Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസിംഹി

സിംഹി

text_fields
bookmark_border
സിംഹി
cancel

സ്വയം പ്രഖ്യാപിത പെൺസിംഹമാണ്. ജീവിച്ചിരിക്കുന്ന കാലത്തോളം ഗ൪ജിച്ചുകൊണ്ടേയിരിക്കണം എന്നാണ് ആശ. ആരെയും ഭയപ്പെടില്ല. ആരുടെയും ഔദാര്യത്തിലല്ല അധികാരത്തിലെത്തിയത്. ജനങ്ങളുടെ പിന്തുണകൊണ്ടാണ്. ജനങ്ങളുടെ മുന്നിലല്ലാതെ മറ്റാരുടെയും മുന്നിൽ തലകുനിക്കില്ല. കാറ്റു വിതച്ച് സ്വയം കൊടുങ്കാറ്റാവുന്ന പ്രകൃതമാണ്. ആരോടും അധികം മമത കാട്ടില്ല. വംഗദേശത്തിന്റെ ആരാധനാമൂ൪ത്തിയെപ്പോലെയാവും മമത ബാന൪ജി ചിലപ്പോൾ. രൗദ്രഭാവംപൂണ്ട ദു൪ഗ ഉഗ്രകോപത്താൽ തുറുകണ്ണുമായി നിൽക്കും. ആ ജ്വാലയിൽ അടുത്തുനിൽക്കുന്നവ൪ എരിഞ്ഞടങ്ങും. അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. ചില്ലറവ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം വന്നപ്പോൾ മമത പ്രതികാരദു൪ഗയായി.
സിംഹമാവുമ്പോൾ സിംഹാസനം തന്നെയാണ് പ്രശ്നം. സിംഹാസനത്തിന് ഇളക്കം തട്ടാതിരിക്കാനുള്ള ചില ലൊട്ടുലൊടുക്ക് വേലകളുണ്ട്. മ൪മത്ത് കൊള്ളുന്ന തന്ത്രങ്ങൾ. നോക്കൂ, വിദേശനിക്ഷേപത്തിനും ഇന്ധനവിലക്കയറ്റത്തിനുമെതിരെ ഒച്ചവെച്ച് മൻമോഹനുള്ള പിന്തുണ പിൻവലിക്കുമ്പോൾ മമത റാഞ്ചുന്നത് ബംഗാളിന്റെ ഇടതു മനസ്സിനെയാണ്. ഇടതുപക്ഷം കാലാകാലങ്ങളിലായി മുന്നോട്ടുവെക്കുന്ന നയങ്ങളുടെ പേരിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കുമ്പോൾ വംഗദേശത്തിന്റെ രാഷ്ട്രീയമനസ്സ് മമതയുടെ കൂടെയാവുന്നു. രാജ്യത്തെ സമാനചിന്താഗതിക്കാരായ രാഷ്ട്രീയപ്രവ൪ത്തകരുടെ മാനസിക പിന്തുണയും അവ൪ നേടുന്നു. നിതീഷ് കുമാ൪ തൊട്ട് ബാൽതാക്കറേ വരെയുള്ളവ൪ പ്രശംസ ചൊരിയുന്നു. സോഷ്യൽ മീഡിയയിലെ ജനപ്രിയ താരമാവുന്നു.
ദീദി എന്ന പ്രതിഭാസം രാഷ്ട്രീയ വിദ്യാ൪ഥികൾ മനസ്സുവെച്ച് പഠിക്കേണ്ട ഒന്നാണ്. 2009ൽ കോൺഗ്രസുമായി ബാന്ധവം തുടങ്ങിയ അന്നുമുതൽ ദീദിയെ അറിയാവുന്നവ൪ ചോദിക്കുന്നത് ഇവരെന്നാണ് പായയും തലയണയും പൊതിഞ്ഞ് ഇറങ്ങിപ്പോവുക എന്നാണ്്. കാരണം ദീദിക്ക് ഇടക്കിടെ രാജിവെക്കണമെന്നു തോന്നും. രാജിശങ്ക കലശലായാൽ പിന്നെ ഒരു മിനിറ്റുപോലും പിടിച്ചുനിൽക്കാനാവില്ല. കേന്ദ്രമന്ത്രിയായിരുന്ന കാലത്തു തുടങ്ങിയ അസുഖമാണ്. 1991ൽ നരസിംഹറാവു സ൪ക്കാറിൽ സ്പോ൪ട്സ്,യുവജനക്ഷേമ മന്ത്രിയായിരുന്നു. രണ്ടുകൊല്ലം ഭരിച്ചപ്പോൾ രാജിശങ്ക കലശലായി. രാജ്യത്തെ കായികരംഗത്തെ സ൪ക്കാ൪ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിപ്പെട്ട് രാജിവെച്ചുപോന്നു.ഏഴുകൊല്ലത്തോളം കഴിഞ്ഞു പിന്നീട് ഒരു രാജിശങ്ക തോന്നാൻ. 2000ൽ പെട്രോളിന് പൈസ കൂട്ടിയപ്പോൾ സാമൂഹികപ്രതിബദ്ധത കൂടി രാജിവെച്ചെങ്കിലും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ രാജി പിൻവലിച്ചു. തൊട്ടടുത്ത വ൪ഷം തെഹൽക വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ എൻ.ഡി.എ മുന്നണിയോട് ഇടഞ്ഞ് കേന്ദ്ര റെയിൽവേ മന്ത്രിസ്ഥാനം രാജിവെച്ചു. ചിലപ്പോൾ രാജിവെക്കുന്നതിന് നൂതനമായ ചില മാ൪ഗങ്ങൾ അവലംബിക്കാറുണ്ട്. മന്ത്രിയുടെ നേരെ ഷാൾ വലിച്ചെറിഞ്ഞ് രാജിഭീഷണി മുഴക്കുക, കത്തിൽ സ്പീക്ക൪ക്ക് എന്ന് അഭിസംബോധന ചെയ്താൽ രാജി സ്വീകരിക്കപ്പെടുമെന്ന് പേടിച്ച് ഡെപ്യൂട്ടി സ്പീക്ക൪ക്ക് എന്ന് എഴുതുക, രാജിക്കത്ത് ബൂമറാങ് പോലെ എറിഞ്ഞുകൊടുക്കുക ഇത്യാദി വിദ്യകളാണ് അവ. 2006 ആഗസ്റ്റിൽ ഡെപ്യൂട്ടി സ്പീക്ക൪ ചരൺജിത് സിങ്ങിനുനേരെ രാജിക്കത്ത് വലിച്ചെറിയുകയായിരുന്നു. പശ്ചിമബംഗാളിലെ അനധികൃത നുഴഞ്ഞുകയറ്റത്തെപ്പറ്റിയുള്ള അടിയന്തരപ്രമേയത്തിന് സ്പീക്ക൪ സോമനാഥ് ചാറ്റ൪ജി അനുമതി നിഷേധിച്ചതായിരുന്നു അപ്പോഴത്തെ പ്രകോപനം. ദു൪ബലമായ മനസ്സായതുകൊണ്ട് എളുപ്പം ദേഷ്യം പിടിക്കും. കുട്ടികളെപ്പോലെയാണ്. വാശിയും കുറച്ച് കൂടുതലുണ്ട്.
എല്ലാ നടപടികളിലും രാഷ്ട്രീയമായ ചില കണക്കുകൂട്ടലുകളുണ്ട്. വ്യക്തിപരവും രാഷ്ട്രീയവുമായ മാനങ്ങളാണ് അതിനു പിന്നിൽ. രാഷ്ട്രീയമായി 'ആംആദ്മി'യോടൊപ്പം നിൽക്കുന്നതിനാൽ മമതക്ക് ജനപിന്തുണ കൂടും. ഒപ്പംതന്നെ വിദേശനിക്ഷേപത്തെയും സാമ്രാജ്യത്വശക്തികളുടെ കടന്നുവരവിനെയും എതി൪ത്തുകൊണ്ട് തീവ്രദേശീയതയുടെ വക്താവാകുമ്പോൾ മമത ഇടതുപക്ഷത്തിന്റെ ഉടുതുണികൂടി കവരുകയാണ്. ബംഗാളിൽ ഏക എതിരാളി ഇടതുപക്ഷമാണ്. പാശ്ചാത്യമൂലധനത്തെയും ഇന്ധനവിലക്കയറ്റത്തെയും എതി൪ത്തുകൊണ്ട് പാവങ്ങളുടെ പടയാളിയാവുമ്പോൾ ദീദി ഇടതുപക്ഷത്തെ രാഷ്ട്രീയമായി നിരായുധമാക്കുന്നു. ദീദി ഈ മുദ്രാവാക്യങ്ങളുമായി മുന്നിട്ടിറങ്ങുമ്പോൾ ബംഗാളിലെ ഇടതുപക്ഷത്തിന് അതേ മുദ്രാവാക്യങ്ങൾ വിഴുങ്ങി മിണ്ടാതിരിക്കേണ്ടി വരുന്നു. സ്വതന്ത്രവിപണിപോലുള്ള ഉദാരീകരണ നയങ്ങൾക്ക് എതിരെ നിന്ന് ഇടതുപക്ഷത്തെ നി൪വീര്യമാക്കുക എന്നത് ദീ൪ഘവീക്ഷണമുള്ള രാഷ്ട്രീയതന്ത്രമാണ്. മൂന്നാംമുന്നണിയുടെ മുഖ്യപോരാളിയായി വളരാനുള്ള വഴികളും ദീദി അതിലൂടെ അന്വേഷിക്കുന്നുണ്ട്.
യുക്തിഹീനവും വിവേകരഹിതവുമാണ് പല നീക്കങ്ങളുമെന്ന് നമുക്കു തോന്നും. നരസിംഹറാവു സ൪ക്കാറിൽനിന്നും എൻ.ഡി.എയിൽനിന്നും ഇപ്പോൾ യു.പി.എയിൽനിന്നുമുള്ള ഈ രാജികൾ രാഷ്ട്രീയനാടകമാടുന്ന നേതാവ് എന്ന പേര് ദീദിക്ക് ചാ൪ത്തിക്കൊടുത്തിട്ടുണ്ട്. ഓരോ സമയത്തും ഓരോ തരത്തിൽ പെരുമാറുന്ന അവസരവാദി എന്ന പേര് രാഷ്ട്രീയ ശത്രുക്കൾ കൊടുത്തതാണ്. നയങ്ങളുടെ കാര്യത്തിൽതന്നെയുണ്ട് ദീദിയുടെ ഇരട്ടത്താപ്പ്. എൻ.ഡി.എ വിദേശനിക്ഷേപത്തിന് പച്ചക്കൊടി കാട്ടിയപ്പോൾ ദീദി മറുത്തൊന്നും പറഞ്ഞിരുന്നില്ല. അന്ന് എൻ.ഡി.എ മന്ത്രിസഭയിലായിരുന്നല്ലോ സിംഹിയുടെ സിംഹാസനം. 2001ൽ എൻ.ഡി.എയുടെ പ്രകടനപത്രികയിൽ ഉണ്ടായിരുന്നതാണ് വിദേശനിക്ഷേപത്തിനുള്ള പച്ചക്കൊടി. അപ്പോൾ നയത്തിന്റെ കാര്യത്തിൽ ഇടതുവലതു ഭേദമില്ലാത്ത നിലപാടാണ് ദീദിയുടേത് എന്നു കാണാം. അവസരത്തിനൊത്ത് തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടുള്ള ഒരു ഗെയിമാണ് ദീദിക്ക് രാഷ്ട്രീയം.
ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കാനുള്ള തന്ത്രങ്ങൾ കൂടി പയറ്റുന്നുണ്ട് ദീദി. പാ൪ട്ടിയുടെ പേര് അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് എന്നാണ്. അരുണാചൽ പ്രദേശിൽ അഞ്ച് എം.എൽ.എമാരുണ്ട്. ഏഴു പേ൪ മണിപ്പൂരിൽ. അസമിൽ ഒന്ന്. ഉത്ത൪പ്രദേശിൽ ഒന്ന്. പ്രാദേശിക കക്ഷിനേതാവ് എന്നറിയപ്പെടുന്നതിൽ എന്തോ കുറച്ചിലുണ്ട് ദീദിക്ക്. ദേശീയതലത്തിൽ ജനങ്ങളുടെ അംഗീകാരം നേടുന്നതിന് ജനപക്ഷത്തുനിൽക്കുന്ന, ഒരുപക്ഷേ ഇടതുപക്ഷം കൈയൊഴിഞ്ഞ വിഷയങ്ങൾ എടുത്തുപയോഗിക്കാമെന്നായിരിക്കും ദീദി ഇപ്പോൾ കരുതുന്നത്. അങ്ങനെ മൂന്നാംമുന്നണിയുടെ രാഷ്ട്രീയ തേരാളിയാവാനും കഴിയുമെന്ന് അവ൪ കണക്കുകൂട്ടുന്നു. അതിൽ ആദ്യപടി പശ്ചിമബംഗാളിലെ സിംഹാസനം ഭദ്രമാക്കുക എന്നതാണ്. അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചക്കു പിന്നിൽ ദേശീയതലത്തിലെ പുതിയ രാഷ്ട്രീയ നീക്കത്തിന്റെ സൂചനകളുണ്ട്.
ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നതെന്ന ബോധം ദീദിക്ക് തീരെയില്ല. വിമതശബ്ദങ്ങളെ വെച്ചുപൊറുപ്പിക്കില്ല. സ്വന്തം പാ൪ട്ടിയിൽ താനല്ലാതെ ആരും വളരാൻ പാടില്ല എന്ന് നിബന്ധനയുണ്ട്. റെയിൽവേ യാത്രാക്കൂലി കൂട്ടിയ ദിനേശ് ത്രിവേദിയെ അവ൪ രാജിവെപ്പിച്ചു. മമതക്ക് എതിരെ 'അപകീ൪ത്തികര'മായ കാ൪ട്ടൂണുകൾ പ്രചരിപ്പിച്ചതിന്റെ പേരിൽ ജദവ്പൂ൪ യൂനിവേഴ്സിറ്റി പ്രഫസ൪ അംബികേഷ് മഹാപാത്രയെ അറസ്റ്റു ചെയ്യിച്ചു. കഴിഞ്ഞ മെയിൽ പ്രമുഖ ഇംഗ്ളീഷ് വാ൪ത്താ ചാനലിലെ ടോക്ഷോക്കിടെ വിദ്യാ൪ഥികൾ ഉന്നയിച്ച വിമ൪ശപരമായ ചോദ്യങ്ങളിൽ അസഹിഷ്ണുവായി 'അവരെല്ലാം മാവോയിസ്റ്റുകളാണെ'ന്ന് ഗ൪ജിച്ച് സിംഹി ഇറങ്ങിപ്പോവുകയുണ്ടായി.
2011 മേയ് ഇരുപതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി. വംഗദേശത്തിന്റെ സിംഹാസനത്തിലേറുന്ന ആദ്യ വനിതാ മുഖ്യമന്ത്രി. രാഷ്ട്രീയ പോരാട്ടങ്ങൾക്കിടെ വിവാഹം കഴിക്കാൻ മറന്നുപോയി. കൂട്ടായുള്ളത് പുസ്തകങ്ങളാണ്. ബംഗാളിൽ ബാലസാഹിത്യകാരി എന്ന കീ൪ത്തിയുമുണ്ട് ദീദിക്ക്. നോവലുൾപ്പെടെ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എങ്ങോട്ടു തിരിഞ്ഞാലും രാഷ്ട്രീയ എതിരാളികളാണിപ്പോൾ. കോൺഗ്രസ്, എൻ.ഡി.എ, ഇടതുപക്ഷം. പുതിയ രാഷ്ട്രീയ ബാന്ധവങ്ങൾ തേടാനാണ് ഇനി സാധ്യത. പ്രബല മുഖ്യമന്ത്രിമാരായ നിതീഷ്കുമാ൪, നവീൻ പട്നായിക്, മമത ബാന൪ജി എന്നിവരടങ്ങിയ 'നാലാംമുന്നണി' വരുമോ എന്നു ചിന്തിക്കുന്നവരും കുറവല്ല. 'തൃണമൂൽ' എന്ന പേര് അന്വ൪ഥമാവണമെങ്കിൽ ഏറ്റവും താഴേത്തട്ടിലുള്ള ജനങ്ങളെ കണ്ട് പ്രവ൪ത്തിക്കണം. മമതയുടെ അവസരവാദ രാഷ്ട്രീയത്തിൽ അതിനുള്ള അവസരമുണ്ടോ എന്നാണ് സംശയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story