സാധാരണക്കാരന് സുപ്രീംകോടതി അപ്രാപ്യമാകുന്നു -ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍
text_fieldsകൊച്ചി: നിയമ നടപടികൾക്ക് ചെലവേറുമെന്നതിനാൽ സാധാരണക്കാരന് സുപ്രീംകോടതി അപ്രാപ്യമാവുകയാണെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻനായ൪. ഇത്തരക്കാ൪ക്ക് സുപ്രീംകോടതിയിൽ പോകാൻ ഇടവരുത്താതെ ശ്രദ്ധിച്ചുവേണം താഴെത്തട്ടിലുള്ളവ൪ വിധി പ്രസ്താവിക്കാനെന്നും ഈ സാഹചര്യത്തിൽ ഹൈകോടതി ജഡ്ജിമാരുടെ ഉത്തരവാദിത്തം വലുതാണെന്നും അദ്ദേഹം പറഞ്ഞു.
മൈഗ്രൻറ് ഫോറം ഏഷ്യ, കേരള സ്റ്റേറ്റ് ലീഗൽ സ൪വീസസ് അതോറിറ്റി (കെൽസ), നോ൪ക്ക -റൂട്ട്സ് എന്നിവ ചേ൪ന്ന് സംഘടിപ്പിച്ച പ്രവാസി ലോക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രവാസികൾ പലപ്പോഴും ചൂഷണത്തിന് ഇരയാവുന്നു. പ്രവാസികളെ സംരക്ഷിക്കുകയെന്നത് വലിയ കടമയാണ്. വിദേശരാജ്യങ്ങളിൽ കോൺസുലേറ്റുകളിലും മറ്റും ഇതിന് കൂടുതൽ സൗകര്യം ഒരുക്കണം. കേരളത്തിലെ പ്രവാസികൾക്ക് ഇവിടെ പ്രത്യേക സംവിധാനവും ഉണ്ടാക്കണം. പലപ്പോഴും കോൺസുലേറ്റുകൾ ഓഫിസ് മാത്രമായി ചുരുങ്ങുന്നുണ്ട്. ലീഗൽ സ൪വീസസ് അതോറിറ്റി എന്തുസഹായവും നൽകാൻ ഒരുക്കമാണ്.
എന്നാൽ, പലപ്പോഴും പ്രവാസികൾ തട്ടിപ്പുകളിലും മറ്റും പെട്ട് എല്ലാം നശിച്ചുകഴിഞ്ഞാണ് ഇവിടെ എത്താറുള്ളതെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായ൪ പറഞ്ഞു.
ഹൈകോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മൈഗ്രൻറ് ഫോറം ഇന്ത്യ സ്റ്റേറ്റ് കോ ഓഡിനേറ്റ൪ സിസ്റ്റ൪ സാലി മൈക്കിൾ അധ്യക്ഷത വഹിച്ചു.
ജില്ലാ ജഡ്ജിയും കെൽസ മെംബ൪ സെക്രട്ടറിയുമായ പി. മോഹൻദാസ്, മുൻ അംബാസഡ൪ ഡോ. ജോ൪ജ് ജോസഫ്, അഡ്വ. തമ്പാൻ തോമസ്, സെൻറ൪ ഫോ൪ ഇന്ത്യൻ മൈഗ്രൻറ് സ്റ്റഡീസ് പ്രതിനിധി റഫീഖ് റാവുത്ത൪, നോ൪ക്ക -റൂട്ട്സ് എറണാകുളം എച്ച്.എ.ഒ എ.ജെ. വ൪ഗീസ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
