മെഗാ നിയമ അദാലത്തില്‍ പരാതി പ്രളയം; 146 കേസ് തീര്‍പ്പാക്കി
text_fieldsതലശ്ശേരി: തലശ്ശേരി ജില്ലാ കോടതിയിൽ നടന്ന നിയമ മെഗാ അദാലത്തിൽ പരാതി പ്രളയം. വിവിധ കോടതികളിലായി സജ്ജീകരിച്ച 13 ബൂത്തുകളിൽ നടന്ന അദാലത്തിൽ 839 കേസുകൾ പരിഗണിച്ചു.
ഇതിൽ 146 കേസുകളിൽ തീ൪പ്പു കൽപിച്ചു. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള നഷ്ടപരിഹാര ഇനത്തിൽ ആകെ 627 കേസുകൾ അദാലത്തിൽ പരിഗണിച്ചു.
ഇതിൽ വിവിധ കേസുകളിലായി 75 ലക്ഷത്തോളം രൂപ നഷ്ട പരിഹാരം നൽകാനും ധാരണയായി. 28 സിവിൽ കേസുകളിൽ മൂന്നെണ്ണത്തിനും 128 ക്രിമിനൽ കേസുകളിൽ ഏഴെണ്ണത്തിനും പരിഹാരമായി. 56 കുടുംബ കേസുകൾ പരിഗണിച്ചതിൽ 15 എണ്ണത്തിൽ ഒത്തു തീ൪പ്പായി.
ജില്ലാ ലീഗൽ സ൪വീസ് അതോറിറ്റിയും തലശ്ശേരി താലൂക്ക് ലീഗൽ സ൪വീസ് കമ്മിറ്റിയും സംയുക്തമായാണ് തലശ്ശേരിയിൽ മെഗാ അദാലത്ത് സംഘടിപ്പിച്ചത്. ജില്ലയിലെ മുഴുവൻ കോടതികളിലും ഇതിൻെറ ഭാഗമായി ചൊവ്വാഴ്ച നിയമ അദാലത്തുകൾ സംഘടിപ്പിച്ചു. തലശ്ശേരിയിൽ നടന്ന നിയമ മെഗാ അദാലത്ത് ജില്ലാ ജഡ്ജി വി. ഷേ൪സി ഉദ്ഘാടനം ചെയ്തു.
തലശ്ശേരിയിൽ 13ഉം കണ്ണൂ൪, പയ്യന്നൂ൪, തളിപ്പറമ്പ് എന്നിവിടങ്ങളിൽ മൂന്നും മട്ടന്നൂ൪, കൂത്തുപറമ്പ് കോടതികളിൽ ഓരോ ബൂത്തുകൾ വീതമാണ് സജ്ജീകരിച്ചത്.
ജില്ലാ ജഡ്ജി വി. ഷേ൪സി, അഡീഷനൽ ജില്ലാ ജഡ്ജി ആ൪. രഘു, അഡീഷനൽ സബ് ജഡ്ജി ബി.ജി. ശ്രീദേവി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി.എസ്. സുധ, അഡീഷനൽ ജില്ലാ ജഡ്ജി ഇ. ബൈജു എന്നിവ൪ അദാലത്തിന് നേതൃത്വം നൽകി.
അദാലത്തിൽ പങ്കെടുക്കേണ്ട കക്ഷികൾക്കെല്ലാം ഒരു മാസം മുമ്പ് നോട്ടീസ് അയച്ചിരുന്നു. സ്റ്റേറ്റ് ലീഗൽ സ൪വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയ൪മാൻ ഗാന്ധി ജയന്തി ദിനത്തിൽ സംസ്ഥാന വ്യാപകമായി അദാലത്തുകൾ നടത്താൻ നി൪ദേശിച്ചതിൻെറ അടിസ്ഥാനത്തിലാണ് ജില്ലയിലെ കോടതികളിൽ അദാലത്ത് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
