ആദിവാസി യുവതി റോഡരികില്‍ പ്രസവിച്ചു
text_fieldsമട്ടന്നൂ൪: ആദിവാസി യുവതി പെൺകുഞ്ഞിന് ജൻമം നൽകിയത് റോഡരികിൽ. ഉളിക്കൽ പരിക്കളത്തെ കുംഭങ്ങോട് കോളനിയിലെ രവിയുടെ ഭാര്യ 30 കാരിയായ സി. സരോജിനിയാണ് മട്ടന്നൂ൪ കോടതിക്ക് സമീപത്തെ ബസ് ഷെൽട്ടറിന് പിറകിൽ പ്രസവിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അന്ത൪ സംസ്ഥാന പാതയോരം അൽപസമയം പ്രസവ വാ൪ഡായി മാറിയത്. നാട്ടുകാരും പൊലീസും ഇടപെട്ട് ഉടൻതന്നെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മട്ടന്നൂരിലെ ആശ്രയ ഹോസ്പിറ്റലിൽ സരോജിനിയും കുഞ്ഞും സുഖമായി കഴിയുന്നു.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുട൪ന്ന് ഭ൪ത്താവിൻെറ അമ്മ സരോജിനിക്കൊപ്പം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് ബസിൽ പുറപ്പെട്ടതായിരുന്നു. വേദന സഹിക്കാൻ പറ്റാതെവന്നപ്പോൾ കോടതി പരിസരത്ത് ബസിറങ്ങി സമീപത്തെ ബസ് ഷെൽട്ടറിൽ വിശ്രമിച്ചു. ഇതിനിടയിൽ വേദന കലശലാവുകയും അമ്മ ഷെൽട്ടറിന് പിറകിൽ യുവതിയെ കിടത്തുകയും ഉടൻതന്നെ പ്രസവിക്കുകയും ചെയ്തു. നാട്ടുകാ൪ പൊലീസിൽ വിവരം നൽകിയതിനെ തുട൪ന്ന് എസ്.ഐ. കെ.വി. പ്രമോദിൻെറ നേതൃത്വത്തിൽ വനിതാ പൊലീസും ജനമൈത്രി പൊലീസും സാമൂഹിക പ്രവ൪ത്തകനായ മിനി ക്ളബ് സെക്രട്ടറി എൻ. പ്രകാശനും സ്ഥലത്തെത്തി യുവതിയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. റോഡരികിൽ സുഖപ്രസവമായിരുന്നെങ്കിലും പൊക്കിൾ മുറിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആശുപത്രിയിലെത്തിയതിന് ശേഷമാണ് ചെയ്തത്. പാവപ്പെട്ട കുടുംബമായതിനാൽ എല്ലാ ചെലവുകളും ആശുപത്രി തന്നെ വഹിക്കുമെന്ന് ആശ്രയ ഹോസ്പിറ്റലിലെ ഡോ. സുചിത്ര സുധീ൪ ‘മാധ്യമ’ത്തോട് പറഞ്ഞു. സരോജിനിയുടെ മൂന്നാമത്തെ പ്രസവമാണിത്. മൂത്ത കുട്ടികളായ രഞ്ജിതയും രഞ്ജിമയും ഇവ൪ക്കൊപ്പമുണ്ടായിരുന്നു. സരോജിനിയുടെ ഭ൪ത്താവ് രവി കൂലിപ്പണിക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
