ഇന്ത്യക്ക് 90 റണ്‍സ് ജയം
text_fieldsകൊളംബോ: നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ളണ്ടിനെ 90 റൺസിന് നിലംപരിശാക്കിയ ഇന്ത്യ ഗ്രൂപ് ‘എ’യിൽ ഒന്നാം സ്ഥാനക്കാരായി ട്വൻറി20 ലോകകപ്പ് ക്രിക്കറ്റിൻെറ സൂപ്പ൪ എട്ടിൽ പ്രവേശിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തപ്പോൾ ഇംഗ്ളണ്ട് 14.4 ഓവറിൽ 80 റൺസിന് ഓൾഔായി. നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഓഫ് സ്പിന്ന൪ ഹ൪ഭജൻ സിങ്ങാണ് ഇംഗ്ളീഷുകാരെ തക൪ത്തത്. 13 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത പിയൂഷ് ചൗളയും 17 റൺസ് വിട്ടുകൊടുത്ത് രണ്ടു പേരെ പുറത്താക്കിയ ഇ൪ഫാൻ പത്താനും ഹ൪ഭജന് മികച്ച പിന്തുണ നൽകി. ഹ൪ഭജനാണ് മാൻ ഓഫ് ദ മാച്ച്. ഫോമില്ലായ്മയുടെ പേരിൽ ഏറെക്കാലം പുറത്തിരുന്ന ഭാജിയുടെ അതിഗംഭീര തിരിച്ചുവരവു കൂടിയായി മത്സരം.
രോഹിത് ശ൪മയുടെ വെടിക്കെട്ട് അ൪ധസെഞ്ച്വറി (33 പന്തിൽ 55) മികവിലാണ് ഇന്ത്യ 170ലെത്തിയത്. ഗൗതം ഗംഭീ൪ 45ഉം, വിരാട് കോഹ്ലി 40ഉം റൺസടിച്ചു.
25 പന്തിൽ നാലു ഫോറും രണ്ടു സിക്സുമടക്കം 35 റൺസെടുത്ത ഓപണ൪ ക്രെയ്ഗ് കീസ്വെറ്റ൪ ഒഴികെ ഇംഗ്ളണ്ട് നിരയിൽ മറ്റാ൪ക്കും പിടിച്ചു നിൽക്കാനായില്ല. ജോസ് ബട്ലറും (12 പന്തിൽ 11), ജെയ്ഡ് ഡേൺബാക്ക് (ഏഴു പന്തിൽ 12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്സ്മാന്മാ൪. ആദ്യ ഓവറിൽ അലക്സ് ഹെയ്ലിനെ റണ്ണെടുക്കും മുമ്പ് ക്ളീൻ ബൗൾഡാക്കി മികച്ച തുടക്കം നൽകിയ ഇ൪ഫാൻ തൻെറ രണ്ടാം ഓവറിൽ അപകടകാരിയായ ലുക്ക് റൈറ്റിനെയും (നാലു പന്തിൽ ആറ്) തിരിച്ചയച്ച് ഇംഗ്ളണ്ടിനെ കുഴക്കി. തുട൪ന്ന് ആഞ്ഞടിച്ച ഹ൪ഭജനും ചൗളയും മധ്യനിരയെയും വാലറ്റത്തെയും തക൪ത്ത് ജയം കെങ്കേമമാക്കുകയായിരുന്നു. അവസാന വിക്കറ്റിൽ സ്റ്റീവ് ഫിന്നും (എട്ട് നോട്ടൗട്ട്) ഡേൺബാക്കും 20 റൺസ് ചേ൪ത്താണ് 100 റൺസ് തോൽവിയിൽനിന്ന് ഇംഗ്ളണ്ടിനെ രക്ഷിച്ചത്.
പരിക്കേറ്റ ഓപണ൪ വീരേന്ദ൪ സെവാഗിനു പകരം ഇ൪ഫാൻ പത്താനെ ബാറ്റിങ് ലൈനപ്പിൽ മുന്നിലെത്തിച്ചാണ് ഇന്ത്യ തുടങ്ങിയത്. സെവാഗ്, ആ൪. അശ്വിൻ, സഹീ൪ഖാൻ എന്നിവ൪ക്ക് പകരക്കാരായി അശോക് ദിൻഡ, പിയൂഷ് ചൗള, ഹ൪ഭജൻ സിങ് എന്നിവ൪ ഇന്ത്യയുടെ പ്ളെയിങ് ഇലവനിലെത്തി.
ഓപണറുടെ റോളിലെത്തിയ പത്താൻ (എട്ട് പന്തിൽ എട്ട്) പരാജയമായി. ന്യൂബാളുമായെത്തിയ സ്റ്റീവൻ ഫിന്നിനു മുന്നിൽ ശക്തമായ എൽ.ബി.ഡബ്ള്യൂ അപ്പീലിനെ അതിജീവിച്ചത് രണ്ട് തവണ. രണ്ടാം ഓവ൪ എറിയാനെത്തിയ ജെയ്ഡ് ഡേൺബാക്കിനെ രണ്ടു തവണ ബൗണ്ടറി പറത്തി ഗംഭീറാണ് സമ്മ൪ദം ലഘൂകരിച്ചത്. എന്നാൽ, ഇ൪ഫാൻെറ സഭാകമ്പം മാറിയിരുന്നില്ല. അവസാന പന്തിൽ വീണ്ടും അപ്പീൽ. മൂന്നാം ഓവറിൽ ഫിന്നിനെ ബൗണ്ടറി പറത്തി സമ്മ൪ദത്തിൽ നിന്ന് നടുനിവ൪ന്ന പത്താൻെറ വിക്കറ്റും തൊട്ടടുത്ത പന്തിൽ വീണു. ഫിന്നിൻെറ വേഗം കുറഞ്ഞ പന്ത് കുറ്റിയുമായി മൂളിപ്പറന്നു.
രണ്ടാം വിക്കറ്റിൽ ഗംഭീറിന് കൂട്ടായി ക്രീസിലെത്തിയ സ്റ്റാ൪ ബാറ്റ്സ്മാൻ വിരാട് കോഹ്ലിയിലായി ഇന്ത്യയുടെ പ്രതീക്ഷകൾ. ഇരുവരും ചേ൪ന്ന് ഇന്ത്യൻ ബാറ്റിങ്ങിൻെറ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ സ്കോ൪ ബോ൪ഡിനും പതിയെ ജീവൻവെക്കാൻ തുടങ്ങി. ഗ്രൗണ്ടിൻെറ നാനാവശങ്ങളിലേക്ക് പന്ത് പായിക്കാൻ ശ്രമിച്ച കോഹ്ലി എല്ലാ ഓവറിലും ബൗണ്ടറി കണ്ടെത്തി താളം നിലനി൪ത്തി. എന്നാൽ, ഇന്ത്യയുടെ റൺനിരക്ക് എട്ടിനും ഒമ്പതിനു ഇടയിൽ തളച്ചിട്ടു. പത്ത് ഓവ൪ അവസാനിച്ചപ്പോൾ ഇന്ത്യൻ ടോട്ടൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റൺസ്. തൊട്ടടുത്ത ഓവറിൽ കോഹ്ലി പുറത്താവുകയും ചെയ്തു. 32 പന്തിൽ ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 40 റൺസെടുത്തായിരുന്നു മടക്കം. ഗംഭീറിന് കൂട്ടായി രോഹിത് ക്രീസിലെത്തി. സിംഗ്ളും ഇടവേളകളിലെ ബൗണ്ടറിയുമായി രോഹിത് നിലയുറപ്പിക്കുമ്പോഴും മറുവശത്ത് കാഴ്ചക്കാരൻെറ റോളിലായിരുന്നു ഗംഭീ൪. സിംഗ്ളുകളിലൂടെ മാത്രം റൺസ് നേടിയ ഗംഭീ൪ എട്ട് ഓവറിൻെറ ഇടവേളക്കു ശേഷം 13ാം ഓവറിലാണ് ബൗണ്ടറി നേടുന്നത്. 16ാം ഓവറിൽ 45 റൺസുമായി ഫിന്നിന് വിക്കറ്റ് സമ്മാനിച്ച് കൂടാരം കയറുകയും ചെയ്തു. ധോണി ക്രീസിലെത്തിയതോടെ രോഹിത് ഉഗ്ര രൂപം പ്രാപിക്കുകയായി. സിക്സറും ബൗണ്ടറിയും പറത്തി മനോഹര ഇന്നിങ്സ് കാഴ്ചവെച്ച താരം ഇന്ത്യക്ക് 170 റൺസെന്ന മികച്ച ടോട്ടൽ സമ്മാനിച്ച് കളം വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
