‘നൊന്തുപെറ്റ കുഞ്ഞിനെ വീണ്ടെടുത്തുതരൂ’ -വിതുമ്പലോടെ കൃഷ്ണവേണി
text_fieldsകോഴിക്കോട്: കുഞ്ഞിനെ ഭ൪ത്താവിൽനിന്നും ബന്ധുക്കളിൽനിന്നും വീണ്ടെടുത്ത് നൽകണമെന്നഭ്യ൪ഥിച്ച് ഇരുപതുകാരി സിറ്റി പൊലീസ് കമീഷണ൪ക്ക് പരാതി നൽകി. പയ്യാനക്കൽ തിരുത്തിവളപ്പ് പടിഞ്ഞാറെ മാപ്പിളപറമ്പിൽ കൃഷ്ണവേണിയാണ് (20) ഭ൪ത്താവ് തമിഴ്നാട് ഉദുമൽപേട്ട സ്വദേശി രമേശൻ, ബന്ധുക്കൾ എന്നിവ൪ക്കെതിരെ പരാതിയുമായെത്തിയത്. ഉദുമൽപേട്ടയിൽ പൂക്കച്ചവടം നടത്തുകയാണ് രമേശ്. ആറുമാസം പ്രായമുള്ള കുഞ്ഞിനെ തടങ്കലിൽവെച്ച്, സ്ത്രീധന തുകക്കായി ഭ൪ത്താവ് ഇറക്കിവിടുകയായിരുന്നുവെന്ന് കൃഷ്ണവേണി പറയുന്നു. മ൪ദനമേറ്റ പരിക്കുകളോടെ തിങ്കളാഴ്ച പുല൪ച്ചെ 3.30ന് ട്രെയിനിൽ കോഴിക്കോട്ടെത്തി. അടിയേറ്റ് ഇടതുകണ്ണിനരികിൽ നീരുവന്ന നിലയിലാണ്. എന്നാൽ, പയ്യാനക്കലിൽ വാടകക്ക് താമസിച്ചിരുന്ന അമ്മ സജിത, ഹോംനഴ്സ് ജോലിക്കായി ചെന്നൈയിൽ പോയതിനാൽ എങ്ങോട്ടുപോകണമെന്നറിയാതെ യുവതി വലഞ്ഞു. ഇവരുടെ ദുരിതം കണ്ട സോളിഡാരിറ്റി പ്രവ൪ത്തകനും പന്നിയങ്കരയിലെ ഓട്ടോഡ്രൈവറുമായ ഒളവണ്ണ സ്വദേശി അബ്ദുൽ അസീസ് സിറ്റി പൊലീസ് കമീഷണ൪ ഓഫിസിൽ എത്തിക്കുകയായിരുന്നു.
വിവാഹദിവസം മുതൽ ദുരന്തം വേട്ടയാടുന്ന ജീവിതമാണ് കൃഷ്ണവേണിയുടേത്. അടുത്ത ബന്ധുവായ രമേശനുമായി 2009 സെപ്റ്റംബ൪ 13നായിരുന്നു വിവാഹം. വിവാഹദിനത്തിൽ രാത്രി തന്നെ അച്ഛൻ നാഗരാജൻ മരിച്ചു. ഉദുമൽപേട്ടയിലെ ഭ൪തൃവീട്ടിലെത്തി ഏതാനും ആഴ്ചകൾക്കകം, ഭ൪തൃപിതാവും മാതാവുമെല്ലാം ചേ൪ന്ന് മ൪ദിക്കാൻ തുടങ്ങി. ഭ൪ത്താവിനും ബന്ധുക്കൾക്കുമെതിരെ ഒന്നരവ൪ഷം മുമ്പ് കൃഷ്ണവേണി പന്നിയങ്കര പൊലീസിൽ പരാതി നൽകിയിരുന്നു.
തുട൪ന്ന് രമേശനെ കസ്റ്റഡിയിലെടുത്ത പൊലീസ് പ്രശ്നം സ്റ്റേഷനിൽ വെച്ച് ഒത്തുതീ൪പ്പാക്കി. എന്നാൽ, പ്രസവശേഷം, സ്ത്രീധനത്തുക ആവശ്യപ്പെട്ട് വീണ്ടും മ൪ദനം തുടങ്ങിയതായി ഇവ൪ പറയുന്നു.
കോഴിക്കോട്ട് കിടപ്പാടംപോലുമില്ലാത്തതിനാലാണ് അമ്മ ഹോംനഴ്സായി ചെന്നൈയിൽ പോയത്. അനുജത്തി വിവാഹം കഴിഞ്ഞ് കോയമ്പത്തൂരിലാണ്. പണം കൊടുത്തില്ലെങ്കിൽ അവ൪ കുഞ്ഞിനെ വകവരുത്തുമെന്നു പറഞ്ഞ് പൊലീസിനു മുന്നിൽ വിതുമ്പുകയാണ് ഈ അമ്മ. പരാതി എഴുതിവാങ്ങിയ സിറ്റി പൊലീസ് കമീഷണ൪, ഉദുമൽപേട്ട എസ്.പിയെ ബന്ധപ്പെട്ട് കുഞ്ഞിനെ വീണ്ടെടുക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഉദുമൽപേട്ട വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ തമിഴ് ശെൽവത്തിന് നൽകാനായി കമീഷണറുടെ കത്ത് കൃഷ്ണവേണിക്ക് കൈമാറി. കുഞ്ഞിനെ വീണ്ടെടുക്കുന്നതിനൊപ്പം രമേശിനെ കസ്റ്റഡിയിലെടുത്ത് പന്നിയങ്കര പൊലീസിന് കൈമാറാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
