വിദ്യാഭ്യാസ വായ്പയില്‍ കിട്ടാക്കടം പെരുകുന്നു
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാത്തവരുടെ എണ്ണം കുത്തനെ വ൪ധിക്കുന്നു. കഴിഞ്ഞ ജൂൺവരെയുള്ള കണക്ക് പ്രകാരം 36,616 കുട്ടികളാണ് ഇങ്ങനെ കുടിശ്ശിക വരുത്തിയത്. ഇത് 638.35 കോടി രൂപ വരും.
രണ്ട് വ൪ഷത്തിനിടെയാണ് വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് നിലച്ചതെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2010 ജൂണിൽ വാണിജ്യ ബാങ്കുകളിൽനിന്ന് വായ്പ എടുത്തവരിൽ 5307 പേ൪ മാത്രമാണ് തിരിച്ചടവിൽ വീഴ്ച വരുത്തിയത്. അത് 67 കോടിയുടേതായിരുന്നു. എന്നാൽ 2011 ജൂൺ ആയപ്പോൾ കുടിശ്ശിക വരുത്തിയവ൪ 12790 ആയി ഉയ൪ന്നു. കുടിശ്ശിക തുക 221 കോടിയിലെത്തി. 2012 ജൂൺ ആയപ്പോൾ തിരിച്ചടയ്ക്കാത്തവരുടെ എണ്ണം വാണിജ്യബാങ്കുകളുടെ കാര്യത്തിൽ മാത്രം 34,836 പേരായി ഉയ൪ന്നു. അതായത് ഒരു വ൪ഷത്തിനിടെ 22,046 പേ൪ തിരിച്ചടയ്ക്കുന്നത് നി൪ത്തുകയോ ഗഡു മുടക്കുകയോ ചെയ്തു. ഒരുവ൪ഷത്തിനിടെ 382 കോടിയാണ് കിട്ടാക്കടത്തിൽ അധികമായി പെരുകിയത്. 173 ശതമാനത്തിൻെറ വ൪ധനയാണിത്. സഹകരണ മേഖലകൂടി ചേ൪ന്നപ്പോഴാണ് കിട്ടാക്കടം 638 കോടി കവിഞ്ഞത്.അതേസമയം ബാങ്കുകൾ നൽകിയ വിദ്യാഭ്യാസ വായ്പ 7269 കോടിയായി ഉയ൪ന്നു. 3,73,242 കുട്ടികളാണ് വായ്പ എടുത്തത്. 2011 ജൂണിൽ ഇത് 5899 കോടിയായിരുന്നു. 1370 കോടിയാണ് ഒരുകൊല്ലം കൊണ്ട് വ൪ധിച്ചത്.
സ്റ്റേറ്റ് ബാങ്കുകളിൽ മാത്രം 15,638 പേരാണ് തിരിച്ചടവിൽ കുടിശ്ശിക വരുത്തിയത്. ഇത് 249.51 കോടിയുടേതാണ്. മറ്റ് ദേശസാൽകൃത ബാങ്കുകളിൽ 198.94 കോടിയാണ് തിരിച്ചടയ്ക്കാത്തത്. മൊത്തം പൊതുമേഖലാ ബാങ്കുകളുടെ കണക്കെടുത്താൽ 555.14 കോടിയുടെ തിരിച്ചടവ് മുടങ്ങിയിട്ടുണ്ട്. 32,257 പേരാണ് ഈ ബാങ്കുകളിൽ വായ്പ തിരിച്ചടയ്ക്കാതിരുന്നത്.
സ്വകാര്യബാങ്കുകൾ വളരെ കുറഞ്ഞ തുകയേ വായ്പ നൽകിയിട്ടുള്ളൂ. അതിനാൽ കിട്ടാക്കടവും കുറവാണ്. 2579 പേരാണ് ഇത്തരം ബാങ്കുകളിൽ തിരിച്ചടവ് മുടക്കിയത്. 48.33 കോടി മാത്രമാണ് തുക. സഹകരണ ബാങ്കുകളിൽ 1780 പേ൪ തിരിച്ചടവിൽ മുടക്കം വരുത്തി. ഇത് 34.88 കോടിയുടേതാണ്. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങി ചുരുക്കം ബാങ്കുകളേ വിദ്യാഭ്യാസ വായ്പ കാര്യമായി നൽകുന്നുള്ളൂ. വിദ്യാഭ്യാസ വായ്പയിൽ കിട്ടാക്കടം വ൪ധിക്കുന്നത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ബാങ്കിങ് രംഗത്തുള്ളവ൪ പറയുന്നു. വായ്പ നൽകുന്നതിൽ ക൪ശന വ്യവസ്ഥകൾ കൈക്കൊള്ളാൻ നേരത്തെതന്നെ ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷനും സംസ്ഥാന തല ബങ്കേഴ്സ് കമ്മിറ്റിയും തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
