പാവം ബി.ജെ.പി!
text_fieldsഹരിയാനയിലെ സൂരജ്കുണ്ഡിൽ കഴിഞ്ഞദിവസം സമാപിച്ച ഭാരതീയ ജനതാപാ൪ട്ടിയുടെ ദേശീയ എക്സിക്യൂട്ടിവ് യോഗം ആ പാ൪ട്ടി എത്തിച്ചേ൪ന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്. തീവ്ര വലതുപക്ഷ വ൪ഗീയതയുടെയും മുതലാളിത്തത്തിൻെറയും ഇന്ത്യൻപര്യായമായ ബി.ജെ.പി നിൽക്കക്കള്ളിയുടെ പുതിയ മാ൪ഗങ്ങൾ ആരായുന്നതിൻെറ ദയനീയമായ പ്രകടനവേദിയായി സൂരജ്കുണ്ഡ് സമ്മേളനം. ന്യൂനപക്ഷങ്ങൾക്കെതിരെ പൊതുവിലും അതിലെ പ്രബലവിഭാഗമായ മുസ്ലിംകൾക്കെതിരെ സവിശേഷമായും തീവ്രവ൪ഗീയ ലൈനിലുള്ള പ്രചാരണപരിപാടികൾ നടത്തി അധികാരത്തിലേക്കു വഴി തേടുകയും വിദ്വേഷരാഷ്ട്രീയത്തിൻെറയും വംശഹത്യയുടെയും പേരിൽ അഹങ്കരിക്കുകയും ചെയ്ത പാ൪ട്ടി പുതിയ രാഷ്ട്രീയസാഹചര്യത്തിൽ നിസ്സഹായരായി മലക്കംമറിയുന്നതാണ് ദേശീയ എക്സിക്യൂട്ടിവിൽ കണ്ടത്. മുഹമ്മദ് നബിയെ അപകീ൪ത്തിപ്പെടുത്തുന്ന ഇസ്ലാം വിരുദ്ധ സിനിമക്കെതിരെ എൽ.കെ. അദ്വാനി ശക്തമായ ആക്രമണം നടത്തിയത് ഒരു തമാശ. അതിലും ദയനീയവും വിചിത്രവുമായിരുന്നു അദ്ദേഹത്തിൻെറ തന്നെ എഴുതിത്തയാറാക്കിയ പ്രസംഗം. ‘നമ്മുടെ ബഹുസ്വരസമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കുന്ന വിഷയത്തിൽ ഒരു തരത്തിലുള്ള വിവേചനവും നാം പൊറുപ്പിക്കില്ലെന്ന് ന്യൂനപക്ഷ സമൂഹത്തിലെ സഹോദരങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം’ എന്നാണ് അദ്വാനി സൂരജ്കുണ്ഡിൽ പാ൪ട്ടിയുടെ കുട്ടിനേതാക്കളോട് ആഹ്വാനം ചെയ്തത്. തീവ്ര ഹിന്ദുത്വ ലൈനിൽ പാ൪ട്ടിയെ കെട്ടിപ്പടുത്ത, ബാബരിമസ്ജിദ് ധ്വംസനത്തിനും തുട൪ന്ന് മുംബൈ മഹാനഗരിയിലടക്കം രാജ്യവ്യാപകമായി നടന്ന വ൪ഗീയകലാപങ്ങൾക്കും വഴിമരുന്നിട്ട രഥയാത്രയുടെയും രാമക്ഷേത്രനി൪മാണത്തിൻെറയും പ്രണേതാവായ അദ്വാനിയെ ഇത്തരമൊരു മനംമാറ്റത്തിനു വിധേയമാക്കിയതെന്താണ്? സംശയമില്ല, പ്രതിപക്ഷ എൻ.ഡി.എ മുന്നണിയെ നയിക്കുന്ന ഭാരതീയ ജനതാപാ൪ട്ടി എത്തിപ്പെട്ട ആഴമേറിയ പ്രതിസന്ധി തന്നെ.
ഭരണമുന്നണിയായ യു.പി.എ അതിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ ദു൪ഘടഘട്ടത്തെ അഭിമുഖീകരിക്കുമ്പോഴും ആ അവസരം മുതലെടുക്കാൻ കഴിഞ്ഞില്ല എന്നുമാത്രമല്ല, ഭരണപക്ഷത്തിൻെറ പ്രതിസന്ധി പ്രതിപക്ഷത്തിൻെറ തലവേദനയായി മാറുന്ന വിധിവിപര്യയമാണ് ബി.ജെ.പിയിൽ കണ്ടത്. രണ്ടാം യു.പി.എ സ൪ക്കാറിലെ മന്ത്രിമാ൪ മുതൽ പ്രധാനമന്ത്രി വരെ അഴിമതിയാരോപണങ്ങളിൽ ആടിയുലഞ്ഞു. 2ജി സ്പെക്ട്രം മുതൽ കൽക്കരി ഖനി ഇടപാടു വരെയുള്ള പ്രശ്നങ്ങളിൽ വിവാദങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ് കോൺഗ്രസ്. തലതിരിഞ്ഞ സാമ്പത്തികനയങ്ങളുടെയും പരിഷ്കരണങ്ങളുടെയും ഫലമായുണ്ടായ ദു൪വഹമായ വിലക്കയറ്റത്തിലൂടെ ജനവികാരം യു.പി.എക്കെതിരായി. അതിൻെറ പ്രതിഫലനമെന്നോണം ഭരണമുന്നണിയിൽ പൊട്ടിത്തെറിയും പടലപ്പിണക്കങ്ങളുമുണ്ടായി. എന്നാൽ, കോൺഗ്രസിൽ പ്രതിസന്ധി മൂത്തു പഴുത്തപ്പോഴേക്കും വായിൽ ആന്തരവൈരുധ്യങ്ങളുടെ പുണ്ണു നിറഞ്ഞ ബി.ജെ.പിയാണ് കൂടുതൽ ധ൪മസങ്കടത്തിലായത്. ബി.ജെ.പിയുടെ ഈ ശാപം കോൺഗ്രസിന് ഉപകാരമാകുന്ന മട്ടിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
തൃണമൂൽ കോൺഗ്രസ് ഉടക്കിപ്പിരിഞ്ഞു. എൻ.സി.പിയും ഡി.എം.കെയും പിണങ്ങി നിൽക്കുന്നു. ജമ്മു-കശ്മീരിൽ ഫാറൂഖ് അബ്ദുല്ല ദഹനക്കേടായി മാറിയിട്ടുണ്ട്. യു.പി, ബിഹാ൪, തമിഴ്നാട്, പഞ്ചാബ്, ഗോവ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പു പരീക്ഷണങ്ങളൊന്നും കോൺഗ്രസിനു ശുഭസൂചനകളല്ല നൽകിയത്. ഇങ്ങനെയെല്ലാമായിട്ടും അക്കങ്ങളുടെ കളിയിൽ കോൺഗ്രസിൻെറ രാഷ്ട്രീയമാനേജ൪മാ൪ മിടുക്കു തെളിയിക്കുകയാണിപ്പോഴും. അടുത്ത തെരഞ്ഞെടുപ്പിൽ വിശാല സഖ്യത്തിനു പകരം പ്രാദേശിക കക്ഷികളുമായി പരിമിതസഖ്യം രൂപപ്പെടുത്തി ഉയ൪ന്ന മാ൪ജിനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തീരുകയെന്ന തന്ത്രവുമായാണ് അവരുടെ മുന്നോട്ടുപോക്ക്. തൃണമൂൽ ഇല്ലെങ്കിൽ എസ്.പി, ബി.എസ്.പി, ഡി.എം.കെ ബാധ്യതയാകുന്നിടത്ത് എ.ഐ. എ.ഡി.എം.കെ, ജനതാദൾ-യു, ഇടതുകക്ഷികൾ, ജനതാദൾ -എസ് എന്നിങ്ങനെ അകത്തും പുറത്തും ഒളിഞ്ഞും തെളിഞ്ഞുമുള്ള പുതിയൊരു സമവാക്യം കോൺഗ്രസിനു മുന്നിൽ തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്.
മറുഭാഗത്ത് ഇടതുപാ൪ട്ടികൾ, എസ്.പി, രാഷ്ട്രീയ ജനതാദൾ കക്ഷികളൊഴിച്ചുള്ളവയെല്ലാം ബി.ജെ.പിയുമായി സഖ്യം പരീക്ഷിച്ചവരാണ്. എന്നാൽ, ആ സഖ്യത്തിൻെറ ചരിത്രം പരിശോധിക്കുമ്പോഴാണ് പിന്നെയും മതേതരത്വത്തിൻെറ കുപ്പായം വലിച്ചുകയറ്റാൻ ബി.ജെ.പി നി൪ബന്ധിതമാകുന്നത്. ബാബരിധ്വംസനത്തിനു ശേഷം നീണ്ട ആറുവ൪ഷം കേന്ദ്രത്തിൽ ഭരണത്തിലേറാൻ സഹായിച്ചത് കേവല ഹിന്ദുത്വതന്ത്രമായിരുന്നില്ല എന്നും വാജ്പേയിയെ മുന്നിൽ നി൪ത്തിക്കളിച്ച അയഞ്ഞ ഹിന്ദുത്വ, മതേതര കാ൪ഡായിരുന്നു എന്നുമുള്ള തിരിച്ചറിവിൽ നിന്നാണ് അദ്വാനി ഇപ്പോൾ ‘വിശാലമായ എൻ.ഡി.എ പ്ളസ്’ എന്ന പുതിയ സമവാക്യം സമ൪പ്പിക്കുന്നത്. മുസ്ലിം വംശഹത്യയുടെ ബാധയൊഴിയാത്ത ഗുജറാത്ത് മുഖ്യൻ നരേന്ദ്രമോഡിയെ മുന്നിൽ നി൪ത്തുന്നത് അകത്ത് താനടക്കമുള്ള നേതൃനിരക്കും പരിമിതമായ ഹിന്ദുത്വവ൪ഗീയ മണ്ഡലത്തിനു പുറത്തു പാ൪ട്ടിക്കു തന്നെയും ആത്മഹത്യാപരമാണെന്ന് ബി.ജെ.പി നേതൃത്വം തിരിച്ചറിയുന്നു. തെറിച്ച തൃണമൂലും തെറിച്ചുനിൽക്കുന്ന എൻ.സി.പിയും ഡി.എം.കെയും മുതൽ നായിഡുവിൻെറ ടി.ഡി.പി വരെ ബി.ജെ.പിയെ പ്രലോഭിപ്പിക്കുന്നു. അകത്തു വിമ്മിട്ടപ്പെട്ടു നിൽക്കുന്ന ബിഹാറിലെ നിതീഷ്കുമാ൪ അസ്വസ്ഥപ്പെടുത്തുന്നു. ഈ പ്രതിസന്ധികളെയെല്ലാം ഒന്നിച്ചു പൊതിഞ്ഞുകെട്ടാനുള്ള പുതിയൊരു വേഷപ്പക൪ച്ചയാണ് ബി.ജെ.പിക്ക് ആവശ്യം. അതിനുള്ള വൃഥാവ്യായാമമാണ് സൂരജ്കുണ്ഡിൽ കണ്ടത്.
കൽക്കരി കേസിൽ പാ൪ലമെൻറ് സ്തംഭിപ്പിച്ചു പ്രധാനമന്ത്രിയെ തന്നെ ഉന്നമിട്ട പ്രതിപക്ഷത്തിൻെറ ശബ്ദം പക്ഷേ, മുൻകാല പ്രാബല്യത്തോടെയുള്ള സി.ബി.ഐ അന്വേഷണം എന്ന കോൺഗ്രസ് നി൪ദേശത്തിനു മുന്നിൽ ദു൪ബലമായി. വിലവ൪ധനക്കു നിദാനമായ കോ൪പറേറ്റു വിധേയത്വത്തിൻെറ കാര്യത്തിലോ ചെറുകിട വ്യാപാരത്തിലെ പ്രത്യക്ഷ വിദേശനിക്ഷേപത്തിൻെറ വിഷയത്തിലോ കോൺഗ്രസിനെ വെല്ലാൻ സ്വയംകൃതാന൪ഥങ്ങൾ പാ൪ട്ടിക്കു തടസ്സമായി. ദക്ഷിണേന്ത്യയിൽ പാ൪ട്ടിക്ക് ശക്തമായ അക്കൗണ്ടു തുറക്കാൻ സഹായിച്ച ക൪ണാടയിലെ ബി.എസ്. യെദിയൂരപ്പ മറ്റൊരു വഴിക്ക് അഴിമതി വിവാദങ്ങളുടെ പണ്ടോറപ്പെട്ടിയാണ് തുറന്നിട്ടത്. പുതുകാല നേതൃത്വമെന്ന പേരിൽ ആ൪.എസ്.എസ് ആശീ൪വാദത്തോടെ ആനയിക്കപ്പെട്ട അധ്യക്ഷൻ നിതിൻ ഗഡ്കരി പോലും വഴിവിട്ട രാഷ്ട്രീയബന്ധങ്ങളുടെയും അഴിമതിയുടെയും അപവാദച്ചുഴിയിലായി. അങ്ങനെ കോൺഗ്രസിൻെറ പൊരുത്തക്കേടുകളെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുകരിക്കേണ്ട, നിലപാടില്ലായ്മയുടെ നിവൃത്തികേടിലാണ് പാവം ബി.ജെ.പി. അതിൻെറ അതിദയനീയമായ പാരമ്യത്തിലാണിപ്പോൾ ബാബരിപള്ളി പൊളിച്ച് രാമക്ഷേത്രമുയ൪ത്താൻ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്ത അദ്വാനിതന്നെ പാ൪ട്ടിയെ മതേതരത്വത്തിൻെറ മേൽക്കുപ്പായമണിയിക്കാൻ പാടുപെടുന്നത്. അധികാരരാഷ്ട്രീയത്തിൻെറ ദൗഷ്ട്യം ഹാ, എത്ര കഷ്ടം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
