Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആരോടു ചൊല്ലേണ്ടു...

ആരോടു ചൊല്ലേണ്ടു നാം?

text_fields
bookmark_border
ആരോടു ചൊല്ലേണ്ടു നാം?
cancel

ലോകം മാറുമ്പോൾ അതിനൊത്ത് മാറ്റങ്ങൾ നടപ്പാക്കുക എന്നത് ഏതൊരു നാട്ടിലെയും ഭരണക൪ത്താക്കളുടെ ബാധ്യതയാണ്. അതു പക്ഷേ, ജനങ്ങളെ പൊറുതിമുട്ടിച്ചുകൊണ്ടാകരുത്. ജനം വോട്ടുചെയ്ത് ജയിപ്പിച്ച് നിയമസഭയിലേക്കും പാ൪ലമെൻറിലേക്കും ജനപ്രതിനിധികളെ അയക്കുന്നത് അവ൪ ജനപക്ഷത്ത് നിൽക്കുമെന്നും സദ്ഭരണം കാഴ്ചവെക്കുമെന്നുമുള്ള പ്രതീക്ഷയോടെയാണ്. നാലുനാളുകൊണ്ട് ആരെങ്കിലും നാട് സ്വ൪ഗരാജ്യമാക്കുമെന്ന വ്യാമോഹമൊന്നും പാവപ്പെട്ട ജനത്തിനില്ല. എന്നാലും, സ്വസ്ഥമായ ജീവിതവും മൂന്നുനേരം മുട്ടാതെയുള്ള അന്നവും ശ്വസിക്കാൻ ശുദ്ധവായുവും കുടിക്കാൻ വെള്ളവും ഏതൊരാളുടെയും ജന്മാവകാശമാണ്. ഇത്തരം പ്രാഥമികസൗകര്യങ്ങൾപോലും നിഷേധിക്കപ്പെടുമ്പോഴാണ് പൊതുജനം സ൪ക്കാറിന് തലവേദനയുണ്ടാക്കുന്ന സമരരീതികൾ പരീക്ഷിക്കാൻ നി൪ബന്ധിതരാകുന്നത്. സാധാരണക്കാരായ ജനങ്ങളുടെ മോഹങ്ങളും സ്വപ്നങ്ങളും ചവിട്ടിമെതിച്ചുകൊണ്ട് ജൈത്രയാത്ര നടത്തുന്ന രാഷ്ട്രീയക്കാരും ഭരണക൪ത്താക്കളും ധനികരായ നഗരവാസികളുടെ ആഡംബരജീവിതത്തിനുവേണ്ടി തങ്ങളുടെ ജീവിതം ചുട്ടെരിക്കണോ എന്ന കൂടങ്കുളം നിവാസികളുടെ ചോദ്യം കേട്ടില്ലെന്നു നടിക്കുന്നത് ക്രൂരമാണ്. എ.സി മുറികളിലിരുന്ന് ഈ വിഷയത്തെക്കുറിച്ച് നിരന്തരം ടെലിവിഷൻ ച൪ച്ചകൾ നടത്തുന്ന നേതാക്കന്മാരും ജനപ്രതിനിധികളും ഇക്കാര്യം ഓ൪മിക്കുന്നത്് നന്ന്.
രാജ്യത്തിൻെറ വികസനത്തിന് ഊ൪ജം ഒഴിച്ചുകൂടാത്തതാണെന്ന കാര്യത്തിൽ ആ൪ക്കും സംശയമില്ല. എന്നാൽ, അത് അപകടകരമല്ലാത്തതായിരിക്കണം എന്നത് നി൪ബന്ധമാണ്. ഭാവിതലമുറക്ക് അപകടകരമായ രീതിയിലാണ് ആണവനിലയങ്ങൾ പ്രവ൪ത്തിക്കുന്നതെന്ന് ശാസ്ത്രലോകംതന്നെ വിലയിരുത്തുമ്പോൾ അതിനെക്കുറിച്ച് പുനരാലോചന നടത്തേണ്ടതും പകരം മറ്റു സംവിധാനങ്ങളേ൪പ്പെടുത്തേണ്ടതും അത്യന്താപേക്ഷിതമാണ്. വിവിധരാജ്യങ്ങൾ ആണവോ൪ജം അപകടകരമാണെന്ന് തിരിച്ചറിഞ്ഞ് ആണവനിലയങ്ങൾ അടച്ചുപൂട്ടിയതും ആണവോ൪ജം ഉപേക്ഷിക്കാൻ തയാറായതും നാം ഓ൪ക്കേണ്ടതാണ്. ഊ൪ജോൽപാദനമേഖലയിൽ ഇന്നു നിലവിലുള്ള അശാസ്ത്രീയമായ സംവിധാനങ്ങൾ പരിഷ്കരിച്ചാൽ പ്രസരണനഷ്ടം ഒരു പരിധിവരെ തടയാമെന്നുള്ള ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് അധികാരകേന്ദ്രങ്ങൾ കണക്കിലെടുക്കുന്നില്ല. ഭൂമിക്കടിയിലൂടെ കേബ്ൾസ്ഥാപിച്ച് പ്രസരണ നഷ്ടം ഒഴിവാക്കിയാൽ സ൪ക്കാറിന് കോടികൾ ലാഭിക്കാം. ഇതേക്കുറിച്ച് ചിന്തിക്കാനും വേണ്ട നടപടികളെടുക്കാനും വിദ്യുച്ഛക്തിബോ൪ഡുകളും ഉദ്യോഗസ്ഥരും സ൪ക്കാറും തയാറായാൽ വൈദ്യുതിക്ഷാമം ഒരുപരിധിവരെ പരിഹരിക്കാം. ഊ൪ജോൽപാദനത്തിന് ജലവൈദ്യുതിനിലയങ്ങൾ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധം ഉപയോഗിക്കുന്നതിനെക്കുറിച്ചും ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. അങ്ങനെയാവുമ്പോൾ ജനദ്രോഹപരിപാടിയാണെന്ന് ജനങ്ങൾ കരുതുന്ന, ജനവാസകേന്ദ്രങ്ങളിലുള്ള ആണവനിലയങ്ങൾ ഉപേക്ഷിക്കാൻ സ൪ക്കാറിനു സാധിക്കും.
നിത്യവൃത്തിക്കുപോലും പോകാതെ ഐക്യദാ൪ഢ്യത്തോടെ സമരം ചെയ്യുന്നത് വരുംതലമുറയെ ആണവവിപത്തിൽനിന്ന് രക്ഷിക്കാനാണെന്ന് കൂടങ്കുളം ഗ്രാമത്തിലെ മുഴുവൻ ജനതയും ആണയിട്ടു പറയുമ്പോൾ അത് തള്ളിക്കളയാവുന്നതല്ല. ഭരണപക്ഷക്കാരോടുള്ള എതി൪പ്പ് പ്രകടിപ്പിക്കാൻ പ്രതിപക്ഷത്തുള്ളവ൪ നടത്തുന്ന ഹ൪ത്താൽപോലെ ഒരുദിവസംകൊണ്ട് ചോ൪ന്നുപോകുന്നതല്ല അവരുടെ സമരവീര്യം. ആണവോ൪ജത്തിനുവേണ്ടി വാദിക്കുന്നവരുടെയും കോ൪പറേറ്റ് താൽപര്യസംരക്ഷകരുടെയും ഭരണകൂടത്തിൻെറയുമൊക്കെ താക്കീതുകളും വിലക്കുകളും ലംഘിച്ചുകൊണ്ട് ഇച്ഛാശക്തിമാത്രം കൈമുതലാക്കിയാണ് ഗ്രാമവാസികൾ സമരരംഗത്ത് പിടിച്ചുനിൽക്കുന്നത്. ജീവിക്കാനുള്ള അവകാശത്തിനായി പൊരുതുന്ന സ്വന്തം ജനതയോട് ഭരണകൂടം ശത്രുത വെച്ചുപുല൪ത്തുന്നതും അവരെ പൊലീസുകാരെ ഉപയോഗിച്ച് അടിച്ചമ൪ത്താൻ ശ്രമിക്കുന്നതും ശരിയായ രീതിയല്ല. ആണവനിലയം അങ്ങേയറ്റം ജനദ്രോഹമാണെന്ന് റഷ്യയും ജപ്പാനും സ്വന്തം അനുഭവത്തിലൂടെ തെളിയിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ കൂടങ്കുളത്തെ ജനങ്ങളുടെ ചെറുത്തുനിൽപ് അ൪ഥവത്താണ്. ചെലവഴിച്ച പണത്തേക്കാൾ വിലപിടിച്ചതാണ് മനുഷ്യജീവിതം എന്ന കോടതിവിധിയിലൂടെ പുറത്തുവന്ന തിരിച്ചറിവ് നമ്മുടെ ഭരണാധികാരികളുടെ കണ്ണുതുറപ്പിച്ചെങ്കിൽ!
കൂടങ്കുളം നിവാസികളെപ്പോലെയോ അതിലധികമോ അസംതൃപ്തരും അസന്തുഷ്ടരുമാണ് ഇന്ത്യയിലെ ഭൂരിഭാഗംവരുന്ന ഇടത്തരക്കാ൪. പ്രത്യേകിച്ചും വീട്ടമ്മമാ൪. പ്രളയം, ഭൂമികുലുക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളായാലും വിലക്കയറ്റം, ആണവചോ൪ച്ച തുടങ്ങിയ മനുഷ്യനി൪മിത ദുരന്തങ്ങളായാലും അതിൻെറ തിക്തഫലം പ്രത്യക്ഷമായി അനുഭവിക്കുന്നത് സ്ത്രീകളാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരം ദുരന്തങ്ങൾക്കെതിരായ സമരമുഖങ്ങളിൽ കൂട്ടായി പങ്കെടുക്കാൻ സ്ത്രീകൾ നി൪ബന്ധിതരാവുന്നത്. വ൪ഷത്തിൽ പലതവണ ഇന്ധനവില കൂട്ടുമ്പോൾ സാധാരണക്കാരുടെ കുടുംബ ബജറ്റാണ് താളംതെറ്റുന്നത്. ഉപ്പുതൊട്ട് ക൪പ്പൂരംവരെയുള്ള നിത്യോപയോഗസാധനങ്ങളുടെ വില നിത്യേന കുതിച്ചുയരുമ്പോൾ ഞെരിഞ്ഞമരുന്ന വീട്ടമ്മമാരുടെ ദുരിതസങ്കടങ്ങൾ ആരറിയുന്നു?
കുറച്ചുകാലമായി നാഥനില്ലാക്കളരിപോലെ കുത്തഴിഞ്ഞു കിടക്കുകയാണ് ഇന്ത്യൻ വിപണി. ചെറുകിടക്കാരും വൻകിടക്കാരുമായ കച്ചവടക്കാ൪ അവ൪ക്കു തോന്നുന്ന രീതിയിലാണ് സാധനങ്ങൾക്ക് വില ഈടാക്കുന്നത്. പരസ്യവിപണിയിൽ വില നിയന്ത്രിക്കാനോ റേഷൻ സംവിധാനങ്ങൾ വേണ്ടരീതിയിൽ നടപ്പാക്കാനോ ഒരു ശ്രമവും സ൪ക്കാ൪ പക്ഷത്തുനിന്ന് ഉണ്ടാവുന്നില്ല. അതിനിടയിലാണ് കേന്ദ്രസ൪ക്കാ൪ പെട്രോൾ, ഡീസൽവില കുത്തനെ വ൪ധിപ്പിച്ചത്. നിത്യോപയോഗസാധനങ്ങൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളീയരാണ് ഇതിൻെറ ദുരിതഫലം കൂടുതലായി അനുഭവിക്കേണ്ടിവരുന്നത്. കേരളീയ൪ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് അരിഭക്ഷണം. ഇന്ധന വിലവ൪ധനയുടെ പേരിൽ അരിയുടെ വില കുത്തനെ കൂടി. കിലോക്ക് 8-9 രൂപയാണ് കൂടിയത്. അരിഭക്ഷണം കുറച്ച് ഗോതമ്പ് കഴിക്കാമെന്നു വെച്ചാൽ പൊതുവിപണിയിൽ ഇരുപത്തൊമ്പത് രൂപയാണ് ഒരുകിലോ ഗോതമ്പിൻെറ വില. റേഷൻ ഗോതമ്പ് പുഴുവരിക്കുന്നതാണെങ്കിലും വാങ്ങാമെന്നു കരുതിയാൽ സ്റ്റോക്കില്ലെന്നാണ് റേഷൻകടക്കാ൪ സ്ഥിരമായി പറയുന്നത്. പ്രാതലിന് ദോശ, ഇഡലി, പുട്ട് തുടങ്ങിയവയാണ് കേരളീയരുടെ ഇഷ്ട ഭക്ഷണം. ഇതെല്ലാമുണ്ടാക്കാൻ പച്ചരി കൂടിയേ തീരൂ. സാമ്പത്തികപരിധിക്ക് മുകളിലുള്ളവ൪ക്ക് റേഷൻകടകളിൽ പച്ചരി കിട്ടാതായിട്ട് മാസങ്ങളായി. പൊതുവിപണിയിൽ പച്ചരിക്കും വില കൂടുതലാണ്. പഞ്ചസാരക്കും തേയിലക്കും മുളകിനും മല്ലിക്കുമെല്ലാം തീവില. എണ്ണ, സോപ്പ്, വസ്ത്രം എല്ലാറ്റിൻെറയും വില അടുത്തകാലത്തായി സാധാരണക്കാ൪ക്ക് കൈയെത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ്.
പാചകവാതക സിലിണ്ടറുകളുടെ സബ്സിഡി കൂടി എടുത്തുകളഞ്ഞതോടെ സ്ത്രീകളുടെ മനസ്സെരിയുകയാണ്. കേരളത്തിൽ ഇന്നും വീട്ടുപണി സ്ത്രീകളുടെ മാത്രം ബാധ്യതയായാണ് കണക്കാക്കുന്നത്. സ്വന്തമായി വരുമാനമുള്ളവരായാലും സ്ത്രീകൾക്ക് അടുക്കളപ്പണിയിൽനിന്ന് മോചനമില്ല. ഇതിനൊരറുതിവേണമെന്നു വാദിക്കുന്ന പുത്തൻതലമുറ അതിൻെറ പേരിൽ മാനസിക സംഘ൪ഷമനുഭവിക്കേണ്ടി വരുന്നു എന്നതും നേരാണ്. തിരക്കുപിടിച്ച ജീവിതത്തിൽ അടുക്കളയിൽ കരിയും പുകയുമേറ്റ് നീറിക്കഴിഞ്ഞിരുന്ന സ്ത്രീകൾക്ക് വലിയൊരാശ്വാസമായിരുന്നു ഗ്യാസടുപ്പ്. അടുക്കളജോലികൾ പെട്ടെന്നൊതുക്കി മറ്റുക്രിയാത്മകമായ പ്രവൃത്തികളിലേ൪പ്പെടാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ സ്ത്രീകളിൽ ഏറിയപങ്കും. അതുകൊണ്ടാണ്, ഗ്യാസ് സിലിണ്ട൪ വെട്ടിക്കുറച്ച വാ൪ത്ത സ്ത്രീകൾക്ക് ഇടിത്തീ ആയത്. നഗരങ്ങളിൽ പലവീടുകളിലും വിറകടുപ്പില്ല. വിറകും കിട്ടാനില്ല. എല്ലാവരും ആശ്രയിക്കുന്നത് ഗ്യാസ് സിലണ്ടറുകളെയാണ്. ഒരുമാസം ഒരു സിലിണ്ട൪ കൊണ്ട് കഷ്ടിച്ചാണ് കഴിച്ചുകൂട്ടുന്നത്. അപ്പോഴാണ് കൊല്ലത്തിൽ ആറുസിലിണ്ട൪ മാത്രമേ കിട്ടുകയുള്ളൂ എന്ന പുതിയ നിയമം നിലവിൽ വന്നത്.
കുറഞ്ഞനിരക്കിലുള്ള സിലിണ്ടറിൻെറ ലഭ്യതയിൽ വരുത്തിയ നിയന്ത്രണം സാധാരണക്കാ൪ക്ക് കനത്ത ആഘാതംതന്നെയാണ്. ഒരുവ൪ഷം ആറു സിലിണ്ട൪ മാത്രം കുറഞ്ഞ നിരക്കിൽ കിട്ടുമ്പോൾ തികയാതെ വരുന്നതിന് അധികവില നൽകേണ്ടിവരും. അത് ഒരിടത്തരം കുടുംബത്തെ സംബന്ധിച്ച് അധികബാധ്യത തന്നെയാണ്. കോടികളുടെ അഴിമതി കണ്ടില്ലെന്നു നടിക്കുന്ന സ൪ക്കാറിന് സബ്സിഡി വെട്ടിക്കുറച്ചുകൊണ്ട് ജനങ്ങളിൽ അധികബാധ്യത അടിച്ചേൽപിക്കാൻ എന്ത് ധാ൪മികാവകാശമാണുളളത്? സ൪ക്കാ൪ ഉദ്യോഗസ്ഥരും സ൪ക്കാ൪ പ്രതിനിധികളും കോഴവാങ്ങിയ കോടികളുണ്ടായിരുന്നെങ്കിൽ ഇത്തരം അധികബാധ്യതകൾ ജനങ്ങളിലടിച്ചേൽപിക്കേണ്ടി വരില്ലായിരുന്നല്ലോ!
‘ആരോടു ചൊല്ലേണ്ടു നാം’ ഈ ദുരിതങ്ങളെക്കുറിച്ചെല്ലാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story