനുകളായാണ് അറിയപ്പെടുന്നത്. അതായത്, നക്സലുകളെ പേടിച്ച് ആരും വോട്ട് ചെയ്യാത്ത പോളിങ് കേന്ദ്രങ്ങൾ. 2007ലായിരുന്നു രാജു നാരായണ സ്വാമി ഈ സംസ്ഥാനങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ജോലിചെയ്തത്. ജനങ്ങളെ സുരക്ഷിതമായി വോട്ട് ചെയ്യാനെത്തിക്കുകയായിരുന്നു അദ്ദേഹത്തിൻെറ ഉത്തരവാദിത്തം. അതിനുവേണ്ടി നടത്തിയ കഠിന പരിശ്രമങ്ങൾ വിജയിച്ചു. ഒരു പരിധിവരെ ജനമെത്തി വോട്ടുചെയ്തു. അത് ചരിത്രവുമായി.
അസമിൽ തെരഞ്ഞെടുപ്പു കമീഷണറായിരുന്നപ്പോൾ അവിടത്തെ ഒരു പ്രധാന പ്രശ്നം സൗത് സാൽമാറയിൽ ബ്രഹ്മപുത്ര നദി കടന്ന് അക്കരെയുള്ളവ൪ ഇക്കരെ വന്ന് വോട്ട് ചെയ്യില്ല എന്നതായിരുന്നു. ബംഗ്ളാദേശിൻെറ അതി൪ത്തിയാണിവിടം. കുടിയേറ്റപ്രശ്നങ്ങളും അനധികൃത വോട്ടിങ്ങുമൊക്കെ തെരഞ്ഞെടുപ്പിൻെറ മറവിൽ രൂക്ഷമാകാനും സാധ്യതയുണ്ട്. ബി.എസ്.എഫിനെയും പാരാമിലിറ്ററി ഫോഴ്സിനെയുമൊക്കെ സജീവമാക്കി അത്തവണ അസമിലെ തെരഞ്ഞെടുപ്പ് സജീവമാക്കി.
കേവലം ഒരു വെബ്കാമും ജനറേറ്ററും മാത്രമുപയോഗിച്ച് ജനാധിപത്യത്തിൻെറ നടത്തിപ്പിൽ വിപ്ളവം സൃഷ്ടിച്ച ചരിത്രംകൂടിയുണ്ട് ഇദ്ദേഹത്തിന്. ബൂത്ത് കൈയേറ്റവും പ്രശ്നങ്ങളും തുട൪ക്കഥയായ തെരഞ്ഞെടുപ്പുവേളകളിൽ അവ ഒഴിവാക്കാനുള്ള ഉപാധിയായി വോട്ടിങ് തൽസമയം ഇൻറ൪നെറ്റിൽ കാണിച്ചു. ബിഹാറിൽ വോട്ടിങ് നടക്കുമ്പോൾ അവിടത്തെ യഥാസമയത്തെ വോട്ടിങ്നില എസ്.എം.എസുകളിലൂടെ പുറത്തുവിട്ടു. യു.പിയിൽ ആദ്യമായി വെബ്കാസ്റ്റിങ് നടപ്പാക്കിയതും സ്വാമിയായിരുന്നു.
പഞ്ചാബിലായിരുന്നു സൂപ്പ൪ ആക്ഷൻ നടത്തിയത്. പഞ്ചാബ് സംസ്ഥാന ഇലക്ഷനിൽ വ്യാപകമായി പണവും മയക്കുമരുന്നും നൽകി വോട്ട൪മാരെ സ്വാധീനിക്കാൻ ശ്രമംനടക്കുന്നതായി ആരോപണമുയ൪ന്നു. പരാതികളെ സസൂക്ഷ്മം വിലയിരുത്തുകയും അതനുസരിച്ച് നടപടിയെടുക്കുകയുമായിരുന്നു രാജു നാരായണ സ്വാമി ചെയ്തത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്ഥൻെറ വീട്ടിൽനിന്ന് 12 കോടി വിലവരുന്ന ഹെറോയിൻ പിടികൂടി തെരഞ്ഞെടുപ്പ് കമീഷൻ ഏവരെയും ഞെട്ടിച്ചു. ആരും ധൈര്യപ്പെടാത്തതായിരുന്നു ആ റെയ്ഡും നടപടിയും. എങ്കിലും, തനിക്ക് ഏറ്റവും വലിയ ആദരം തോന്നിയത് തമിഴ്നാട്ടിലെ തേനി ജില്ലാ കലക്ട൪ എ. കാ൪ത്തികിൻെറ ഡയലോഗ് കേട്ടപ്പോഴായിരുന്നു. എന്ന് അദ്ദേഹം പറയുന്നു. അവിടെ ഇലക്ഷന് വരണാധികാരിയായി ചെന്നപ്പോൾ തൻെറ ഐ.എ.എസ് സുഹൃത്തുകൂടിയായ കാ൪ത്തിക് പറഞ്ഞത് ഇവിടെ മൂന്നാറിലെ പൂച്ച വന്നിട്ടുള്ള കാര്യം പാട്ടായിരിക്കുന്നു. അതുകൊണ്ടുതന്നെ, രാഷ്ട്രീയ പാ൪ട്ടികൾ പരിഭ്രമത്തിലാണ് എന്നായിരുന്നു.
തേനിയിൽ നടി ഖുഷ്ബുവിനെതിരെ നടപടിയെടുത്തതും വലിയ ബഹളമുണ്ടാക്കി. അവ൪ ഒരു സ്ഥലത്ത് ഡി.എം.കെ സ്ഥാനാ൪ഥിക്കുവേണ്ടി പ്രസംഗിക്കാൻ അനുമതി വാങ്ങിയശേഷം മുക്കിന് മുക്കിന് പ്രസംഗിച്ചു. അത് മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കി. ഖുഷ്ബുവിനെതിരെ എഫ്.ഐ.ആ൪ എടുക്കാൻ പൊലീസിന് നി൪ദേശം നൽകിയതോടെ അനുമതി ഇല്ലാതെ പ്രസംഗിക്കില്ല എന്ന സ്ഥിതിയും ആ സമയത്ത് അവിടെയുണ്ടായി.
ഇപ്പോൾ സിവിൽ സപൈ്ളസ് കമീഷണറായ രാജു നാരായണ സ്വാമി തിരക്കുപിടിച്ച ജീവിതത്തിനിടയിലും പഠനത്തിലും സാഹിത്യത്തിലും ശ്രദ്ധപതിപ്പിക്കുന്നു. നോവലും ചെറുകഥയും സാഹിത്യ വിമ൪ശവും യാത്രാവിവരണങ്ങളും ശാസ്ത്രവും ബാലസാഹിത്യവും വിവ൪ത്തനവുമടക്കം 24 പുസ്തകങ്ങളാണ് അദ്ദേഹത്തിൻേറതായി അടുത്തകാലത്ത് പുറത്തുവന്നത്. 2003ലെ കേരള സാഹിത്യ അക്കാദമി അവാ൪ഡ്, ഭീമാ സാഹിത്യ അവാ൪ഡ് തുടങ്ങി പത്തോളം അഭിമാനകരമായ പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. തിരക്കുപിടിച്ച ഔദ്യാഗിക ജീവിതത്തിനിടയിലും അദ്ദേഹം നിരന്തരമായ പഠന ഗവേഷണത്തിലും പഠനത്തിലുമാണ്. ദൽഹിയിലെ നാഷനൽ ലോ യൂനിവേഴ്സിറ്റിയിൽനിന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇൻ അ൪ബൻ എൻവയോൺമെൻറ്സ് ലോ കോഴ്സാണ് അടുത്തിടെ പൂ൪ത്തിയായത്.
ഇപ്പോൾ കൊൽക്കത്തയിലെ നാഷനൽ ലോ യൂനിവേഴ്സിറ്റി നടത്തുന്ന ബിസിനസ് ലോയുടെ വിദ്യാ൪ഥിയാണ്. അമ്പതോളം അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുത്തു. 79 പഠന റിപ്പോ൪ട്ടുകൾ പ്രസിദ്ധീകരിച്ചു. 2011ൽ ഡോക്ടറേറ്റും നേടി.
സമൂഹത്തിനുവേണ്ടി എന്തെങ്കിലും പുതുതായി ചെയ്തുകൊണ്ടേയിരിക്കാൻ, മനസ്സ് മുരടിക്കാതിരിക്കാൻ നമ്മൾ പുതിയ അറിവുകൾ തേടണം എന്നാണ് സ്വാമിയുടെ പക്ഷം. അതിനായി ഈ 44ാം വയസ്സിലും അദ്ദേഹം പുതിയ മേഖലകൾ തേടിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
