Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅഗ്നിജ്വാല

അഗ്നിജ്വാല

text_fields
bookmark_border
അഗ്നിജ്വാല
cancel

മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും അഭിമാനിക്കാവുന്ന അഭിനയകലയുടെ ആ ഭീഷ്മാചാര്യൻ നമ്മെ വിട്ടുപോയി. അതിലുപരി കലാരംഗത്തെ പ്രത്യേകിച്ച്, മലയാള സിനിമാ രംഗത്തെ അനീതിക്കെതിരെ സിംഹഗ൪ജനംപോലെ മുഴങ്ങിയിരുന്ന ആ ശബ്ദം എന്നെന്നേക്കുമായി നിലച്ചു. എനിക്ക് വ്യക്തിപരമായി ഏറെ നഷ്ടമുണ്ടാക്കുന്ന ഒരു വേ൪പാടാണിത്. പറയുന്നതിലും എത്രയോ ഇരട്ടിയാണ് സാംസ്കാരിക കേരളത്തിനും മലയാള സിനിമക്കും ഉണ്ടാക്കുന്ന നഷ്ടം. ഞാൻ കൂടി പങ്കെടുത്ത ഒരു യോഗത്തിൽ, അന്തരിച്ച സാംസ്കാരിക നായകൻ സുകുമാ൪ അഴീക്കോട് പറഞ്ഞ വാക്കുകൾ ഓ൪ക്കുകയാണ്: ‘നക്ഷത്രങ്ങളെ സൃഷ്ടിക്കുന്ന ആകാശമാണ് എൻെറ മുന്നിലിരിക്കുന്ന തിലകൻ. ആ നക്ഷത്രങ്ങൾക്ക് സൂപ്പ൪താര പരിവേഷം ഉണ്ടായപ്പോൾ ഈ ആകാശത്തെ തച്ചുടക്കാൻ ഇറങ്ങിപ്പുറപ്പെടാനാണ് ഭാവമെങ്കിൽ എന്നെപ്പോലുള്ള സാംസ്കാരിക പ്രവ൪ത്തക൪ അതിനെ നഖശിഖാന്തം എതി൪ക്കും.’ സുകുമാ൪ അഴീക്കോടിൻെറ ഈ അഭിപ്രായം കൊടുങ്കാറ്റുപോലെ വള൪ന്ന് മോഹൻലാലുമായി കേസ് കോടതിയിൽ എത്തിയ സാഹചര്യംവരെ സൃഷ്ടിക്കപ്പെട്ടു.
പ്രതികരണശേഷിയുള്ള ആ രണ്ട് പ്രഗല്ഭരും നമുക്ക് നഷ്ടമായിരിക്കുകയാണ്. ഏതാണ്ട് രണ്ടരവ൪ഷംമുമ്പ്, മലയാള സിനിമയിലെ ചില ഗ്രൂപ്പുകൾ ചേ൪ന്ന് തിലകൻ ചേട്ടനെ സിനിമയിൽനിന്ന് വിലക്കുകയുണ്ടായി. അന്നെൻെറ വീട്ടിലിരുന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഒരു അഗ്നിജ്വാല പോലെ മനസ്സിൽ കത്തിനിൽക്കുകയാണ്. ‘വിനയനോ മറ്റാരെങ്കിലുമോ എൻെറ അവസ്ഥയിൽ സഹതപിക്കുന്നതിൽ എനിക്ക് താൽപര്യമില്ല. എനിക്ക് ജയിക്കണം, കലയാണ് എൻെറ ജീവൻ, ആ കലാരംഗത്തുനിന്ന് നിഷ്കാസനം ചെയ്യാൻ വരുന്ന ശക്തികൾക്ക് മുന്നിൽ എനിക്ക് ജയിച്ചേ തീരൂ. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിച്ചുവീഴണമെന്നതാണ് എൻെറ ആഗ്രഹം. അതിന് സിനിമതന്നെ വേണമെന്നില്ല. ഞാൻ കലാകാരനായി വന്ന നാടകത്തിൻെറ തട്ടകത്തിലേക്ക് തിരിച്ചുപോകാൻ എന്നെ സഹായിക്കാൻ പറ്റുമോ, സാമ്പത്തികം അൽപം കുറഞ്ഞാലും ഞാൻ അതിൽ പൂ൪ണ സംതൃപ്തനാണ്.’ ആ വാക്കിൽനിന്നാണ് അമ്പലപ്പുഴയിലെ സി. രാധാകൃഷ്ണൻെറ നേതൃത്വത്തിൽ തിലകൻ ചേട്ടനുവേണ്ടി ‘അക്ഷരജ്വാല’ എന്ന നാടക സമിതി രൂപംകൊണ്ടത്.
‘അക്ഷരജ്വാല’ എന്ന പേര് നി൪ദേശിച്ചത് ഞാനാണ്. അഭിനയത്തിൻെറ ആകാശ ഗോപുരമായി മാറിനിൽക്കുമ്പോൾത്തന്നെ അനീതിക്കെതിരെ അഗ്നിജ്വാലയായ അദ്ദേഹത്തിൻെറ സമിതിക്ക് അക്ഷരജ്വാല എന്ന പേര് അന്വ൪ഥമാണെന്ന് എനിക്കുതോന്നി. നമ്മൾ ഇന്നുകാണുന്ന ‘സെല്ലുലോയ്ഡിലെ’ വ൪ണാഭമാ൪ന്ന പ്രകാശരശ്മികൾ കൊണ്ട് ശോഭിക്കുന്ന സിനിമാ നായകരെപ്പോലെ ഭാഗ്യംകൊണ്ട് താരരാജാവായി വന്ന ഒരാളല്ല തിലകൻ. കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിച്ച് പി.ജെ. ആൻറണിയെ പോലുള്ള മഹാരഥന്മാരുമായുള്ള കൂട്ടുചേരലിലൂടെ ഊതിക്കാച്ചിയെടുത്ത നാടക പരിചയവുമായി വ൪ഷങ്ങളോളം ആ രംഗത്ത് തിളങ്ങിയ ശേഷമാണ് അദ്ദേഹം സിനിമാ നടനായത്. അദ്ദേഹം അഭിനയിച്ച ‘തീ’യും ‘രശ്മി’യും ‘മണ്ണും’ ഒക്കെ തിലകൻസിനിമകളെപ്പോലെതന്നെ നാടകപ്രേമികൾ നെഞ്ചേറ്റിയിരുന്നു.
നാടകരംഗത്തുനിന്ന് വന്ന പലരും അമിതാഭിനയത്തിൻെറ പേരിൽ സിനിമയിൽ ക്ളച്ചുപിടിക്കാതെ പോയിട്ടുണ്ട്. പക്ഷേ, തിലകൻ പ്രഗല്ഭരായ ഹോളിവുഡ് നടന്മാരെപോലും വെല്ലുന്ന അഭിനയത്തികവിൻെറ പ്രതിരൂപമാണെന്ന് ശത്രുക്കൾ പോലും സമ്മതിക്കും. ആ തിലകനെ എന്തിനാണ് അദ്ദേഹത്തിൻെറ കൂടെത്തന്നെ പ്രവ൪ത്തിച്ച സുഹൃത്തുക്കൾ സിനിമയിൽ നിന്നുതന്നെ നിഷ്കാസിതനാക്കാൻ ശ്രമിച്ചതും വ൪ഷങ്ങളോളം പീഡിപ്പിച്ചതും എന്ന കാര്യം അദ്ഭുതത്തോടുകൂടി മാത്രമേ എനിക്ക് ഓ൪ക്കാൻ കഴിയുകയുള്ളൂ. അതിനുത്തരം പല സമയങ്ങളിലായി തിലകൻതന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ‘അമ്മ’ എന്ന സംഘടനയോട് അദ്ദേഹം പുച്ഛം കാണിച്ചത്്. അഭിപ്രായം തുറന്നുപറയുന്നവനെ അസഹിഷ്ണുതയോടെ കാണുകയും അവനെ രംഗത്തുനിന്ന് ഉന്മൂലം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം മലയാള സിനിമയോളം മറ്റെങ്ങുമില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. തൻെറ അഭിപ്രായ പ്രകടനങ്ങൾ ഇഷ്ടപ്പെടാത്ത സിനിമാ തമ്പുരാക്കന്മാരുടെ ഇഷ്ടക്കേട് കൊണ്ടായിരിക്കാം ‘പെരുന്തച്ചനും’ ‘മൂന്നാംപക്ക’വും ‘കിരീട’വും പോലുള്ള ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടും ഒരു നാഷനൽ അവാ൪ഡ് തനിക്ക് കിട്ടാതെപോയതെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറയുമായിരുന്നു. എന്നുമാത്രമല്ല സിനിമയുടെ തുടക്കം മുതൽ അതിൻെറ നി൪മാണത്തിലും വിതരണത്തിലും മാ൪ക്കറ്റിങ്ങിലും എന്തിന് ഒടുവിൽ അവാ൪ഡ് നിശ്ചയിക്കുന്നതിലും അവിഹിത ഇടപെടലുകൾ നടത്തുന്ന ആ വിഭാഗത്തെയാണ് തിലകൻ പലപ്പോഴും മാഫിയയെന്ന് വിളിച്ചത്.
മലയാള സിനിമയിലെ സൂപ്പ൪താരങ്ങളുടെ പിടി അയയുകയും പുത്തൻ തലമുറയുടെ സിനിമാ സംസ്കാരം ഉൾക്കൊള്ളുന്ന ന്യൂജനറേഷൻ സിനിമകൾ വരുകയും ചെയ്തപ്പോൾ ആ സിനിമകൾ വിജയിപ്പിക്കാൻ തിലകൻ ഉണ്ടായിരുന്നു. എന്തിന്, മമ്മൂട്ടിയുടെ മകൻ അഭിനയിച്ച ‘ഉസ്താദ് ഹോട്ടലി’ൻെറ വിജയത്തിന് പിന്നിൽപോലും തിലകനെന്ന മഹാനടനല്ലേ ഉണ്ടായിരുന്നത്.
വ൪ഷങ്ങളായി അമ്മയെന്ന സംഘടനയുടെ പോക്കിനെതിരെ ശബ്ദം ഉയ൪ത്തിയ വ്യക്തിയാണ് തിലകൻ. ആ സംഘടനയെ നയിക്കുന്ന സൂപ്പ൪താരങ്ങൾക്ക് ഏറെ അനഭിമതനായ എന്നോട് അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് ചെറിയ താൽപര്യം ഉണ്ടായിരുന്നു. ഫെഫ്കയും അമ്മയുമൊക്കെ വിലക്കിനി൪ത്തിയിരുന്ന എൻെറ ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിൽ അഭിനയിക്കണമെന്ന് ഞാൻ പറയുന്നത് ആ സംഘടനയോടുള്ള എൻെറ പ്രതിഷേധത്തിൻെറ ഭാഗമാണ് വിനയാ എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഇന്നും ആ സംഘടനകളുടെ വിലക്കിനെ നേരിട്ടുകൊണ്ട് സിനിമ ചെയ്യേണ്ടിവരുന്ന എനിക്ക് വാക്കുകൾ കൊണ്ടെങ്കിലും കിട്ടിയിരുന്ന അവസാന സാന്ത്വനവും നഷ്ടപ്പെട്ടിരിക്കുന്നു.
സിംഹത്തെപ്പോലെ ഗ൪ജിച്ചിരുന്ന തിലകൻ ഒറ്റപ്പെടുന്നതിൻെറ ഏകാന്തത അനുഭവിച്ചിരുന്ന നിമിഷങ്ങൾ വളരെയേറെയുള്ളതുകൊണ്ട് വേദനിച്ചിരുന്നുവെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. തിലകനെ തൊട്ടാൽ സൂപ്പ൪താരങ്ങൾ പിണങ്ങുമെന്നും, സിനിമ നഷ്ടപ്പെടുമെന്നും പേടിച്ച് തനിക്ക് വളരെ വേണ്ടപ്പെട്ടവ൪ പോലും അകന്നുനിന്നപ്പോൾ നമ്മളാരും അറിയാതെ ആ സിംഹത്തിൻെറ ഉള്ള് കരഞ്ഞിട്ടുണ്ട്. പക്ഷേ, അതിനെയൊക്കെ തള്ളി മാറ്റി നിഷേധത്തിൻെറ മുഖംമൂടികൊണ്ട് മറച്ച് മറ്റൊരു അഭിനേതാവായി സ്വയംമാറുകയായിരുന്നു തിലകനെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഒടുവിൽ കണ്ടപ്പോൾ ഏറെ പ്രയാസമാണെന്ന് എന്നോട് പറഞ്ഞിരുന്നു. എല്ലാ വൈരങ്ങളും ഉൾക്കൊണ്ട ആ മഹാനടൻ യാത്രയായിരിക്കുന്നു. നമുക്ക് പ്രാ൪ഥിക്കാം, ഇനിയൊരു തിലകൻ നമുക്ക് ഉണ്ടാവട്ടെയെന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story