ബാറുകളില്‍ വ്യാജമദ്യ ദുരന്തത്തിന് സാധ്യതയേറെയെന്ന് മൊഴി
text_fieldsതിരൂ൪: ബാറുകളിലേക്ക് വ്യാപകമായി ഒഴുകുന്ന സ്പിരിറ്റ് ഉപയോഗിച്ച് വ്യാജമദ്യമുണ്ടാക്കുന്നതിനാൽ ദുരന്തത്തിന് സാധ്യതയേറെയാണെന്ന് നാ൪ക്കോട്ടിക് ഡിവൈ.എസ്.പി എം. മോഹനചന്ദ്രൻ മലപ്പുറം മദ്യദുരന്ത കമീഷൻ ജസ്റ്റിസ് എം. രാജേന്ദ്രൻ നായ൪ മുമ്പാകെ മൊഴി നൽകി. 2009ൽ അൾട്ടോ കാറിൽ മംഗലാപുരത്ത് നിന്ന് തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്ന സ്പിരിറ്റ് ഇടിമൂഴിക്കലിൽ അധികൃത൪ പിടിച്ചെടുത്തെങ്കിലും വിദേശത്തേക്ക് കടന്ന് അവിടെ ജയിലിലായ പ്രതിയെ അടുത്തിടെയാണ് പൊലീസ് പിടികൂടിയത്. അയാളുടെ മൊഴിയിലാണ് സ്പിരിറ്റ് ബാറുകൾക്ക് കൈമാറുന്ന കാര്യമറിഞ്ഞതെന്ന് മോഹനചന്ദ്രൻ. മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ദ്രവ്യൻ കുറ്റിപ്പുറം, പേരശന്നൂ൪, വളാഞ്ചേരി, തിരുനാവായ, പാണ്ടികശാല, നാഗപ്പറമ്പ്, എടയൂ൪, തെക്കൻ കുറ്റൂ൪ എന്നിവിടങ്ങളിൽ ബിനാമിയായി കള്ളുഷാപ്പുകൾ നടത്തിയിരുന്നു. ചിറ്റൂരിൽ നിന്നുള്ള കള്ള് ദ്രവ്യൻെറ വീടിനടുത്ത കാടുമൂടിയ സ്ഥലത്തെത്തിച്ച് വില്ലുപുരം സ്പിരിറ്റുമായി ചേ൪ത്ത് വിതരണം നടത്തിയതിനാലാണ് ദുരന്തമുണ്ടായത്. ദ്രവ്യനെതിരെ മുമ്പും കേസുണ്ടായിരുന്നു. ദ്രവ്യനടക്കമുള്ളവ൪ക്ക് ഉദ്യോഗസ്ഥരുടെ മൗനാനുവാദവുമുണ്ടായിരുന്നു. ബിനാമികൾക്ക് പണം നൽകിയിരുന്നത് ദ്രവ്യനായിരുന്നതിനാൽ ലൈസൻസികളേക്കാളേറെ ദ്രവ്യൻെറ ഷാപ്പുകളെന്നാണറിയപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ ബിനാമികളെ തിരിച്ചറിയാൻ എക്സൈസ് അധികൃത൪ക്ക് കഴിയുമായിരുന്നു. ബിനാമികളുടെ അമിത ലാഭക്കൊതിയും ബന്ധപ്പെട്ടവരുടെ ജാഗ്രതാ കുറവുമാണ് മദ്യദുരന്തത്തിന് കാരണമായതെന്നും മോഹനചന്ദ്രൻ കമീഷൻ മുമ്പാകെ നൽകിയ മൊഴിയിൽ പറയുന്നു. അഡ്മിനിസ്ട്രേറ്റീവ് ഡിവൈ.എസ്.പി യു. അബ്ദുൽ കരീം, മലപ്പുറം ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ള, ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈ.എസ്.പി ഇ.എം. പ്രദീപ്, സി.ഐ പി. വിശ്വംഭരൻ എന്നിവരെയും വിസ്തരിച്ചു. വിസ്താരം ചൊവ്വാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
