സിറിയയിലെ പൈതൃകത്തെരുവുകള്‍ തകരുന്നു
text_fieldsഡമസ്കസ്: സിറിയയിൽ വിമതരും സേനയും തമ്മിലെ പോരാട്ടം കനക്കുന്നു. ശനിയാഴ്ച നടന്ന കനത്ത പോരാട്ടത്തിൽ അലപ്പോയിലെ ചരിത്രപ്രസിദ്ധമായ തെരുവുകളും മാ൪ക്കറ്റുകളും നശിപ്പിക്കപ്പെട്ടു. നിരവധി പേ൪ കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലിനെ തുട൪ന്നുണ്ടായ വൻ അഗ്നിബാധയാണ് ഈ ഭാഗങ്ങളിൽ നാശംവിതച്ചത്. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽപെട്ട അലപ്പോയിലെ അങ്ങാടിയാണ് പൂ൪ണമായും നശിപ്പിക്കപ്പെട്ടത്. മധ്യകാല അറബ് തെരുവുകളിലൊന്നാണ് ഇടുങ്ങിയ വഴികളോടെയുള്ള തെരുവ്. സിറിയയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവുമായിരുന്നു ഇത്.
പരമ്പരാഗത രീതിയിൽ നി൪മിക്കപ്പെട്ട മരവാതിലുകളും മറ്റു ചരിത്രശേഷിപ്പുകളും ചാരമായതായി ആക്ടിവിസ്റ്റുകൾ പുറത്തുവിട്ട വീഡിയോദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാത്രിയാണ് സിറിയൻ സേന ഈ ഭാഗത്ത് ഷെല്ലാക്രമണം ആരംഭിച്ചത്. ജില്ലയിലെ ഒട്ടുമിക്ക കടകളും കത്തിയെരിഞ്ഞതായി സാമൂഹിക പ്രവ൪ത്തകനായ അഹമ്മദുൽ ഹബീബി പറഞ്ഞു. ഈ ഭാഗത്തേക്കുള്ള ജലവിതരണം ഭരണകൂടം നി൪ത്തിയിരിക്കുകയാണ്. ഇതുമൂലം തീയണക്കാൻ പ്രദേശവാസികൾക്ക് സാധിക്കുന്നില്ല. എങ്കിലും സാധ്യമായ മാ൪ഗങ്ങളിലൂടെ തീയണക്കാൻ വിമതരും പ്രദേശവാസികളും ശ്രമിച്ചുവരുകയാണ്. അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച മുതൽ രണ്ടും കൽപിച്ച പോരാട്ടത്തിലാണ് പ്രക്ഷോഭക൪. 18 മാസമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെ ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള നിരവധി ചരിത്രശേഷിപ്പുകൾ തക൪ക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
