വൈദ്യുതി ഉപഭോഗം: മുഖ്യമന്ത്രിയുടെ ബില്‍ 33,000; വൈദ്യുതിമന്ത്രിക്ക് കാല്‍ലക്ഷം
text_fieldsതിരുവനന്തപുരം: കടുത്ത വൈദ്യുതിക്ഷാമത്തെ തുട൪ന്ന് സ൪ക്കാ൪ ഏ൪പ്പെടുത്തിയ നിയന്ത്രണങ്ങൾ മന്ത്രിമാ൪ തന്നെ ലംഘിക്കുന്നു. നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തിയ ശേഷവും മന്ത്രിമന്ദിരങ്ങളുടെ വൈദ്യുതി ഉപയോഗത്തിന് കുറവില്ല. പ്രതിപക്ഷനേതാവിൻെറ ഔദ്യാഗിക വസതിയിലടക്കം ആയിരം യൂനിറ്റിന് മുകളിലാണ് പ്രതിമാസ ഉപഭോഗം. വൈദ്യുതിമന്ത്രിയും വൈദ്യുതി ഉപയോഗിക്കുന്നതിൽ ഒട്ടും പിന്നിലല്ല.
മുഖ്യമന്ത്രിയുടെ ഔദ്യാഗികവസതിയായ ക്ളിഫ് ഹൗസിലെ ആഗസ്റ്റിലെ ഉപയോഗം 4133 യൂനിറ്റാണ്. മുഖ്യമന്ത്രിയും കുടുംബവും ഇക്കഴിഞ്ഞ ജൂണിലാണ് ക്ളിഫ് ഹൗസിലേക്ക് താമസം മാറ്റിയത്. അതിന് മുമ്പും 4133 യൂനിറ്റ് തന്നെയാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ നവംബ൪ മുതൽ 4133 യൂനിറ്റ് വൈദ്യുതിക്കാണ് ബില്ലടക്കുന്നത്. ഒടുവിൽ 33193 രൂപ വൈദ്യുതി ചാ൪ജായി അടച്ചു. 2011 ആഗസ്റ്റിലാണ് ഏറ്റവും കുറഞ്ഞ ബില്ല്- ആ മാസം 1627 യൂനിറ്റാണ് ഉപയോഗിച്ചത്.
വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ജനങ്ങളെ ഉപദേശിക്കുന്നതിൽ മുന്നിൽനിൽക്കുന്ന വൈദ്യുതിമന്ത്രി ആര്യാടൻ മുഹമ്മദിൻെറ ഔദ്യാഗിക വസതിയായ മൻമോഹൻ ബംഗ്ളാവിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. സ൪ച്ചാ൪ജ് ഏ൪പ്പെടുത്തുന്നതിന് മുമ്പുള്ള വൈദ്യുതി ബിൽ 20,426 രൂപയായിരുന്നെങ്കിൽ പിന്നീടത് 25,007 രൂപയായി ഉയ൪ന്നു. ലോഡ് ഷെഡിങ് വരുന്നതിന് മുമ്പുള്ള വൈദ്യുതി ബിൽ 19,774 രൂപയായിരുന്നു. ലോഡ് ഷെഡിങ് കാലത്ത് ഇത് 28,302 രൂപയായി വ൪ധിച്ചു. മന്ത്രി കെ. എം മാണിയുടെ വസതിയിലെ വൈദ്യുതി ബിൽ സ൪ചാ൪ജ് വരുന്നതിന് മുമ്പ് 17,697 രൂപയായിരുന്നെങ്കിൽ സ൪ചാ൪ജ് നിലവിൽ വന്ന മാസം 22,341 രൂപയായി ഉയ൪ന്നു. ലോഡ് ഷെഡിങ്ങിന് മുമ്പ് 24,002 രൂപയായിരുന്ന ബിൽ വൈദ്യുതി നിയന്ത്രണം വന്ന ശേഷമുള്ള ആദ്യ മാസം കുറഞ്ഞെങ്കിലും പിന്നീട് എല്ലാ കണക്കുകളും തീ൪ത്ത് 46,697 രൂപയിലേക്ക് കുതിച്ചു.ഒക്ടോബറിൽ 7766 യൂനിറ്റായിരുന്നു ഉപയോഗം. 2011 സെപ്റ്റംബറിലാണ് വൈദ്യുതി ഉപയോഗം രണ്ടായിരം യൂനിറ്റിന് മുകളിലേക്ക് കുതിച്ചത്. 2012 ഏപ്രിലിൽ 3513 യൂനിറ്റിലെത്തി. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഔദ്യാഗിക വസതിയിൽ ആഗസ്റ്റിൽ 2347 യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചതിന് 18120 രൂപ ബില്ലടച്ചു. 2007 ഏപ്രിലിൽ 1557 യൂനിറ്റായിരുന്നു ഈ വസതിയിലെ ഉപയോഗം. മന്ത്രി ഡോ.എം.കെ.മുനീറിൻെറ ഔദ്യാഗികവസതിയിൽ 1366 യൂനിറ്റും മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറ ഔദ്യാഗികവസതിയായ ‘അശോക’യിൽ 2085 യൂനിറ്റുമാണ് ആഗസ്റ്റിലെ ഉപയോഗം. മന്ത്രി അനൂപ് ജേക്കബ് താമസിക്കുന്ന നെസ്റ്റിൽ ജൂൺ മുതൽ രണ്ടായിരം യൂനിറ്റിന് മുകളിലാണ് ഉപയോഗം. കഴിഞ്ഞമാസത്തെ ബില്ല് 2074 യൂനിറ്റിന് 16604 രൂപയും.
മന്ത്രി ഷിബു ബേബി ജോൺ താമസിക്കുന്ന ഉഷസിൽ 1038 യൂനിറ്റാണ് ആഗസ്റ്റിലെ ഉപയോഗം. ആഗസ്റ്റിൽ 1241 യൂനിറ്റും ജൂലൈയിൽ 1241 യൂനിറ്റും ജൂണിൽ 1164 യൂനിറ്റും വൈദ്യുതി ഉപയോഗിച്ചു. മന്ത്രി സി.എൻ.ബാലകൃഷ്ണൻെറ പൂ൪ണിമയിൽ 1433 യൂനിറ്റ് വൈദ്യുതിയാണ് ആഗസ്റ്റിൽ ഉപയോഗിച്ചത്.
മന്ത്രി പി.ജെ.ജോസഫ് താമസിക്കുന്ന പെരിയാറിൽ 1076 യൂനിറ്റിന് 8609 രൂപയാണ് ഇക്കഴിഞ്ഞ മാസം ബില്ലടച്ചത്. ജൂണിൽ 1403 യൂനിറ്റായിരുന്ന ഉപയോഗം തൊട്ടടുത്ത മാസം 1359 യൂനിറ്റായും തുട൪ന്ന് 1245 യൂനിറ്റായും കുറഞ്ഞാണ് 1076 യൂനിറ്റിലെത്തിയത്.
ഏക വനിതാ മന്ത്രി താമസിക്കുന്ന നിളയിലും ബില്ല് കുറവല്ല.ആഗസ്റ്റിൽ1178 യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചു. മേയിൽ 748 യൂനിറ്റായിരുന്നത് ജൂലൈയിൽ ഇരട്ടിയായി വ൪ധിച്ചു. ആഗസ്റ്റിൽ 1579 യൂനിറ്റായിരുന്നു ഉപയോഗം. അതേസമയം, മന്ത്രി പി.കെ.അബ്ദുറബ്ബ് വൈദ്യുതി ഉപയോഗത്തിൽ ഏറെ പിന്നിലാണ്.
ഇദ്ദേഹം താമസിക്കുന്ന ഗ്രേസിൽ ഇക്കഴിഞ്ഞ മാസം 574 യൂനിറ്റാണ് ഉപയോഗം. ജൂണിൽ 1036 യൂനിറ്റായിരുന്നത് പിന്നീട് 1640 യൂനിറ്റായും 1525 യൂനിറ്റായും ഒടുവിൽ 574 യൂനിറ്റായും കുറയുകയായിരുന്നു. മന്ത്രി കെ.ബാബുവും വൈദ്യുതി ഉപയോഗത്തിൽ ഏറെ പിന്നിലാണ് 405 യൂനിറ്റാണ് ഇക്കഴിഞ്ഞ മാസത്തെ ഉപയോഗം. ഇദ്ദേഹം താമസിക്കുന്ന കാവേരിയിലെ ഉപയോഗം ഒരിക്കൽ പോലും 588 യൂനിറ്റ് കവിഞ്ഞിട്ടില്ല.
പ്രതിപക്ഷനേതാവിൻെറ ഔദ്യാഗിക വസതിയായ കൻേറാൺമെൻറ്ഹൗസിലെ ഉപയോഗം കഴിഞ്ഞ നവംബറിന് ശേഷമാണ് രണ്ടായിരം യൂനിറ്റിന് മുകളിലേക്ക് കുതിച്ചത്. 2011 ഒക്ടോബറിലായിരുന്നു ഏറ്റവും കുറഞ്ഞ ഉപയോഗം-23 യൂനിറ്റ്. വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ പൊതുജനങ്ങളെ ബോധവത്കരിക്കാൻ കോടികൾ ചെലവിടുകയും സ൪ച്ചാ൪ജ്, വൈദ്യുതി നിയന്ത്രണം എന്നീ തരത്തിലുള്ള ഇരുട്ടടികൾ ജനങ്ങൾക്ക് സമ്മാനിക്കുകയും ചെയ്യുമ്പോഴാണ് ഭരണാധികാരികൾ വൈദ്യുതി ധൂ൪ത്ത് നടത്തുന്നത്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കേണ്ട ആവശ്യകത ജനങ്ങളെ ബോധവത്കരിക്കുന്നതിനായി 2007 ഏപ്രിൽ മുതിൽ 18,68,28,439 രൂപ വൈദ്യുതി ബോ൪ഡ് ചെലവഴിച്ചതായും ഡി.ബി.ബിനുവിന് വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിൽ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
