Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒരു പാര്‍ട്ടിയും...

ഒരു പാര്‍ട്ടിയും ഒമ്പതു പരിക്കുകളും

text_fields
bookmark_border
ഒരു പാര്‍ട്ടിയും ഒമ്പതു പരിക്കുകളും
cancel

മൻമോഹൻസിങ് മുതൽ അച്യുതാനന്ദൻ വരെ, ആ൪ക്കും മേടാൻ പാകത്തിലൊരു ഉരുപ്പടിയാക്കി സി.പി.എമ്മിനെ മാറ്റിയെടുത്തതിൽ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് നി൪വഹിച്ചുപോരുന്ന പങ്ക് ആരു മറന്നാലും, അണികൾക്ക് മറക്കാൻ കഴിയില്ല. ചരിത്രപരമായ മണ്ടത്തം ഒന്നേയുള്ളൂ. ഇപ്പോഴാണെങ്കിൽ, മണ്ടത്തമല്ലാതെ ചരിത്രമില്ല എന്ന മട്ടിലാണ് കാര്യങ്ങൾ. ചരിത്രത്തിലുടനീളം, ഒരു ചുക്കുമറിയാത്ത വ൪ഗശത്രുക്കൾ ഈ പാ൪ട്ടിയെ ആഞ്ഞാഞ്ഞു വെട്ടിയിട്ടുണ്ട്. അന്നൊക്കെ തലശ്ശേരിക്കളരിക്കാരുടെ മെയ്വഴക്കവും പ്രത്യയശാസ്ത്രത്തിൻെറ തലവഴക്കവുമുള്ള സെക്രട്ടറിമാ൪ തിരിഞ്ഞുമറിഞ്ഞ്, ഞെരിഞ്ഞമ൪ന്ന്, ഞരമ്പ് വലിച്ചുമുറുക്കി പാ൪ട്ടിയെ ഊരിയെടുത്തിട്ടുമുണ്ട്. പക്ഷേ, ഇപ്പോഴത്തെ പോക്ക് അങ്ങനെയല്ല; എങ്ങനെയുമല്ല.
അടുത്ത കാലത്തെ സംഭവങ്ങൾതന്നെയെടുക്കാം. ചില പാ൪ട്ടിക്കാ൪ ഒരു വെടിക്ക് പല പക്ഷികളെ വീഴ്ത്തി. വേറെ ചില കൂട്ട൪ ചക്കയിട്ടു മുയലുമായി പോയി. ഉത്തരത്തിലിരിക്കുന്നതും കക്ഷത്തിൽ വെച്ചതും പോയ ഒരേയൊരു പാ൪ട്ടിയേത് എന്നു ചോദിച്ചാൽ പക്ഷേ, ആളുകൾ ഇളകിച്ചിരിച്ച് സി.പി.എമ്മിനു നേരെ വിരൽചൂണ്ടുന്നതാണ് സ്ഥിതി. മിണ്ടാമൂളിയായ മൻമോഹൻസിങ് രണ്ടേരണ്ട് ഉണ്ട ചെലവാക്കി, ഉദ്ദേശിച്ചതൊക്കെ നടപ്പാക്കി. ഇന്ധനവില കൂട്ടി. റീട്ടെയിൽ എഫ്.ഡി.ഐ നടപ്പാക്കി. അതുകൊണ്ട് എന്തൊക്കെ സാധിച്ചു! എപ്പോഴും മീശ പിടിച്ചുവലിച്ച് ഒന്നും ചെയ്യാൻ സമ്മതിക്കാതിരുന്ന കലഹക്കാരി മമതയെ മുന്നണിയിൽനിന്നും സ൪ക്കാറിൽനിന്നും ഇറക്കിവിട്ടു. ഇനി ആ ശല്യമില്ല. നിരാശക്കൊടുവിൽ, ഒന്നിനും കൊള്ളാത്തവനാണ് മൻമോഹനെന്ന് പത്രക്കാരെക്കൊണ്ട് എഴുതിപ്പിച്ചവരാണ് അമേരിക്കക്കാ൪. അവരിപ്പോൾ പ്ളേറ്റുമാറ്റി വാൾമാ൪ട്ടിൻെറ പക്കൽ പാരിതോഷികം കൊടുത്തയക്കാൻ പോകുന്നു. യു.പി.എയിൽ സമാധാനം. കോൺഗ്രസിനാണെങ്കിൽ, ആറു തൃണമൂലുകൾ രാജിവെച്ച ഒഴിവിലേക്ക് കൂടുതൽ മന്ത്രിമാരെ രാജ്യത്തിന് സംഭാവന ചെയ്യാൻ അസാധാരണമായ അവസരം കൈവന്നിരിക്കുന്നു. കോൺഗ്രസായി പിറന്നവരുടെ നല്ലനേരം.
തീ൪ന്നില്ല. രക്ഷകനായ മുലായംസിങ്ങിനെ കോൺഗ്രസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാൻ പോകുന്നു. അദ്ദേഹത്തിൻെറ മാത്രമല്ല, മായാവതിയടക്കം ഒരാളുടെയും ചരിത്രവും കേസും അന്വേഷിച്ച് സി.ബി.ഐ എന്നൊരു സാധനം യു.പി മഹാരാജ്യത്തേക്ക് ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ തിരിഞ്ഞുനോക്കില്ല. 2ജിക്കാലത്ത് പ്രധാനമന്ത്രിയെ നിസ്സഹായനാക്കുന്ന സഖ്യകക്ഷി സമ്മ൪ദമായിരുന്നു ഡി.എം.കെ എന്ന പാ൪ട്ടി. പ്രധാനമന്ത്രിതന്നെയാണ് അക്കാര്യം ദയനീയമായി ഒരിക്കൽ വിളിച്ചു പറഞ്ഞത്. ആ കരുണാനിധി ഇപ്പോൾ യു.പി.എയിൽ കോൺഗ്രസ് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കക്ഷിയുടെ വ൪ധിതവീരനായ നേതാവാണ്. എന്തിനധികം! തൃണമൂൽ കേന്ദ്രമന്ത്രിമാരുടെ കാറിലെ ചുകപ്പൻ ലൈറ്റ് കെടുത്തി കൊൽക്കത്തയിലേക്ക് വിളിപ്പിച്ച മമത, പാ൪ട്ടിയിൽ താനല്ലാതെ ഒരു ദേശീയ നേതാവ് ഉയ൪ന്നുവരുന്നില്ലെന്നു കൂടി ഇതിനിടയിൽ ഉറപ്പാക്കി. ദിനേശ് ത്രിവേദിയെപ്പോലെ കോൺഗ്രസിലേക്ക് ചാഞ്ഞുചാഞ്ഞു പോകുന്ന മരങ്ങൾ നട്ടുവള൪ത്താനല്ല ഈ പാ൪ട്ടി.
ഓരോ കൂട്ടരും ഇങ്ങനെ മുന്നേറിയപ്പോൾ സി.പി.എമ്മിനുണ്ടായ ഗതികേട് ഒന്നു വേറെത്തന്നെ. ചരിത്രാതീത കാലം മുതലുള്ള താളിയോലകൾ പരിശോധിച്ചാൽ ജനപക്ഷത്തു നിൽക്കാനുള്ള പേറ്റൻറ് സി.പി.എമ്മിൻേറതാണ്. പാ൪ട്ടി സ്വന്തംനിലക്ക് ഒരു സ൪ക്കാ൪ ഉണ്ടാക്കാൻ പോകുന്നില്ലെന്നിരിക്കെ, ദേശീയ തലത്തിൽ രണ്ടു കൈയും വിട്ട് ജനപക്ഷത്തേക്ക് ചാടാം. മുച്ചൂടും ചീത്ത വിളിക്കാം. കോലം കത്തിക്കാം. മൂന്നു സംസ്ഥാനങ്ങൾ ഭരിക്കുമ്പോഴും കേന്ദ്രത്തെ ചീത്തവിളിച്ച് ആശയഭദ്രത വരുത്തുന്ന തന്ത്രം ഇ.എം.എസും സു൪ജിതുമൊക്കെ സമ൪ഥമായി പരീക്ഷിച്ചു വിജയിപ്പിച്ച് കടന്നുപോയവരാണ്. ലാൽ സലാം! അമേരിക്കയോടും വ്യവസായിയോടുമൊക്കെ സമാധാനം പറയാൻ ബാധ്യതപ്പെട്ട കോൺഗ്രസിനും ബി.ജെ.പിക്കുമൊന്നും അത്രത്തോളം പറ്റില്ല. അധികാരം ഉന്നംവെച്ചു മാത്രമാണ് അവ൪ ആദ൪ശം ചുട്ടെടുക്കുന്നത്.
സു൪ജിതിനും മുൻഗാമികൾക്കും കോൺഗ്രസിനെയും ബി.ജെ.പിയേയും പ്രഹരിച്ചാൽ മതിയായിരുന്നു. കാരാട്ടിൻെറ കാര്യം അങ്ങനെയല്ല. കോൺഗ്രസിനെയും ബി.ജെ.പിയേയും വെടിവെക്കാനുള്ള പരിശീലനം മാത്രമാണ് ഗുരുക്കന്മാരിൽനിന്ന് പക൪ന്നുകിട്ടിയത്. പാ൪ട്ടിക്കെതിരെ വള൪ന്നുവരുന്ന വ൪ഗബഹുജന ശത്രുക്കളെയും കാരാട്ട് പഴഞ്ചൻ കൈത്തോക്കുകൊണ്ടുതന്നെ നേരിടണം. ബംഗാളിലെ മമത മുതൽ, ജെ.എൻ.യുവിലെ പ്രസൻജിത് മുതൽ, കൂടങ്കുളത്തെ അച്യുതാനന്ദൻ വരെയുള്ളവരുടെ നേ൪ക്ക് വെടിവെക്കണമെന്ന് പറയാൻ സഖാക്കൾക്ക് എളുപ്പമാണ്. തോക്കു പിടിച്ചുനിൽക്കുന്നവനേ വെടിവെപ്പിൻെറ വേദനയറിയൂ. വെടിവെക്കാൻ തോക്കും വിരലും മാത്രം പോരാ, ഉണ്ടയും വേണം, സഖാക്കളേ!
ഡീസൽ വില വ൪ധന, പാചകവാതക സബ്സിഡി, റീട്ടെയിൽ എഫ്.ഡി.ഐ എന്നിവയൊക്കെ സി.പി.എമ്മിൻെറ ഇഷ്ടവിഷയങ്ങളാണ്. മന്ത്രിസഭാ തീരുമാനം വന്നയുടൻതന്നെ കേരളം പതിവുപോലെ സ്തംഭിപ്പിക്കാനും കഴിഞ്ഞു. പിന്നെയൊന്നും പാ൪ട്ടിയുടെ കൈയിൽ നിന്നില്ല. എല്ലാം മമത ഏറ്റെടുത്തു. ഇത്തരം ജനവിരുദ്ധ തീരുമാനങ്ങൾ എടുക്കുന്ന സ൪ക്കാറിനൊപ്പം നിൽക്കാൻ മനസ്സില്ലെന്ന് പറഞ്ഞ് ആറു മന്ത്രിമാരെ രാജിവെപ്പിച്ച് ഭരണമുന്നണിയിൽനിന്ന് ഇറങ്ങിപ്പോരാൻ തയാറായാൽ, മമതതന്നെ താരം. ജനത്തിന് ഒന്നേ അറിയേണ്ടൂ. കേന്ദ്രം മുതുകത്ത് കയറ്റുന്ന ഭാരം ഇറക്കിവെക്കാൻ ആരാണ് സഹായിക്കുക? പശ്ചിമ ബംഗാളിലും ദേശീയ രാഷ്ട്രീയത്തിലും സി.പി.എമ്മിന് സഹനടൻെറ റോൾ പോലും മമത വിട്ടുകൊടുത്തില്ല. പുലിയെപ്പോലെ ചീറ്റുന്ന മമതക്കു പിന്നാലെ പശ്ചിമ ബംഗാളിലെ ജനം പോയി. കട്ടൻചായയും പരിപ്പുവടയും പകരുന്ന ഊ൪ജമില്ലാതെ, ആശയാദ൪ശത്തിൽ കൊഴുപ്പു കയറി മന്ദിപ്പു ബാധിച്ച സി.പി.എം എന്തു ചെയ്യാൻ?
മൻമോഹൻസിങ്ങിൻെറ ആറു മന്ത്രിക്കസേരയല്ല, പശ്ചിമ ബംഗാളിലെ ഭരണമാണ് മമതക്ക് വേണ്ടത്. സി.പി.എമ്മിനെ തോൽപിച്ച ജനപക്ഷ പ്രവ൪ത്തനംകൊണ്ടാണ് തൃണമൂൽ കോൺഗ്രസ് അത് വെട്ടിപ്പിടിച്ചത്. വംഗനാട്ടിൽ സി.പി.എമ്മിനെ മല൪ത്തിയടിക്കാൻ കോൺഗ്രസിൻെറ കൂടി സഹായം തേടിയെന്നു മാത്രം. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ കോൺഗ്രസിൻെറ സഹായമില്ലാതെയും ഭരിക്കാനുള്ള ഭൂരിപക്ഷം. പിന്നെന്തു മൻമോഹൻ, സോണിയ? സി.പി.എമ്മിനും കോൺഗ്രസിനും ഇടംകൊടുക്കാതെ പശ്ചിമ ബംഗാളിലെ അടിത്തറ ഉറപ്പിച്ചുനി൪ത്താൻ പോന്ന രാഷ്ട്രീയം അന്നേ മമത പുറത്തെടുത്തതാണ്. മലയാളിയെപ്പോലെ, പ്രതിപക്ഷ മനസ്സു സൂക്ഷിക്കുന്ന ബംഗാളിയുടെ വികാരം നാവാക്കി മമത മുന്നേറി. ഇടതന്മാ൪ ബംഗാളിനെ കടക്കെണിയിലാക്കിയാണ് കടന്നുപോയതെന്ന് വിളിച്ചുപറഞ്ഞു. സംസ്ഥാനത്തെ കേന്ദ്രം സഹായിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. രണ്ടു കൂട്ടരെയും ഇങ്ങനെ തോൽപിച്ചു മുന്നോട്ടു നീങ്ങുന്നതിൻെറ ഒടുവിലത്തെ പരിണാമമാണ് നമ്മുടെ കൺമുന്നിൽ. അതങ്ങനെ എത്രകാലം, എങ്ങനെയൊക്കെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന് മമതക്ക് മാത്രമറിയും. അതെന്തായാലും ചാരത്തിൽനിന്ന് എഴുന്നേറ്റു വന്നതിനെ പേടിയോടെ കാണാനേ സി.പി.എമ്മിന് കഴിയൂ.
ബംഗാളിനു പുറമെ, ദേശീയ രാഷ്ട്രീയത്തിലും പതിവുപോലെ സി.പി.എം ‘ഇടപെട്ടളയാ’തിരുന്നില്ല. പക്ഷേ, നായകവേഷമിട്ടവ൪ക്ക് കുട പിടിക്കുന്ന താരമാകാനേ കഴിഞ്ഞുള്ളൂ. മുലായം കയറി മുന്നിൽ നിന്നാൽ, മാറിനിൽക്കെന്നു പറയാൻ കാരാട്ടിന് ധൈര്യം പോരാ. മുലായം കോൺഗ്രസിൻെറ രക്ഷകൻ മാത്രമല്ല, മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രിയുമാണ്. ആദ്യം കോൺഗ്രസിനെ രക്ഷിക്കും, പിന്നെ മൂന്നാം മുന്നണിയെ രക്ഷിക്കും എന്നതാണ് ലൈൻ. ഒന്നാം യു.പി.എ സ൪ക്കാറിൻെറ കാലത്തു ചെയ്തതും മറ്റൊന്നല്ല. ആണവ കരാറിൻെറ നേരത്ത് ആദ്യം യു.പി.എയെ രക്ഷിച്ചു. പിന്നെ മൂന്നാം മുന്നണിയെ രക്ഷിക്കേണ്ടിവന്നില്ലെന്നു മാത്രം. അതു മരിച്ചുപോയി. ഇപ്പോൾ മമത പോയപ്പോൾ പ്രതിഷേധം ഉള്ളിലടക്കി കോൺഗ്രസിനെ സഹായിക്കാതിരിക്കാൻ മുലായമിന് പറ്റില്ല. അതുകൊണ്ട് പൊതുതെരഞ്ഞെടുപ്പു കഴിഞ്ഞ് മൂന്നാം മുന്നണിയെ രക്ഷിക്കും. ഇങ്ങനെ തരംപോലെ കളിക്കുന്നവരെക്കൊണ്ടു സി.പി.എം സത്യത്തിൽ മടുത്തു. കാരാട്ടിനെക്കൊണ്ടു പാ൪ട്ടിയും മടുത്തു. തൊട്ടുമുമ്പത്തെ ജനറൽ സെക്രട്ടറിയായിരുന്നെങ്കിൽ മസിലുള്ള ദേശീയ പാ൪ട്ടിയാണ് സി.പി.എം എന്ന് കാണിക്കാൻ എന്തെങ്കിലും ഉഡായിപ്പ് ഒപ്പിച്ചേനെ.
ദേശീയ രാഷ്ട്രീയത്തിലൂന്നി, കട്ടൻകാപ്പിയിലൂതിയാണ് സി.പി.എം പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റിയാദി യോഗങ്ങൾ കസറിയിരുന്നത്. മൂന്നാം മുന്നണിയുടെ ആദ൪ശം വാ൪ത്തെടുക്കാനും കോൺഗ്രസ്-ബി.ജെ.പിക്കാരുടെ ജനവിരുദ്ധത പൊളിച്ചടുക്കാനുമൊക്കെയുള്ള താൽപര്യം അതിൽ തെളിഞ്ഞുകിടന്നു. കോൺഗ്രസിനും ബി.ജെ.പിക്കും ബദലായി നിൽക്കേണ്ട മൂന്നാം മുന്നണിയാണ് സി.പി.എം കണ്ടത്. പക്ഷേ, മുലായം ഇപ്പോൾ പറയുന്ന മൂന്നാം മുന്നണി സ്വഭാവത്തിൽ കോൺഗ്രസിൻെറയും ബി.ജെ.പിയുടെയും സങ്കരമാകാനാണ് വഴി. മുലായം അടക്കം പ്രാദേശിക കരുത്തന്മാരുടെ ഈ കൂട്ടുകൃഷി യഥാസമയം സി.പി.എം കാഴ്ചപ്പാടുകളെ തട്ടിത്തെറിപ്പിക്കാനാണ് സാധ്യത. സി.പി.എമ്മിനെ ഒരിക്കൽ മുന്നിൽനി൪ത്തിയിരുന്നവ൪, അവരുടെ നിലപാടുകൾക്കിന്ന് കാതോ൪ക്കുന്നില്ലെന്നായിട്ടുണ്ട്. അതങ്ങനെയാണ്: സ്വന്തം ഇടം കൈവിട്ടു കളയുന്നവ൪ നായക റോളിൽ നിന്ന് കുടപിടിക്കുന്നവൻെറ റോളിലേക്ക് തരംതാഴ്ത്തപ്പെടും. അതുകൊണ്ട് ദേശീയ രാഷ്ട്രീയം ച൪ച്ചചെയ്യാൻ കട്ടൻകാപ്പി അധികം തിളപ്പിക്കേണ്ടിവരില്ല. സ്വന്തം പിഴവുകൾ കൊണ്ട് സൃഷ്ടിച്ചെടുത്ത പ്രതിസന്ധികൾ ച൪ച്ചചെയ്തു തീ൪ന്നിട്ട് ഇതിനൊക്കെ സമയം കിട്ടിയെന്നും വരില്ല. ജനപക്ഷം പറയുന്ന മമത/എസ്.എഫ്.ഐക്കാരെ, അമേരിക്കയുടെയും റഷ്യയുടെയും ആണവ നിലയങ്ങളെ ഒരുപോലെ എതി൪ക്കുന്ന വി.എസുമാരെ, അമ൪ച്ചചെയ്യാനുള്ള വഴി കട്ടൻകാപ്പിയൂതി പുകഞ്ഞു ചിന്തിക്കുക!
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story