സൂപ്പര്‍ ഓവറില്‍ ലങ്കയ്ക്ക് ജയം
text_fieldsപല്ലേകെലെ: അവസാന പന്തിൽ ലാഹിറു തിരിമന്നെയെ റണ്ണൗട്ടാക്കി ന്യൂസിലൻഡ് ക്യാപ്റ്റൻ റോസ് ടെയ്ല൪ ടീമിനൊരുക്കിയ ടൈക്കും ശ്രീലങ്കൻ വിജയത്തിന് തടയിടാനായില്ല. സൂപ്പ൪ ഓവറിൽ ത്രസിപ്പിക്കുന്ന ജയവുമായി ആതിഥേയ൪ സൂപ്പ൪ എട്ടിൽ കുതിപ്പ് തുടങ്ങി. ടോസ് നേടി ബാറ്റ് ചെയ്ത കിവികൾ 20 ഓവറിൽ ഏഴ് വിക്കറ്റിന് 174 റൺസാണെടുത്തത്.
നിശ്ചിത ഓവറിൽ ദ്വീപുകാരുടെ മറുപടിയും ആറ് വിക്കറ്റിന് ഇതേ സ്കോറിൽ അവസാനിച്ചു. സൂപ്പ൪ ഓവറിൽ ടിം സൗത്തീയെ നേരിട്ട ശ്രീലങ്ക ഒരു വിക്കറ്റിന് 13 റൺസെടുത്തു. എന്നാൽ, ലസിത് മലിംഗയുടെ മാരക ബൗളിങ്ങിന് മുന്നിൽ പതറിയ എതിരാളികൾക്ക് ഒരു വിക്കറ്റിന് ഏഴ് റൺസ് മാത്രമേ നോടാനായുള്ളൂ.
ഓപണ൪മാരായ റോബ് നിക്കോളിൻെറയും (40 പന്തിൽ 58) മാ൪ട്ടിൻ ഗുപ്റ്റിലിൻെറയും (30 പന്തിൽ 38) പ്രകടനമാണ് കിവി ഇന്നിങ്സിന് അടിത്തറ പാകിയത്. 16 പന്തിൽ 25 റൺസുമായി ബ്രണ്ടൻ മക്കല്ലവും 15 പന്തിൽ 23 റൺസ് കുറിച്ച് ടെയ്ലറും വെടിക്കെട്ട് പുറത്തെടുത്തു. 53 പന്തിൽ 76 റൺസടിച്ച ഓപണ൪ തിലകരത്നെ ദിൽഷനാണ് ശ്രീലങ്കൻ ടോപ് സ്കോററും കളിയിലെ കേമനും. മറ്റൊരു ഓപണറും ക്യാപ്റ്റനുമായ മഹേല ജയവ൪ധനെ 26 പന്തിൽ 44 റൺസെടുത്തു. 14 പന്തിൽ 21 റൺസായിരുന്നു കുമാ൪ സങ്കക്കാരയുടെ സംഭാവന. നിക്കോളും ഗുപ്റ്റിലും ന്യൂസിലൻഡിന് നല്ല തുടക്കം നൽകി. എട്ടാം ഓവറിൽ സ്കോ൪ 57ൽ നിൽക്കെയാണ് ഗുപ്റ്റിലിനെ അരങ്ങേറ്റക്കാരൻ അകില ധനഞ്ജയ, തിരിമന്നെയുടെ കൈകളിലെത്തിക്കുന്നത്. നിക്കോളിനെ കാഴ്ചക്കാരനാക്കി അടിച്ചുതക൪ത്ത മക്കല്ലത്തെ അജന്ത മെൻഡിസ് തിസാര പെരേയെ ഏൽപ്പിച്ചു. അ൪ധ ശതകം കുറിച്ചതിന് പിന്നാലെ നിക്കോളിനെ ധനഞ്ജയ പുറത്താക്കി. ടെയ്ലറെ നുവാൻ കുലശേഖര ക്ളീൻ ബൗൾഡാക്കിയതോടെ ന്യൂസിലൻഡിൻെറ റൺറേറ്റ് താഴ്ന്നു.
ഉരുളക്ക് ഉപ്പേരിയായിരുന്നു ലങ്കൻ മറുപടി. ഓവറിൽ ശരാശരി 10 റൺസുമായി മുന്നേറിയ ഓപണിങ് കൂട്ടുകെട്ട് 80ലെത്തിയപ്പോൾ ജയവ൪ധനയെ വീഴ്ത്തി ജേക്കബ് ഓറം കിവികളെ സന്തോഷിപ്പിച്ചു. സങ്കക്കാര റണ്ണൗട്ടായി അധിക നേരം കഴിയും മുമ്പെ ജീവൻ മെൻഡിസിനെ (എട്ട്) ജെയിംസ് ഫ്രാങ്ക്ളിൻ വീഴ്ത്തിയപ്പോൾ ആതിഥേയ ക്യാമ്പിൽ ആശങ്ക പരന്നു. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സുമായി കത്തി നിന്ന ദിൽഷൻ (76) കൂടി റണ്ണൗട്ടായതോടെ കിവികളുടെ സന്തോഷം ഇരട്ടിച്ചു. പെരേരയെയും (അഞ്ച്) ഫ്രാങ്ക്ളിൻ മടക്കി.
തിരിമന്നെയും എയ്ഞ്ചലോ മാത്യൂസും (12) ക്രീസിൽ നിൽക്കെ അവസാന ഓവറിൽ എട്ട് റൺസായിരുന്നു ശ്രീലങ്കക്ക് ആവശ്യം. സൗത്തീയുടെ ആദ്യ നാല് പന്തിൽ പിറന്നത് മൂന്ന് റൺസ് മാത്രം. തുട൪ന്ന് ബൗണ്ടറിയടിച്ച് തിരിമന്നെ ലക്ഷ്യം ഒരു പന്തിൽ ഒരു റൺസായി കുറച്ചു. എന്നാൽ തിരിമന്നെയെ (അഞ്ച്) റണ്ണൗട്ടാക്കി ടെയ്ല൪ കളി സമനിലയിൽ പിടിച്ചു.
സൂപ്പ൪ ഓവറിൽ ഇറങ്ങിയത് ജയവ൪ധനെയും പെരേരയും. ആദ്യ പന്തിൽ സൗത്തീക്കെതിരെ ജയവ൪ധനെയുടെ ഡബ്ൾ. തുട൪ന്ന് സിംഗ്ൾ. പെരേരക്ക് നേരെ വൈഡെറിഞ്ഞ സൗത്തീ തുട൪ന്ന് രണ്ട് റൺസ് വഴങ്ങി. വീണ്ടും വൈഡ്. കൂടെ ഒരു ബൈ റണ്ണും. നാലാം പന്തിൽ ഒരു റണ്ണെടുത്ത ശേഷം ജയവ൪ധനെ (നാല്) റണ്ണൗട്ടായി. ദിൽഷനാണ് തുട൪ന്ന് ക്രീസിലെത്തിയത്. അഞ്ചാം പന്തിൽ ലെഗ് ബൈ. അവസാന പന്തിൽ മൂന്ന് റൺസെടുത്ത് പെരേര ടീമിനെ 13ലെത്തിച്ചു.
ഗുപ്റ്റില്ലും മക്കല്ലവുമാണ് ന്യൂസിലൻഡിന് വേണ്ടി ക്രീസിലെത്തിയത്. മലിംഗക്കെതിരെ ഡബ്ളുമായി ഗുപ്റ്റിൽ തുടങ്ങി. രണ്ടാം പന്തിൽ ഒരു റൺ. തുട൪ന്ന് മക്കല്ലത്തിൻെറ വക രണ്ട് ബൈ റൺസ്. നാലാം പന്തിൽ സംഗക്കാര വിക്കറ്റിന് പിന്നിൽ മക്കല്ലം നൽകിയ ക്യാച്ച് വിട്ടപ്പോൾ ഒരു റൺ കൂടി ലഭിച്ചു. അഞ്ചാം പന്തിൽ ഗുപ്റ്റിലിനെ (മൂന്ന്) ദിൽഷൻ ക്യാച്ചെടുത്തു. ടെയ്ല൪ ക്രീസിലേക്ക്. അവസാന പന്തിൽ കിവികൾക്കാവശ്യം എട്ട് റൺസ്. നിരാശനായ മക്കല്ലത്തിന് നേടാനായത് ഒരു റൺ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
