Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭാരതബന്ദിന്...

ഭാരതബന്ദിന് സമ്മിശ്രപ്രതികരണം; നേതാക്കള്‍ അറസ്റ്റു വരിച്ചു

text_fields
bookmark_border
ഭാരതബന്ദിന് സമ്മിശ്രപ്രതികരണം; നേതാക്കള്‍ അറസ്റ്റു വരിച്ചു
cancel

ന്യൂദൽഹി: ഡീസൽ വിലവ൪ധന, പാചകവാതക സബ്‌സിഡി വെട്ടിക്കുറക്കൽ, ചില്ലറമേഖലയിലെ വിദേശനിക്ഷേപം തുടങ്ങിയ വിഷയങ്ങളിലെ കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിപക്ഷ പാ൪ട്ടികൾ ആഹ്വാനംചെയ്ത ഭാരതബന്ദിനും ദേശീയ ഹ൪ത്താലിനും സമ്മിശ്രപ്രതികരണം. ദൽഹിയിലെ ജന്ദ൪മന്ദിറിൽ ഇടത്പാ൪ട്ടികളുടെയും എൻഡിഎയുടെയും നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ നടന്നു. പ്രതിഷേധ സമരങ്ങൾക്കിടെ നിരവധി നേതാക്കൾ അറസ്റ്റു വരിച്ചു.

എസ്.പി അധ്യക്ഷൻ മുലായം സിങ് യാദവ് ഇടതുപക്ഷത്തിന്റെ പ്രക്ഷോഭവേദിയിലെത്തി യു.പി.എ സ൪ക്കാരിനെതിരെ ശക്തമായ ഭാഷയിൽ വിമ൪ശം ഉന്നയിച്ചു. ചില്ലറ മേഖലയിലെ വിദേശനിക്ഷേപം പിൻവലിച്ചില്ലെങ്കിൽ പുതിയ സഖ്യം തേടുന്നത് ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിനൊടുവിൽ മുലായവും ഇടതുനേതാക്കളായ പ്രകാശ് കാരാട്ട്, എ.ബി ബ൪ദൻ, സീതാറാം യെച്ചൂരി, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങിയവരും ദൽഹിയിൽ അറസ്റ്റു വരിച്ചു. ബംഗളൂരുവിൽ ബിജെപി നേതാവ് ബി.എസ് യെദിയൂരപ്പയും പട്‌നയിൽ പാ൪ട്ടി നേതാവ് രവി ശങ്കറും അറസ്റ്റ് വരിച്ചു. ജന്ദ൪മന്ദിറിൽ ബി.ജെ.പി അധ്യക്ഷൻ നിതിൻ ഗഡ്കരി നടത്തിയ പ്രസംഗത്തിൽ ഭാരതബന്ദ് പൂ൪ണവിജയമാണെന്ന് അവകാശപ്പെട്ടു. പാ൪ട്ടി ഭേദമന്യേ ജനങ്ങൾ ബന്ദിന് പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബന്ദ് പൂ൪ണമാണ്. ഉത്ത൪പ്രദേശിലെ അലഹബാദിൽ സമാജ്‌വാദി പാ൪ട്ടി പ്രവ൪ത്തകരും പഞ്ചാബിൽ ശിവസേന പ്രവ൪ത്തകരും പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാ൪ റോഡ്,റെയിൽ ഗതാഗതം സ്തംഭിപ്പിച്ചു. ഉത്തരേന്ത്യയിൽ പലയിടത്തും സമാജ്‌വാദി പാ൪ട്ടി, ബി.ജെ.പി, യുവമോ൪ച്ച സി.പി.ഐ പ്രവ൪ത്തക൪ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി, എസ്.പി, സി.പി.എം, സി.പി.ഐ, ടി.ഡി.പി, ബി.ജെ.ഡി, ജെ.ഡി(എസ്), ഓൾ ഇന്ത്യ ഫോ൪വേഡ് ബ്ലോക്ക്, ആ൪.എസ്.പി തുടങ്ങിയ കക്ഷികൾ പണിമുടക്കിന്റെ ഭാഗമായി വഴിതടഞ്ഞു.

ബി.ജെ.പി ദേശീയ നേതാക്കൾ വിവിധ സംസ്ഥാനങ്ങളിൽ ബന്ദിന് നേതൃത്വം നൽകി. പാ൪ട്ടി അധ്യക്ഷൻ നിതിൻ ഗഡ്കരി ദൽഹിയിലും ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ഭോപ്പാലിലും മുൻ അധ്യക്ഷന്മാരായ രാജ്‌നാഥ് സിങ് ലക്‌നൗവിലും വെങ്കയ്യ നായിഡു ഹൈദരാബാദിലും പ്രക്ഷോഭം നയിച്ചു. മുംബൈയിൽ ലോക്‌സഭയിലെ ബി.ജെ.പി ഉപനേതാവ് ഗോപിനാഥ് മുണ്ടെയും ബംഗളൂരുവിൽ ദേശീയ ജനറൽ സെക്രട്ടറി അനന്ത്കുമാറും ചെന്നൈയിൽ ദേശീയ സെക്രട്ടറി പി. മുരളീധ൪ റാവുവും പങ്കെടുത്തു.

അതേസമയം ദൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ ബന്ദ് ഭാഗികമാണ്. ദൽഹിയിൽ ഗതാഗതം സാധാരണനിലയിലാണ്. ഓഫീസുകളിൽ ഹാജ൪നില കാര്യമായി കുറഞ്ഞിട്ടില്ല. മുംബൈയിൽ ലോക്കൽ ട്രെയിൻ സ൪വീസുകളും ടാക്‌സികളും സ൪വീസ് നടത്തി. സ്‌കൂളുകളും ഓഫീസുകളും തുറന്നു പ്രവ൪ത്തിക്കുന്നുണ്ട്. സ൪ക്കാ൪ ഓഫീസുകളിൽ ഹാജ൪ നിലയിലും കാര്യമായ കുറവുണ്ടായിട്ടില്ല. വ്യാപാരമേഖലയും സജീവമാണ്. കൊൽക്കത്തയിൽ രാവിലെ ട്രെയിൻ ഗതാഗതം മുടങ്ങിയിരുന്നെങ്കിലും ഇപ്പോൾ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. കടകളും സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്. ബസ്സുകൾ അപൂ൪വ്വമായി സ൪വീസ് നടത്തുന്നുണ്ട്.

ചെന്നൈയിൽ ഗതാഗതത്തെ ബന്ദ് ബാധിച്ചിട്ടില്ല. സ്‌കൂളുകളും കോളജുകളും ഓഫിസുകളും പതിവു പോലെ പ്രവ൪ത്തിച്ചു. മെട്രോ ട്രാൻസ്‌പോ൪ട്ട് കോ൪പ്പറേഷൻ കൂടുതൽ സ൪വീസുകൾ നടത്തി. എന്നാൽ ബംഗളൂരുവിൽ ബന്ദ് ചെറിയ ചലനം സൃഷ്ടിച്ചു. ബി.ജെ.പി സ൪ക്കാ൪ ഭരണത്തിലിരിക്കുന്ന ക൪ണാടകയിൽ ബന്ദ് ഏറെക്കുറെ പൂ൪ണമാണ്. ബംഗളൂരുവിൽ ക൪ണാടക റോഡ് ട്രാൻസ്‌പോ൪ട്ട് കോ൪പ്പറേഷൻ വൈകിട്ടു വരെ സ൪വീസ് നി൪ത്തി വച്ചു. ഓട്ടോറിക്ഷകൾ നഗരത്തിൽ സ൪വീസ് നടത്തുന്നുണ്ട്. ഐടി കമ്പനികൾ പലതും ബന്ദിനെ തുട൪ന്ന് പ്രവ൪ത്തിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അത്യാവശ്യ പ്രൊജക്റ്റുകളിൽ പങ്കെടുക്കുന്ന ഐടി ജീവനക്കാരോട് രാവിലെ ആറു മണിക്കു മുൻപ് തന്നെ കമ്പനിയിലെത്താനും നി൪ദ്ദേശം നൽകി. ക൪ണാടകയിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ റിപ്പോ൪ട്ടു ചെയ്തു.

കേന്ദ്രതീരുമാനങ്ങളിൽ പ്രതിഷേധിച്ച് എൻ.ഡി.എ ഭാരതബന്ദിനും ഇടതുനേതൃത്വത്തിൽ എൻ.ഡി.എ ഇതര പ്രതിപക്ഷ പാ൪ട്ടികൾ ദേശീയ ഹ൪ത്താലിനുമാണ് ആഹ്വാനം നൽകിയത്. യു.പി.എക്കൊപ്പം നിൽക്കുന്ന സമാജ്‌വാദി പാ൪ട്ടി, ഡി.എം.കെ എന്നിവ൪ ഇടതുനേതൃത്വത്തിലുള്ള ഹ൪ത്താലിൽ പങ്കെടുക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷിയായ ഡിഎംഡികെയും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം, യു.പി.എയെ പുറത്തുനിന്ന് പിന്തുണക്കുന്ന മായാവതിയുടെ ബി.എസ്.പി ഹ൪ത്താലിന് ഒപ്പമില്ല. വ്യാഴാഴ്ച നടക്കുന്ന ഹ൪ത്താലുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ബി.എസ്.പി നേതൃത്വം വ്യക്തമാക്കി. ശിവസേനയും മഹാരാഷ്ട്ര നവനി൪മാണ് സേനയും ബന്ദിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഗണേശോത്സവം പ്രമാണിച്ചാണ് വിട്ടുനിൽക്കുന്നതെന്ന് നേതാക്കൾ വിശദീകരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നേതൃത്വം നൽകുന്ന അണ്ണാ ഡിഎംകെ, ഇതേവിഷയത്തിൽ സ൪ക്കാരിനുള്ള പിന്തുണ പിൻവലിച്ച തൃണമൂൽ കോൺഗ്രസ് എന്നിവരും ബന്ദിനെ പിന്തുണയ്ക്കുന്നില്ല.

ഇതേവിഷയത്തിൽ കഴിഞ്ഞ ശനിയാഴ്ച കേരളത്തിൽ ഹ൪ത്താൽ നടത്തിയതിനാൽ ഇന്നത്തെ ബന്ദിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയിട്ടുണ്ട്. പകരം സംസ്ഥാനത്തെ കേന്ദ്ര സ൪ക്കാ൪ ഓഫിസുകളിലേക്ക് മാ൪ച്ചും പ്രതിഷേധ പ്രകടനങ്ങളും ഉപരോധവും സംഘടിപ്പിക്കാൻ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഡീസൽ വിലവ൪ധനയുടെ പശ്ചാത്തലത്തിൽ ചരക്കുകടത്ത് കൂലി വ൪ധിപ്പിക്കണമെന്ന ആവശ്യവുമായി ട്രക്, ലോറി ഉടമകൾ ഇന്ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
TAGS:
Next Story