ട്വന്‍റി 20: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയക്ക് എട്ടു വിക്കറ്റ് ജയം
text_fieldsകൊളംബോ: ആസ്ട്രേലിയ ട്വൻറി20 ലോകകപ്പിൻെറ സെമി ഫൈനൽ ഉറപ്പിച്ചു. ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ എട്ട് വിക്കറ്റിനായിരുന്നു കങ്കാരുക്കളുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ആഫ്രിക്കൻ ടീം 20 ഓവറിൽ അഞ്ച് വിക്കറ്റിന് 146 റൺസെടുത്തു. ഓസീസ് 17.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 47 പന്തിൽ 70 റൺസെടുത്ത് ടോപ് സ്കോററാവുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത വാട്സൻ കളിയിലെ കേമനാ. ഓസീസ് ബൗള൪മാരിൽ സേവിയ൪ ഡോഹ൪ട്ടി മൂന്നുപേരെ പുറത്താക്കി.
സ്കോ൪ബോ൪ഡിൽ അക്കങ്ങൾ തെളിയും മുമ്പ് മൂന്നാം പന്തിൽത്തന്നെ ഓപണ൪ റിച്ചാ൪ഡ് ലെവിയെ ബൗൾഡാക്കി ഡോഹ൪ട്ടി ദക്ഷിണാഫ്രിക്കക്ക് ആദ്യ പ്രഹരമേൽപിച്ചു. ജാക് കാലിസിനെ (ആറ്) വിക്കറ്റ് കീപ്പ൪ മാത്യൂ വേഡിൻെറ ഗ്ളൗസിലേക്കയച്ച് മൂന്നാം ഓവറിലും സ്പിന്ന൪ എതിരാളികളെ ഞെട്ടിക്കുമ്പോൾ സ്കോ൪ രണ്ടിന് എട്ട് റൺസ്.
തുട൪ന്നെത്തിയ ജെ.പി ഡുമിനിക്കൊപ്പം പൊരുതിയ ഓപണ൪ ഹാഷിം ആംലയെ (17) ആറാം ഓവറിൽ വേഡിനെത്തന്നെ ഏൽപിച്ച് വാട്സനും ആഞ്ഞടിച്ചു. ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സിനൊപ്പം രക്ഷാപ്രവ൪ത്തനം നടത്തിയ ഡുമിനിയെ 11ാം ഓവറിൽ ഡോഹ൪ട്ടിയുടെ പന്തിൽ വേഡ് സ്റ്റമ്പ് ചെയ്തു. 25 പന്തിൽ 30 റൺസെടുത്ത് ഡുമിനി പിൻവാങ്ങിയപ്പോൾ ടീം നാലിന് 64 എന്ന നിലയിലായി. 15ാം ഓവറിൽ വാട്സന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് ഡിവില്ലിയേഴ്സ് (21) ക്യാപ്റ്റൻ ജോ൪ജ് ബെയ്ലിയുടെ കൈകളിൽ വിശ്രമിച്ചു.
തുട൪ന്ന് ക്രീസിൽ സംഗമിച്ച ഫ൪ഹാൻ ബെഹ൪ദീൻ-റോബിൻ പീറ്റേഴ്സൺ സഖ്യത്തിൻെറ അപരാജിത പോരാട്ടമാണ് ദക്ഷിണാഫ്രിക്ക് മാന്യമായ സ്കോ൪ സമ്മാനിച്ചത്. 27 പന്തിൽ 31 റൺസെടുത്ത ബെഹ൪ദീനൊപ്പം 19 പന്തിൽ 31 റൺസുമായി പീറ്റേഴ്സൺ പുറത്താവാതെ നിന്നു. നാല് ഓവ൪ വീതമെറിഞ്ഞ ഡോഹ൪ട്ടിയും വാട്സനും യഥാക്രമം 20 റൺസിന് മൂന്നും 29ന് രണ്ടും വിക്കറ്റെടുത്തു.
മൂന്നാം ഓവറിൻെറ തുടക്കത്തിൽ ഡേവിഡ് വാ൪നറെ (അഞ്ച്) മോ൪നെ മോ൪ക്കൽ ക്ളീൻ ബൗൾഡാക്കിയെങ്കിലും പിന്നീട് ഒരു ഘട്ടത്തിലും ഓസീസിനെ പിടിച്ചുകെട്ടാൻ എതിരാളികൾക്കായില്ല. ഇന്ത്യക്കെതിരെ നി൪ത്തിയേടത്തുനിന്ന് തുടങ്ങിയ വാട്സൻ, മൈക് ഹസിയെ കാഴ്ചക്കാരനാക്കി ബൗണ്ടറികളും സിക്സറുകളും പായിച്ചു. നേരിട്ട 35ാം പന്തിൽ വെയ്ൻ പാ൪നലിനെ സിക്സടിച്ചാണ് ഓസീസ് ഉപനായകൻ ടൂ൪ണമെൻറിലെ മൂന്നാമത്തെ അ൪ധശതകം പൂ൪ത്തിയാക്കിയത്. 14ാം ഓവറിൽ സ്കോ൪ നൂറുകടത്തിയ വാട്സനെ (70) റോബിൻ പീറ്റേഴ്സൻ പുറത്താക്കി. എട്ട് ബൗണ്ടറിയും രണ്ട് സിക്സുമടിച്ച വെടിക്കെട്ട് ബാറ്റ്സ്മാൻ പുറത്താവുമ്പോൾ സ്കോ൪ രണ്ടിന് 109.
ഹസിക്കൊപ്പം ചേ൪ന്ന കാമറൂൺ വൈറ്റ് ടീമിനെ പ്രതീക്ഷിച്ചതിലും നേരത്തേ ജയത്തിലെത്തിച്ചു. ലക്ഷ്യം നേടാൻ 15 പന്തിൽ ആറ് റൺസ് മാത്രം വേണ്ടിയിരുന്ന ടീമിനായി വൈറ്റ് സിക്സറോടെ കളി പൂ൪ത്തിയാക്കി.
37 പന്തിൽ 45 റൺസുമായി ഹസിയും 13 പന്തിൽ 21 റൺസടിച്ച് വൈറ്റും ക്രീസ് വിട്ടു. ചൊവ്വാഴ്ച പാകിസ്താനെതിരെയാണ് ആസ്ട്രേലിയയുടെ സൂപ്പ൪ എട്ടിലെ അവസാന മത്സരം. രണ്ടിൽ രണ്ട് തോൽവിയുമായി നിൽക്കുന്ന ദക്ഷിണാഫ്രിക്ക അന്നേ ദിവസം ഇന്ത്യയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
