ട്വന്‍റി-20 ലോകക്കപ്പ്: ശ്രീലങ്ക ഫൈനലില്‍
text_fieldsകൊളംബോ: മുൻ ചാമ്പ്യന്മാരായ പാകിസ്താനെ 16 റൺസിന് കീഴടക്കി ആതിഥേയരായ ശ്രീലങ്ക ട്വൻറി20 ലോകകപ്പ് ക്രിക്കറ്റിൻെറ ഫൈനലിൽ പ്രവേശിച്ചു. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിഫൈനലിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്ത ലങ്കക്ക് മറുപടിയായി ഏഴു വിക്കറ്റിന് 123 റൺസെടുക്കാനേ പാക് താരങ്ങൾക്ക് കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് (40 പന്തിൽ 42), ഇമ്രാൻ നസീ൪ (21 പന്തിൽ 20), ഉമ൪ അക്മൽ (22 പന്തിൽ 29 നോട്ടൗട്ട്) എന്നിവ൪ മാത്രമാണ് പാക് നിരയിൽ രണ്ടക്കം കണ്ടത്. രംഗന ഹെറാത് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അജന്ത മെൻഡിസും ഏയ്ഞ്ചലോ മാത്യൂസും രണ്ടു വിക്കറ്റ് വീതം നേടി. നേരത്തേ, ക്യാപ്റ്റൻ മഹേല ജയവ൪ധനെ (36 പന്തിൽ 42), തിലകരത്നെ ദിൽഷൻ (43 പന്തിൽ 35) എന്നിവരാണ് ആതിഥേയ ബാറ്റിങ്ങിൽ തിളങ്ങിയത്. മഹേലയാണ് മാൻ ഓഫ് ദ മാച്ച്.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം മുൻനി൪ത്തി പാകിസ്താൻ ജാഗ്രതയോടെയാണ് തുടങ്ങിയത്. ബാറ്റിങ് ആയാസകരമായ ട്രാക്കിൽ ഹഫീസും ഇമ്രാൻ നസീറും (21 പന്തിൽ 20) 31 റൺസ് ചേ൪ത്തു. ആറാം ഓവറിലെ അവസാന പന്തിൽ അജന്ത മെൻഡിസിൻെറ പന്ത് പാഡിലുരുമ്മി വിക്കറ്റിൽ പതിച്ചതോടെയാണ് പാകിസ്താൻെറ വിക്കറ്റ് വീഴ്ചക്ക് തുടക്കമായത്. ആസ്ട്രേലിയക്കെതിരെ മികവുകാട്ടിയ നസീ൪ ജംഷിദിനെ (എട്ടു പന്തിൽ നാല്) വിക്കറ്റിനു മുന്നിൽ കുടുക്കിയ ഏയ്ഞ്ചലോ മാത്യൂസ് രണ്ട് പന്തിനുശേഷം കമ്രാൻ അക്മലിനെ (ഒന്ന്) ഷോ൪ട്ട് മിഡ്വിക്കറ്റിൽ മഹേലയുടെ കൈകളിലെത്തിച്ചു. അടുത്ത ഓവറിൽ ശുഐബ് മാലിക് (ആറ്) ഹെറാത്തിൻെറ പന്തിൽ ക്ളീൻ ബൗൾഡായതോടെ 11 ഓവറിൽ പാകിസ്താൻ നാലിന് 64 എന്ന നിലയിലെത്തി. തൊട്ടുടനെ ലോങ്ഓണിൽ ഹഫീസ് നൽകിയ അനായാസ ക്യാച്ച് മലിംഗ വിട്ടുകളഞ്ഞു. പിന്നീട് നേരിട്ട ഏഴു പന്തിനിടെ രണ്ട് ഫോറും ഒരു സിക്സുമടിച്ച് ഹഫീസ് ആ ‘ലൈഫ്’ ആഘോഷിച്ചു.
പതിയെ കരുത്ത് വീണ്ടെടുക്കുകയായിരുന്ന ഇന്നിങ്സിനെ തള൪ത്തി ഹെറാത്തിൻെറ ഓവ൪ വീണ്ടും. നാലു ഫോറും ഒരു സിക്സുമടക്കം 42ലെത്തിയ ഹഫീസിനെ സങ്കക്കാര സ്റ്റമ്പ് ചെയ്തു. അടുത്ത പന്തിൽ അപകടകാരിയായ ശാഹിദ് അഫ്രീദി ക്ളീൻബൗൾഡ്. മുൻ ചാമ്പ്യന്മാ൪ ആറിന് 91 റൺസെന്ന അപകടസന്ധിയിലായി. സുഹൈൽ തൻവീറിനെ കൂട്ടുനി൪ത്തി കമ്രാൻ മുന്നേറുന്നതിനിടെ മെൻഡിസ് വീണ്ടുമെത്തി. 13 പന്തിൽ എട്ടു റൺസെടുത്ത തൻവീറിനെ സങ്കക്കാര സ്റ്റമ്പ് ചെയ്തു. പിന്നീട് കൂറ്റനടികളിൽ ജയസാധ്യത ഉണ്ടായിരുന്നെങ്കിലും പാക് സ്വപ്നങ്ങൾ പച്ച പിടിച്ചില്ല. ഉമ൪ ഗുൽ ആറു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക പാഡു കെട്ടിയിറങ്ങിയത് പതിഞ്ഞ തുടക്കത്തിലേക്കായിരുന്നു. വിക്കറ്റ് കളയാതെ ക്രീസിൽ നിലയുറപ്പിക്കുകയെന്നതിന് മഹേല ജയവ൪ധനെ-തിലകരത്നെ ദിൽഷൻ സഖ്യം പ്രധാന പരിഗണന നൽകിയപ്പോൾ പ്രേമദാസ സ്റ്റേഡിയത്തിൻെറ ട്രാക്കിൽ ഇടതടവില്ലാതെ ബൗണ്ടറികൾ ഒഴുകിപ്പരന്നില്ല. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ തൻവീറിനെതിരെ റണ്ണെടുക്കാൻ ലങ്കൻ ഓപണ൪മാ൪ നന്നേ ബുദ്ധിമുട്ടി.
സ്പിന്നിൻെറ പോരാട്ടമാകുമെന്ന് നിരീക്ഷിക്കപ്പെട്ട മത്സരത്തിൽ പാകിസ്താൻ തങ്ങളുടെ തുറുപ്പുചീട്ടായ സഈദ് അജ്മലിനെ അഞ്ചോവറിനുശേഷം പന്തേൽപിച്ചു. അജ്മലിൻെറ ആദ്യ പന്തടക്കം രണ്ടു തവണ ജയവ൪ധനെ ഫോറിന് ശിക്ഷിച്ചു. അടുത്ത ഓവറിൽ ബൗൾ ചെയ്യാനെത്തിയ ശാഹിദ് അഫ്രീദിയെയും റിവേഴ്സ് പുള്ളിങ് ഷോട്ടിലൂടെ ലങ്കൻ ക്യാപ്റ്റൻ അതി൪ത്തി കടത്തി. പത്തോവ൪ പിന്നിടുമ്പോൾ 62 റൺസായിരുന്നു ആതിഥേയ സ്കോ൪ ബോ൪ഡിൽ.
റൺനിരക്ക് ഉയ൪ത്താനുള്ള യത്നം തുടങ്ങവെ മഹേല ക്രീസ് വിട്ടത് ലങ്കക്ക് തിരിച്ചടിയായി. 11ാം ഓവറിലെ രണ്ടാം പന്തിൽ അഫ്രീദിയാണ് പാകിസ്താന് ബ്രേക്ത്രൂ നൽകിയത്. സ്കൂപ് ഷോട്ടിനുള്ള ജയവ൪ധനെയുടെ നീക്കം പാളിയപ്പോൾ ഷോ൪ട്ട് ഫൈൻ ലെഗിൽ റാസാ ഹസൻെറ ക്യാച്ച്. വിശ്വസ്തനായ സങ്കക്കാരയാണ് പിന്നീട് ക്രീസിലെത്തിയത്. നേരിട്ട ആദ്യപന്തിൽ അഫ്രീദിയെ ലോങ്ഓണിലൂടെ ബൗണ്ടറി കടത്തിയ സങ്കക്കാരക്ക് പക്ഷേ, അധികം ആയുസ്സുണ്ടായില്ല. പാക് ക്യാപ്റ്റനെ കയറിയടിക്കാനുള്ള ശ്രമം അവസാനിച്ചത് ലോങ്ഓണിൽ മാലികിൻെറ കൈകളിൽ. 11 പന്തിൽ 18 റൺസായിരുന്നു സങ്കക്കാരയുടെ സമ്പാദ്യം.
തുടക്കം മുതൽ പത൪ച്ച കാട്ടിയ ദിൽഷൻ പതിയെ ആക്രമിച്ചുകളിക്കാൻ തുടങ്ങി. ജീവൻ മെൻഡിസ് മറുവശത്ത് ജാഗ്രത കാട്ടിയതോടെ റൺനിരക്കിന് പ്രതീക്ഷിച്ച വ൪ധന ഉണ്ടായില്ല. കൃത്യം 15 ഓവ൪ പിന്നിട്ടപ്പോഴാണ് ലങ്ക 100 റൺസിലെത്തിയത്. ഗുൽ എറിഞ്ഞ 18ാം ഓവറിൽ ജീവൻ മെൻഡിസ് എൽ.ബി.ഡബ്ള്യുവിൽ പുറത്തായതായി അമ്പയ൪ വിധിച്ചെങ്കിലും പിന്നീട് റീപ്ളേയിൽ നോബാളായിരുന്നുവെന്ന് തെളിഞ്ഞു. വൈകാതെ ദിൽഷനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഗുൽ പ്രായശ്ചിത്തം ചെയ്തു. അജ്മൽ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തിൽ ജീവൻ മെൻഡിസിനെ സ്റ്റമ്പ് ചെയ്ത് കമ്രാനും അവസരത്തിനൊത്തുയ൪ന്നു. അവസാന ഓവറിൽ തിസര പെരേരയും (ഏഴു പന്തിൽ 11 നോട്ടൗട്ട്) ഏയ്ഞ്ചലോ മാത്യൂസും (ആറു പന്തിൽ 10 നോട്ടൗട്ട്) ചേ൪ന്ന് മൂന്നു ഫോറടക്കം 16 റൺസ് വാരിക്കൂട്ടിയതോടെയാണ് ഇന്നിങ്സിന് പ്രതീക്ഷിച്ചതിലേറെ കരുത്ത് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
