ട്രാഫിക് പൊലീസ് നിഷ്പ്രഭമായി; തൊടുപുഴയില്‍ വന്‍ ഗതാഗതക്കുരുക്ക്
text_fieldsതൊടുപുഴ: ട്രാഫിക് പൊലീസുകാരൻെറ ‘ പിടി വിട്ടതോടെ’ നഗരം ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കിലായി. വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ കെ.എസ്.ആ൪.ടി.സി ബൈപാസ് ജങ്ഷനിലാണ് സംഭവം. വാഹനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെട്ട സമയത്തും ഒരു പൊലീസുകാരൻ മാത്രമാണ് ഇവിടെ ജോലിയിലുണ്ടായിരുന്നത്. നാലുഭാഗത്ത് നിന്നും വന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രണാതീതമായതോടെ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലായി പൊലീസുകാരൻ.
ഇടുക്കി റോഡിൽ നിന്ന് വന്ന വാഹനങ്ങൾ മാത്രം കടത്തിവിട്ട ഈ പൊലീസ് ഉദ്യോഗസ്ഥൻ മറ്റ് റോഡുകളിലെ വാഹനങ്ങൾ തടഞ്ഞിട്ടു. അര മണിക്കൂറിലേറെ സമയം പിന്നിട്ടിട്ടും ഈ വാഹനങ്ങൾ കടത്തിവിടാൻ തയാറായില്ല.
ഇടുക്കി റോഡിൽ നിന്നിറങ്ങി വന്ന വാഹനങ്ങൾ മറ്റ് റോഡുകളിലേക്ക് കടക്കാനാകാതെ കുരുക്ക് രൂക്ഷമാകുകയും ചെയ്തു. ഇതോടെ യാത്രക്കാ൪ ബഹളം തുടങ്ങി. സ്വകാര്യ ബസുകൾ നി൪ത്താതെ ഹോൺ മുഴക്കിയതോടെ സ്ഥിതി സങ്കീ൪ണമായി. നാട്ടുകാ൪ അറിയിച്ചതനുസരിച്ച് ട്രാഫിക് പൊലീസും മറ്റും സ്ഥലത്തെത്തിയെങ്കിലും ഏറെ നേരത്തേക്ക് ഒന്നും ചെയ്യാനായില്ല. തുട൪ന്ന് ട്രാഫിക് എസ്.ഐ ഫൈസലിൻെറ നേതൃത്വത്തിൽ ഏഴ് പൊലീസുകാ൪ പരിശ്രമിച്ചാണ് ജങ്ഷനിലെ കുരുക്കഴിച്ചത്.