തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി സബ് ഡിപോ: സ്ഥലമെടുപ്പിന് നടപടികളായില്ല
text_fieldsതിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ആ൪.ടി.സി സബ്ഡിപോക്ക് സ്ഥലം ഏറ്റെടുക്കാനുള്ള ഭൂമിയുടെ വിലനി൪ണയ നടപടികൾ വൈകുന്നു. വിലനി൪ണയ നടപടികൾ ഉടൻ പൂ൪ത്തിയാക്കണമെന്ന് റവന്യൂവകുപ്പിന് അധികൃത൪ നി൪ദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് തിരുവമ്പാടി വില്ലേജ് ഓഫിസിലെത്തിയിട്ട് രണ്ടരമാസത്തോളമായി. വില്ലേജ് അധികൃത൪ വാല്വേഷൻ നടപടികളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല.
സബ്ഡിപോക്കാവശ്യമായ സ്ഥലം വാങ്ങി കെ.എസ്.ആ൪.ടി.സിക്ക് കൈമാറാമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ഉറപ്പിലാണ് തിരുവമ്പാടിയിൽ കെ.എസ്.ആ൪.ടി.സി ഓപറേറ്റിങ് സെൻറ൪ തുടങ്ങിയത്. കെ.എസ്.ആ൪.ടി.സി ഡിപോക്കായി ഒന്നരവ൪ഷംമുമ്പ് തിരുവമ്പാടി നാൽപത്മേനിയിൽ ഗ്രാമപഞ്ചായത്തധികൃത൪ സ്ഥലം കണ്ടെത്തിയിരുന്നു. കണ്ടെത്തിയ 1.75 ഏക്ക൪ സ്ഥലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭ്യ൪ഥനയെ തുട൪ന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂനിറ്റ് കമ്മിറ്റി വാങ്ങിയിരുന്നു. സെൻറിന് 17,750 രൂപ കണക്കാക്കി 32 ലക്ഷത്തോളം ചെലവഴിച്ചാണ് വ്യാപാരികൾ സ്ഥലം വാങ്ങിയത്. ആറുമാസത്തിനകം തുക നൽകി സ്ഥലം ഏറ്റെടുക്കാമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി വ്യാപാരികൾക്ക് ഉറപ്പുനൽകി. എന്നാൽ, വാഗ്ദാനം പാലിക്കാൻ ഭരണസമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
നി൪ദിഷ്ട സ്ഥലം കെ.എസ്.ആ൪.ടി.സിക്ക് കൈമാറിയാലേ കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡ്, വ൪ക്ഷോപ്, അനുബന്ധ സൗകര്യങ്ങൾ യാഥാ൪ഥ്യമാക്കാൻ കഴിയൂ. 2011 ഫെബ്രുവരിയിൽ പ്രവ൪ത്തനമാരംഭിച്ച തിരുവമ്പാടി കെ.എസ്.ആ൪.ടി.സി ഓപറേറ്റിങ് സെൻറ൪ പരാധീനതകളാൽ വീ൪പ്പുമുട്ടുകയാണ്. ദീ൪ഘദൂര സ൪വീസുകൾ ഉൾപ്പെടെ 23 ബസുകളുള്ള ഓപറേറ്റിങ് സെൻററിന് ആവശ്യമായ ഭൗതിക സൗകര്യങ്ങളൊന്നും നിലവിലില്ല. സ്വകാര്യവ്യക്തി വാടകക്ക് നൽകിയ സ്ഥലത്താണ് കെ.എസ്.ആ൪.ടി.സിയുടെ താൽക്കാലിക വ൪ക്ഷോപ് പ്രവ൪ത്തിക്കുന്നത്. വ൪ക്ഷോപ്പിൽ ഉപകരണങ്ങളില്ലാത്തതിനാൽ മലയോരത്ത് തകരാറിലാകുന്ന ബസുകൾ താമരശ്ശേരി സബ്ഡിപോയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
ഗ്രാമപഞ്ചായത്തധികൃത൪ റവന്യൂവകുപ്പിൽ സമ്മ൪ദം ചെലുത്തിയാലേ സബ്ഡിപോ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂ൪ത്തീകരിക്കാനാകൂവെന്ന് പൊതുപ്രവ൪ത്തക൪ ചൂണ്ടിക്കാട്ടി. സബ്ഡിപോക്ക് ഭൂമി വാങ്ങിയ തുക ഡിസംബ൪ 31നകം തിരികെ ലഭിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
