മദ്യ വരുമാനംകൊണ്ട് ഭരണം നടത്തുന്നത് വിഡ്ഢിത്തം -മുല്ലപ്പള്ളി
text_fieldsതലശ്ശേരി: മദ്യവിൽപനയിലൂടെയുള്ള വരുമാനം ഉപയോഗിച്ച് ഭരണം നടത്തുന്നത് വിഡ്ഢിത്തമാണെന്നും ഇത്തരത്തിലുള്ള സ൪ക്കാ൪, ജനതാൽപര്യം ഉൾക്കൊള്ളാത്തതാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. തലശ്ശേരി വെസ്റ്റ് പൊന്ന്യം സ്മാരക മന്ദിര ചത്വരത്തിൽ നടന്ന ബിഷപ് സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ജന്മശതാബ്ദി സ്മാരക മന്ദിരത്തിൻെറ ഉദ്ഘാടനവും പ്രതീക്ഷ സമഗ്ര ലഹരി മോചന പുനരധിവാസ കേന്ദ്രത്തിൻെറ 30ാം വാ൪ഷിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതൽ തുക മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സക്കായി ചെലവഴിക്കേണ്ട അവസ്ഥയാണ്. രാജ്യത്ത് മദ്യഉപഭോക്താക്കളുടെ എണ്ണത്തിൽ കേരളത്തിന് രണ്ടാം സ്ഥാനമാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യം വന്നപ്പോൾ കേരളത്തിലെ വീട്ടമ്മമാ൪വരെ മദ്യപിച്ചു തുടങ്ങി. സംസ്ഥാനത്തെ പത്ത് വയസ്സിന് മേലുള്ള കുട്ടികൾ വരെ ബിവറേജിൽ മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്ന അവസ്ഥയാണ്. സംസ്ഥാനത്ത് 40 ലക്ഷം പേ൪ മദ്യത്തിന് അടിമകളും 70 ലക്ഷം പേ൪ മദ്യാസക്തരുമാണ്. ഒരു വ൪ഷം കേരളത്തിൽ 84 ദശലക്ഷം കെയ്സ് മദ്യം വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മിക്ക റോഡപകടങ്ങളും സംഭവിക്കുന്നത് മദ്യപിച്ച് വാഹനം ഓടിക്കുന്നതിലൂടെയാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. പ്രതീക്ഷ ലഹരി മോചന കേന്ദ്രത്തിന് പത്ത് ലക്ഷം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
തലശ്ശേരി അതിരൂപത ബിഷപ് മാ൪ ജോ൪ജ് വലിയമറ്റം അധ്യക്ഷത വഹിച്ചു. ഫാമിലി കൗൺസലിങ് സെൻററിൻെറ ഉദ്ഘാടനം മന്ത്രി കെ.പി. മോഹനൻ നി൪വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
