മഴ: ഏഴ് ഓവറാക്കിയ കളിയില്‍ ദക്ഷിണാഫ്രിക്കക്ക് 32 റണ്‍സ് ജയം
text_fieldsഹംബൻടോട്ട: മഴമൂലം ഏഴ് ഓവറാക്കി ചുരുക്കിയ ശനിയാഴ്ചത്തെ ആദ്യ മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 32 റൺസ് ജയം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സന്ദ൪ശക൪ നിശ്ചിത ഓവറിൽ നാല് വിക്കറ്റിന് 78 റൺസാണ് അടിച്ചുകൂട്ടിയത്. ലങ്കൻ മറുപടി ഏഴ് ഓവറിൽ അഞ്ചിന് 46ൽ ഒതുങ്ങി. 13 പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സും അടക്കം 30 റൺസ് നേടിയ ക്യാപ്റ്റൻ എബി ഡീ വില്ലിയേഴ്സാണ് വിജയികളുടെ ടോപ് സ്കോറ൪. കളിയിലെ കേമനും ഡീ വില്ലിയേഴ്സ് തന്നെ. ജയത്തോടെ ആഫ്രിക്കൻ സംഘം ഗ്രൂപ് സി ജേതാക്കളായി. സിംബാബ്വെ പുറത്തായതിനാൽ ശ്രീലങ്ക നേരത്തേ തന്നെ ദക്ഷിണാഫ്രിക്കക്കൊപ്പം സൂപ്പ൪ എട്ടിൽ കടന്നിരുന്നു.
ടോസ് ചെയ്യുന്നതിന് മുമ്പെ മഴയെത്തിയതിനെത്തുട൪ന്ന് മഹീന്ദ രാജപക്സെ സ്റ്റേഡിയത്തിൽ രണ്ടര മണിക്കൂറിലധികം വൈകിയാണ് കളി തുടങ്ങിയത്. കാ൪മേഘങ്ങൾ നീങ്ങിയപ്പോൾ മത്സരം ഏഴ് ഓവറാക്കി ചുരുക്കിയതായി അമ്പയ൪മാ൪ അറിയിച്ചു. ടോസ് ലഭിച്ച മഹേല ജയവ൪ധനെ എതിരാളികളോട് ബാറ്റ് ചെയ്യാൻ നി൪ദേശിക്കുകയും ചെയ്തു. ആദ്യ ഓവറിൽത്തന്നെ റിച്ചാ൪ഡ് ലെവിയെ (നാല്) പുറത്താക്കി നുവാൻ കുലശേഖര ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. ദിൽഷൻ മുനവീരക്ക് ക്യാച്ച് നൽകി ഓപണ൪ മടങ്ങുമ്പോൾ സ്കോ൪ ബോ൪ഡിൽ നാല് റൺസ്.
അടുത്ത ഓവറിൽ ലസിത് മലിംഗയെ രണ്ട് തവണ ബൗണ്ടറിയടിച്ച് ഹാഷിം ആംല കത്തിക്കയറിയെങ്കിലും പിന്നാലെ രംഗണ ഹെരാത്തിൻെറ ഓവറിൽ കുമാ൪ സങ്കക്കാര സ്റ്റമ്പ് ചെയ്തു. ഒമ്പത് പന്തിൽ 16 റൺസായിരുന്നു സംഭാവന. സ്കോ൪ മൂന്ന് ഓവറിൽ രണ്ടിന് 27. തുട൪ന്നെത്തിയ ഡീ വില്ലിയേഴ്സ് ഹെരാത്തിനെയും മലിംഗയെയും ശിക്ഷിച്ചു. 30 റൺസെടുത്ത ക്യാപ്റ്റനെ മലിംഗ, ജീവൻ മെൻഡിസിനെ ഏൽപ്പിക്കുമ്പോൾ അവ൪ ആറ് ഓവറിൽ മൂന്നിന് 65.
11 പന്തിൽ 13 റൺസ് നേടിയ ഫാഫ് ഡു പ്ളസിസ് ഏഴാം ഓവറിൽ പുറത്തായി. തിസാര പെരേരയുടെ പന്തിൽ മെൻഡിസിന് തന്നെ ക്യാച്ച്. അവസാന രണ്ട് പന്തുകളിൽ യഥാക്രമം ഫോറും സിക്സുമടിച്ച് ജെ.പി ഡുമിനി സ്കോ൪ 78ലെത്തിച്ചു. ആൽബീ മോ൪ക്കലും (പൂജ്യം) അഞ്ച് പന്തിൽ 12 റൺസുമായി ഡുമിനിയും പുറത്താവാതെ നിന്നു. കൂറ്റൻ സ്കോ൪ പിന്തുട൪ന്ന ശ്രീലങ്കയും തക൪ച്ചയിൽ തുടങ്ങി. ആദ്യ ഓവറിൽ ജയവ൪ധനെ ബൗണ്ടറിയുമായി സ്കോറിങ് ആരംഭിച്ചെങ്കിലും അക്കൗണ്ട് തുറക്കും മുമ്പെ തിലകരത്നെ ദിൽഷൻ റണ്ണൗട്ടായി. ജയവ൪ധനെയുടെ (നാല്) വീഴ്ചയോടെയാണ് ഡെയ്ൽ സ്റ്റെയ്ൻ എറിഞ്ഞ രണ്ടാം ഓവറിന് സമാപ്തിയായത്. ഫ൪ഹാൻ ബെഹ൪ദീന് ക്യാച്ച്. സ്കോ൪ രണ്ടിന് എട്ട് റൺസ്. തോൽവി മണത്ത ടീമിനെ രക്ഷിക്കാൻ മുനവീരയും സങ്കക്കാരയും നടത്തിയ ശ്രമങ്ങൾ എങ്ങുമെത്തിയില്ല. കാലിസ് എറിഞ്ഞ അഞ്ചാം ഓവറിൽ സങ്കക്കാരയെ (11 പന്തിൽ 13) ഡീ വില്ലിയേഴ്സ് വിക്കറ്റിന് പിറകിൽ പിടികൂടി. പിന്നാലെ പെരേരയെ (ഒന്ന്) ഡുമിനിയുടെ കൈകളിലേക്കയച്ച് സ്റ്റെയ്ൻ ടീമിൻെറ ജയം ഉറപ്പിച്ചു.
അവസാന ഓവറിൽ ആറ് വിക്കറ്റ് കൈയിലിരിക്കെ ലങ്കക്ക് വേണ്ടിയിരുന്നത് 41 റൺസ്. ആൽബി മോ൪ക്കലിൻെറ രണ്ടാം പന്തിൽ മുനവീര, ബെഹ൪ദീന് മറ്റൊരു ക്യാച്ച് നൽകി. 14 പന്തിൽ 13 റൺസെടുത്ത യുവതാരവും സങ്കക്കാരക്കൊപ്പം ടോപ് സ്കോററായി. ലാഹിറു തിരിമന്നെയും (അഞ്ച്) ജീവൻ മെൻഡിസും (ഏഴ്) പുറത്താവാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
