ആറന്മുള വിമാനത്താവളം: 232 ഏക്കര്‍ മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ നീക്കം
text_fieldsപത്തനംതിട്ട: നി൪ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്തെ 232 ഏക്ക൪ മിച്ചഭൂമിയായി ഏറ്റെടുക്കാൻ സംസ്ഥാന ലാൻഡ് ബോ൪ഡ് നീക്കം. ഇതുസംബന്ധിച്ച് ഭൂമിയുടെ ഉടമസ്ഥനായിരുന്ന കോഴഞ്ചേരി എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയ൪മാൻ എബ്രഹാം കലമണ്ണിലിന് താലൂക്ക് ലാൻഡ് ബോ൪ഡ് നോട്ടീസ് നൽകി. എബ്രഹാം കലമണ്ണിൽ പിന്നീട് കെ.ജി.എസ് ഗ്രൂപ്പിന് ഭൂമി വിൽക്കുകയായിരുന്നു. നിയമപ്രകാരം കൈവശം വെക്കാവുന്ന 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശംവെച്ചതിന് ലാൻഡ് ബോ൪ഡിൽ നടപടി നടക്കുന്നതിനിടെയാണ് കലമണ്ണിൽ വിമാനത്താവള കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പിന് ഭൂമി മറിച്ചുവിറ്റത്. ഭൂപരിഷ്കരണ നിയമം അനുസരിച്ചുള്ള മിച്ചഭൂമി പരിധിയിൽനിന്ന് വിമാനത്താവള പദ്ധതി പ്രദേശത്തെ ഒഴിവാക്കുന്നതിനാണ് പ്രദേശം വ്യവസായമേഖലയായി പ്രഖ്യാപിച്ചത്. അതിന് മുമ്പ് ലാൻഡ് ബോ൪ഡ് നടപടി തുടങ്ങിയിരുന്നു.
കലമണ്ണിലിൻെറ കൈവശഭൂമിയിൽ 326.18ഏക്ക൪ ഭൂപരിഷ്കരണ നിയമം അനുസരിച്ച് മിച്ചഭൂമിയായി ഏറ്റെടുക്കാനാണ് ലാൻഡ് ബോ൪ഡ് നോട്ടീസ് നൽകിയിരിക്കുന്നത്. ആറന്മുള വിമാനത്താവളപദ്ധതി പ്രദേശത്തെ 232 ഏക്കറും ഇതിൽ ഉൾപ്പെടുന്നതാണ്. കലമണ്ണിലിൻെറ കൈവശം പലയിടങ്ങളിലായി 365 ഏക്ക൪ ഉണ്ടെന്നാണ് ലാൻഡ് ബോ൪ഡിൻെറ കണക്ക്.ഇതിൽ നാരങ്ങാനം മൗണ്ട് സിയോൺ എൻജിനീയറിങ് കോളജ് പ്രവ൪ത്തിക്കുന്ന 19.99 ഏക്കറും നിയമപ്രകാരം കൈവശംവെക്കാവുന്ന 15 ഏക്കറും ഒഴിവാക്കി അവശേഷിക്കുന്ന 326.18 ഏക്ക൪ മിച്ചഭൂമി ആയി ഏറ്റെടുക്കാൻ പോവുകയാണെന്നാണ് നോട്ടീസ്. ഇതിൽ ആക്ഷേപമുള്ള പക്ഷം വക്കീൽ മുഖാന്തരമോ രജിസ്റ്റേ൪ഡ് തപാൽ വഴിയോ 15 ദിവസത്തിനകം മറുപടി നൽകാം. സെപ്റ്റംബ൪ 20നാണ് സംസ്ഥാന ലാൻഡ് ബോ൪ഡ് നി൪ദേശാനുസരണം കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോ൪ഡ് നോട്ടീസ് നൽകിയത്. ഈ മാസം 16ന് നടക്കുന്ന ഹിയറിങ്ങിൽ എബ്രഹാം കലമണ്ണിൽ നേരിട്ട് ഹാജരാകാനും നിദേശിച്ചിട്ടുണ്ട്. സംസ്ഥാന ലാൻഡ് ബോ൪ഡ് മിച്ചഭൂമിയായി ഏറ്റെടുക്കാൻ നോട്ടീസ് നൽകിയ സ്ഥലത്ത് നി൪മാണം നടത്താനാവില്ല. ഈ ഭൂമി കൈമാറ്റം ചെയ്യുന്നതും മറ്റെന്തെങ്കിലും നടപടിയെടുക്കുന്നതും വിലക്കി രജിസ്ട്രേഷൻ, റവന്യൂവകുപ്പുകൾക്ക് ലാൻഡ് ബോ൪ഡ് അറിയിപ്പ് നൽകിയിട്ടുണ്ട്. ലാൻഡ് ബോ൪ഡ് മിച്ചഭൂമിയായി ഏറ്റെടുക്കുന്ന ഭൂമി ഭൂരഹിത൪ക്ക് വിതരണം ചെയ്യുമെന്നാണ് ഭൂപരിഷ്കരണ നിയമത്തിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
