കായംകുളത്ത് യു.ഡി.എഫില്‍ അസംതൃപ്തി
text_fieldsകായംകുളം: കായംകുളത്ത് യു.ഡി.എഫിനുള്ളിൽ അസംതൃപ്തി പുകയുന്നു. ഘടകകക്ഷികളെ നോക്കുകുത്തിയാക്കി കോൺഗ്രസ് ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുകയാണെന്ന പരാതിയുമായി സോഷ്യലിസ്റ്റ് ജനത രംഗത്തുവന്നതോടെ വിഷയം വിവാദമായിരിക്കുകയാണ്. സോഷ്യലിസ്റ്റ് ജനതയെ കൂടാതെ ജെ.എസ്.എസ്, സി.എം.പി, കേരള കോൺഗ്രസ് കക്ഷികളും ലീഗിലെ ഒരു വിഭാഗവും ഇതേവികാരം പങ്കുവെക്കുകയാണ്.
കോൺഗ്രസും മുസ്ലിംലീഗിലെ നഗരഭരണത്തിൽ പങ്കാളിത്തമുള്ള വിഭാഗവും മാത്രമാണ് കാര്യങ്ങൾ അറിയുന്നതെന്നാണ് ഇവരുടെ പരാതി.
പാ൪ട്ടിയുടെ നേതൃത്വം വഹിക്കുന്ന ലീഗിലെ പ്രബല വിഭാഗത്തെ പരിപാടികളിൽ നിന്നുപോലും മാറ്റിനി൪ത്തുന്നെന്നും പരാതിയുണ്ട്.
നഗരഭരണത്തിലെ കെടുകാര്യസ്ഥതക്ക് എതിരെ ആരോപണവുമായി സോഷ്യലിസ്റ്റ് ജനത നേതാക്കൾ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
നഗരംനേരിടുന്ന വിഷയങ്ങൾ ച൪ച്ച ചെയ്യാൻ യു.ഡി.എഫ് യോഗം വിളിച്ചുചേ൪ക്കണമെന്ന ആവശ്യം നേതൃത്വം അംഗീകരിക്കാതിരുന്നതോടെയാണ് പരസ്യ പ്രതികരണത്തിന് സോഷ്യലിസ്റ്റ് ജനത തയാറായത്.
കായംകുളത്തുകാരനായ യു.ഡി.എഫ് ജില്ലാ ചെയ൪മാൻറ ഇടപെടലാണ് യോഗം കൂടുന്നതിന് തടസ്സമെന്നാണ് ഘടകകക്ഷികളുടെ പരാതി. ജില്ലയിലെ യു.ഡി.എഫ് സംവിധാനം നിശ്ചലമാണെന്ന് കാട്ടി സോഷ്യലിസ്റ്റ് ജനത സംസ്ഥാന കൺവീന൪ക്ക് പരാതി നൽകിയിരിക്കുകയാണ്. വിഷയത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറിനെയും ഇവ൪ സമീപിച്ചു.
സസ്യമാ൪ക്കറ്റ് നവീകരണ വിഷയത്തിൽ നഗരസഭാ ഭരണനേതൃത്വം അലംഭാവം കാട്ടുകയാണെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തുണ്ട്.
വ്യാപാരികളുടെ ഉപവാസം ഉദ്ഘാടനം ചെയ്ത സോഷ്യലിസ്റ്റ് ജനത സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് നഗരത്തിലെ യു.ഡി.എഫ് ഭരണത്തിനെതിരെ ശക്തമായ വിമ൪ശമാണ് ഉയ൪ത്തിയത്. കോൺഗ്രസിൻെറ ഏകപക്ഷീയ നിലപാടും ഭരണത്തിൻെറ ഇച്ഛാശക്തിയില്ലായ്മയുമാണ് വികസനത്തിന് തടസ്സമെന്ന് അദ്ദേഹം ആരോപിച്ചു. പിന്നീടാണ് യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന് എതിരെ പരാതി നൽകിയ കാര്യം സോഷ്യലിസ്റ്റ് ജനത സമ്മതിച്ചത്. ഇതിനിടെ, അസംതൃപ്തരായ ഘടകകക്ഷികളെ ഒരുമിച്ചുകൂട്ടി കുറുമുന്നണി രൂപവത്കരിക്കാനുള്ള നീക്കം നടക്കുന്നതായും അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
