മന്‍മോഹന്‍ അതിജീവിച്ചു; ജനതയോ?
text_fieldsകഴിഞ്ഞ പത്തുനാളുകളിലായി പ്രക്ഷുബ്ധമായിരുന്ന ദേശീയരാഷ്ട്രീയം കലങ്ങിത്തെളിയുമ്പോൾ ബാക്കിയാവുന്നതെന്താണ്? മൻമോഹൻസിങ് ഗവൺമെൻറിന്, ഉദാരീകരണനയങ്ങളുമായുള്ള മുന്നോട്ടുപോക്കിനു തടസ്സംനിന്ന മമതാബാന൪ജിയുടെ തലവേദന അവസാനിച്ചു. പുറത്തുപോയ മമതയുടെ കക്ഷിക്ക്, തൃണമൂല തലത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ അധികാരത്യാഗത്തിനു പോലും തയാറാണെന്നു തെളിയിച്ച് പശ്ചിമബംഗാളിൽ ജനകീയ പ്രതിച്ഛായ വ൪ധിപ്പിക്കാനായി. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ, അഴിമതിയിൽ മുങ്ങിയ കോൺഗ്രസ് ഒരു ബാധ്യതയായി മാറാതെയും ഇടതിനേക്കാൾ മുന്തിയ ജനപക്ഷമായി മാറിയും ഒരു കൈ നോക്കാൻ അവ൪ക്കു കോപ്പായി. സന്ദിഗ്ധ ഘട്ടത്തിൽ സ൪ക്കാറിനെ മറിച്ചിട്ടെന്ന പഴിയുടെ പരിക്കില്ലാതെ രക്ഷപ്പെടുകയും ചെയ്തു. ഒരു ഇടക്കാല തെരഞ്ഞെടുപ്പിനെ പൊടുന്നനെ നേരിടാൻ ധൈര്യമില്ലാത്ത ബി.ജെ.പിക്കും പ്രതിപക്ഷത്തിനും മൻമോഹൻ ഉടൻ വീഴാതെ പോയത് ആശ്വാസമായി. മുലായംസിങ്ങിന് കേന്ദ്രത്തിൽ കയറിക്കളിക്കാൻ സുവ൪ണാവസരം ഒത്തുവന്നു. അടുത്ത തെരഞ്ഞെടുപ്പിലേക്ക് മകൻെറ യു.പി ഭരണത്തിലേക്ക് കേന്ദ്രത്തിൽനിന്നു മുതൽക്കൂട്ടാനും ബി.ജെ.പിയുടെ ദൗ൪ബല്യത്തിന് ആക്കം കൂട്ടി പാ൪ലമെൻറ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുമുള്ള വ്യായാമമുറകൾക്ക് മുലായമിന് അവധി കിട്ടി. ബിഹാ൪ പാക്കേജുമായി വിലപേശിയ നിതീഷ്കുമാ൪ താരമൂല്യം വ൪ധിപ്പിച്ചു. ഇങ്ങനെ അധികാരരാഷ്ട്രീയത്തിൻെറ കൈയും കണക്കും നോക്കിയാൽ എല്ലാവരും നേട്ടമുണ്ടാക്കി. അപ്പോൾ പിന്നെ നഷ്ടം ആ൪ക്കാണ്? സംശയമില്ല, സാധാരണ ജനത്തിനുതന്നെ.
അധികാരികൾക്കും അവരുടെ ദല്ലാളുമാ൪ക്കും എല്ലാം ശുഭമായി പര്യവസാനിച്ചതുകൊണ്ട് ജനത്തിൻെറ ആധി തീരുന്നില്ല. ഡീസലിൻെറ വിലവ൪ധനക്കും പാചകവാതക വിതരണനിയന്ത്രണത്തിനും ചെറുകിട വ്യാപാരരംഗത്തെ വിദേശനിക്ഷേപ കുത്തൊഴുക്കിനും ഒന്നും ഒരു പരിഹാരവും ഇല്ലെന്നല്ല, അതുമായി മുന്നോട്ടുപോകാനുള്ള രാഷ്ട്രീയരാശി തെളിഞ്ഞുകിട്ടിയ മട്ടിലാണ് കേന്ദ്ര ഭരണകൂടം. മമതയുടെ മുന്നിൽ മുട്ടുമടക്കാത്ത മൻമോഹൻസിങ്ങിനെക്കുറിച്ചും ഇത്രകാലം കഴിവുകെട്ടവനെന്ന് അപഹസിച്ച അന്ത൪ദേശീയ കുത്തകമാധ്യമങ്ങൾ ഇപ്പോൾ മറിച്ചെഴുതുന്നതിനെക്കുറിച്ചുമൊക്കെയുള്ള അപദാന പ്രചാരണം കോൺഗ്രസിൽനിന്ന് ഉദാരീകരണ സാമ്പത്തികനയങ്ങളുടെ പ്രായോജകരായ കുത്തക കോ൪പറേറ്റുകളും അവരുടെ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നു. അതിൻെറ ഊറ്റത്തിൽ പ്രധാനമന്ത്രിയും ധനമന്ത്രിയും അതിരുകവിഞ്ഞ ഔത്യത്തോടെ കോ൪പറേറ്റ് സുവിശേഷം ഓതിക്കൊണ്ടിരിക്കുന്നു. തീവില മൂലം തിന്നാനും കുടിക്കാനും നടക്കാനും വയ്യാത്ത പരുവത്തിലെത്തിയ പൊതുജനത്തോടാണ് മൻമോഹനും ചിദംബരവും മൊണ്ടേക്സിങ് അഹ്ലുവാലിയയും വള൪ച്ചനിരക്കിൻെറയും പ്രതിശീ൪ഷ തൊഴിൽശേഷി വ൪ധനയുടെയും കണക്കിലെ കളികൾ പറയുന്നത്. സാമ്പത്തികപരിഷ്കരണത്തിൻെറ തത്ത്വശാസ്ത്രം വിളമ്പാനുള്ള അക്കാദമിക വൈദഗ്ധ്യം പ്രകടിപ്പിക്കുകയല്ല, ജനജീവിതത്തെ ബാധിക്കുന്ന ദുരിതങ്ങളിൽനിന്ന് അവരെ കരകയറ്റാനുള്ള ഉപായങ്ങൾ തേടുകയാണ് ഭരണാധികാരികളുടെ കടമ. എന്നാൽ, നേ൪വിപരീത ദിശയിലാണ് യു.പി.എ സ൪ക്കാറിൻെറ നീക്കം. തുടങ്ങിവെച്ച നടപടികളുമായി മുന്നോട്ടുപോകുമെന്ന്, രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ പ്രധാനമന്ത്രി തീ൪ത്തുപറഞ്ഞു. 1991ലെ സാമ്പത്തികപ്രതിസന്ധിയെ മറികടന്നത് തൻെറ പരിഷ്കരണനടപടികൾകൊണ്ടാണ് എന്നു സൂചിപ്പിച്ച അദ്ദേഹം വികസനത്തിനും സാമൂഹികക്ഷേമത്തിനും പണം കണ്ടെത്താനാണ് വിലവ൪ധനയും, ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുന്ന അധികഭാരവും എന്നു പറയുന്നു. എന്നാൽ, ആരുടെ വികസനവും ക്ഷേമവും എന്ന ചോദ്യത്തിന്, ഒരു ദശകം നീണ്ട പുത്തൻ സാമ്പത്തിക ‘പരിഷ്കരണ’ത്തിലൂടെ രാജ്യത്തെ കുത്തുപാളയെടുപ്പിച്ചുകൊണ്ടിരിക്കുന്ന മൻമോഹൻസിങ്ങോ യു.പി.എയോ മറുപടി പറഞ്ഞിട്ടില്ല. പടിഞ്ഞാറ് സാമ്പത്തികപ്രതിസന്ധിയെ നേരിട്ടപ്പോൾ ഇന്ത്യ പിടിച്ചുനിന്നത് എടുത്തുകാട്ടിയ പ്രധാനമന്ത്രി പാശ്ചാത്യരാജ്യങ്ങളെ കുളംതോണ്ടിച്ച സാമ്പത്തികനയങ്ങളെന്തായിരുന്നുവെന്നും ഇപ്പോൾ ഇന്ത്യയിൽ നടന്നുവരുന്ന പരിഷ്കരണങ്ങൾക്ക് അതുമായുള്ള ബന്ധം എന്താണെന്നും മറച്ചുവെക്കുന്നു. പ്രത്യക്ഷ വിദേശ നിക്ഷേപത്തിനു തുറന്നിട്ടതിനാൽ 67 ശതമാനം ചെറുകിട തദ്ദേശീയസ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്ന തായ്വാൻെറയടക്കം അനുഭവങ്ങൾ നിരത്തിവെക്കുമ്പോൾ മൻമോഹൻെറ വലംകൈയായ ആസൂത്രണകമീഷൻ ഉപാധ്യക്ഷൻ മൊണ്ടേക്സിങ് അഹ്ലുവാലിയ പറയുന്നത് റീട്ടെയിൽ രംഗത്തെ ഒരു ശതമാനം ക്ഷീണത്തേക്കാൾ വള൪ച്ചനിരക്കിലെ ആറും ഏഴും ശതമാനം വ൪ധനയാണ് കാര്യം എന്നാണ്. ആധുനികവത്കരണത്തിനു പടിഞ്ഞാറിനെ ചൂണ്ടുക, അവിടത്തെ പരാജയം ചൂണ്ടിക്കാണിക്കുമ്പോൾ ഇന്ത്യ വ്യത്യസ്തമാണെന്നു വാദിക്കുക എന്ന ഇരട്ടത്താപ്പാണ് മൻമോഹൻ-ചിദംബരം-അഹ്ലുവാലിയ അച്ചുതണ്ടിൻേറത്. 44 ദശലക്ഷം ആളുകൾക്ക് തൊഴിലവസരം തുറക്കുന്ന റീട്ടെയിൽ മേഖലയെ വിൽപനക്കു വെക്കുന്നതിലെ അപകടമോ, വാൾമാ൪ട്ട് പോലുള്ള ബഹുരാഷ്ട്രകുത്തകകളുടെ പരാജയമോ, ബഹുരാഷ്ട്രകുത്തകയുടെ ഒരൊറ്റ ഔ്ലെറ്റ് 1600 ചെറുകിടവ്യാപാരങ്ങളെയും അതിനെ അവലംബിക്കുന്ന 5000 പേരുടെ തൊഴിലും ഒറ്റയടിക്ക് നി൪മാ൪ജനം ചെയ്തുകളയുന്നു എന്ന കണക്കോ ഇവരെ അസ്വാസ്ഥ്യപ്പെടുത്തുന്നേയില്ല.
റീട്ടെയിൽ വിഷയത്തിൽ ഷോപ്സ് ആൻഡ് എസ്റ്റാബ്ളിഷ്മെൻറ് ആക്ട് അനുസരിച്ച് സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നു പ്രധാനമന്ത്രി പറയുന്നു. എന്നാൽ, 82 രാഷ്ട്രങ്ങളുമായി ഉഭയകക്ഷി നിക്ഷേപ വ൪ധന സംരക്ഷണ കരാ൪ (ബൈലാറ്ററൽ ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ആൻഡ് പ്രൊട്ടക്ഷൻ എഗ്രിമെൻറ്-‘ബിപ’) ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ. ഇതനുസരിച്ച് എഫ്.ഡി.ഐ വഴി നിക്ഷേപമിറക്കുന്ന വ്യക്തിക്കോ കമ്പനിക്കോ പൂ൪ണസ്വാതന്ത്ര്യം ഉറപ്പിക്കാൻ കേന്ദ്രം ബാധ്യസ്ഥമാണ്. വൻകുത്തകകളുടെ ആധുനികരീതി സ്വീകരിച്ചില്ലെങ്കിൽ ഇന്ത്യയിലെ ചെറുകിട വ്യാപാരത്തിനു പിടിച്ചുനിൽക്കാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയംഗം സി. രംഗരാജൻ തുറന്നുപറയുന്നു. ഈ വസ്തുതകളെല്ലാം മറച്ചുവെച്ച് ജനരോഷം തണുപ്പിക്കാനായി അവാസ്തവങ്ങൾ പ്രചരിപ്പിക്കുന്ന ജോലിയാണ് നി൪ഭാഗ്യവശാൽ ഇന്ത്യയിൽ ഭരണകൂടംതന്നെ ഏറ്റെടുത്തിരിക്കുന്നത്. മമത പോയ മുന്നണിയിൽ മുലായം കയറുന്നതുകൊണ്ട് മൻമോഹൻെറയും യു.പി.എയുടെയും ഭരണപ്രതിസന്ധി അവസാനിച്ചിരിക്കാം. എന്നാൽ, കേന്ദ്രസ൪ക്കാ൪ മുന്നോട്ടുനീക്കുന്ന ആത്മഹത്യാപരമായ ‘പരിഷ്കരണ’നടപടികൾ വരുത്തിവെച്ച ജീവിതപ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യതകളാണ് തെളിയുന്നത്. പ്രധാനമന്ത്രിക്കു മുന്നിൽ കുപ്പായമൂരി പ്രതിഷേധിച്ച സന്തോഷ്കുമാ൪ സുമൻ ഈ ആധിയെ പ്രതീകവത്കരിക്കുകയായിരുന്നു. അധികാരക്കുപ്പായമിടീക്കുന്നതും ഊരിയെറിയുന്നതും ജനമാണ്. അവരുടെ ചൂടും വേവും ഉൾക്കൊള്ളാനുള്ള വിവേകമാണ് ഭരണാധികാരികളിൽനിന്ന് നാട് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
