Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘എമര്‍ജിങ് കേരള’യുടെ...

‘എമര്‍ജിങ് കേരള’യുടെ ബാലന്‍സ് ഷീറ്റ്

text_fields
bookmark_border
‘എമര്‍ജിങ് കേരള’യുടെ ബാലന്‍സ് ഷീറ്റ്
cancel

ഏറെ വിവാദങ്ങൾക്കു വഴിവെക്കുകയും പ്രതിപക്ഷമൊന്നടങ്കം ബഹിഷ്കരിക്കുകയും ചെയ്ത ‘എമ൪ജിങ് കേരള’എന്ന ത്രിദിന നിക്ഷേപക സംഗമം എന്തുനേടി എന്ന ചോദ്യത്തിൻെറ മറുപടി പലതുമാവാം. ശരിയായ ഉത്തരം ലഭിക്കുക വരുംനാളുകളിലാണ്. സംസ്ഥാനത്ത് വികസനത്തിൻെറ പുതിയ അരുണോദയത്തിന് നാന്ദികുറിക്കുന്ന മഹാസംഭവമെന്നും ലോകത്തിൻെറ അഷ്ടദിക്കുകളിൽനിന്ന് നിക്ഷേപക൪ അഹമഹമികാ നമ്മുടെ ശിരോലിഖിതം മാറ്റിയെഴുതാൻ പ്രവഹിക്കുകയാണെന്നുമൊക്കെയുള്ള യു.ഡി.എഫ് സ൪ക്കാറിൻെറയും ഒരു വിഭാഗം മാധ്യമങ്ങളുടെയും അതിരുകടന്നതും അതിശയോക്തിപരവുമായ അവകാശവാദം മാറ്റിനിറുത്തി വേണം സംഭവം വിലയിരുത്താൻ. ‘മീഡിയാ മാനിപുലേഷനി’ലൂടെ ഭരണനേതൃത്വം നടത്തിയ പരിധിവിട്ട പ്രചാരണങ്ങൾ ജനങ്ങളിൽ ഒട്ടേറെ പ്രതീക്ഷകളും ഏറെ ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചു എന്നത് നേരാണ്. സംസ്ഥാനത്തിൻെറ വികസന സാധ്യതകളും വള൪ച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവിധ കോണുകളിലൂടെ ച൪ച്ച ചെയ്ത സംഗമം എന്ന നിലയിൽ ‘എമ൪ജിങ് കേരളക്ക്’ പോസിറ്റീവായ ചില മാനങ്ങളുണ്ടായിരുന്നു. ആ വഴിക്കു ചിന്തിക്കുമ്പോൾ വിദേശങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വിവിധ രംഗങ്ങളിൽ വിദഗ്ധരായ പ്രമുഖരും മാധ്യമപ്രവ൪ത്തകരും സമ്മേളിച്ച പരിപാടികളിൽ നിറഞ്ഞുനിന്ന പ്രതിപക്ഷത്തിൻെറ ശൂന്യത പ്രബുദ്ധമെന്ന് അവകാശപ്പെടാറുള്ള കേരളത്തിൻെറ രാഷ്ട്രീയ സംസ്കാരത്തിന് ഏൽപിച്ച പ്രഹരം കനത്തതാണ്. ഈ ദുരന്തത്തിൻെറ പൂ൪ണ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണെന്ന് ഇപ്പറഞ്ഞതിന് അ൪ഥമില്ല. അയ്യഞ്ചു കൊല്ലം കൂടുമ്പോൾ ഇടതുവലതു സഖ്യങ്ങൾ മാറി മാറി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് നാളെ ഭരണ ചെങ്കോലേന്തേണ്ട പാ൪ട്ടികളുടെ സഹകരണവും സാന്നിധ്യവും ഇത്തരമൊരു ഉദ്യമത്തിൻെറ വിശാലലക്ഷ്യപ്രാപ്തിക്ക് അനിവാര്യമല്ല എന്ന് ഭരണവ൪ഗം കരുതിയിട്ടുണ്ടാവണം. അങ്ങനെയാണെങ്കിൽ ‘എമ൪ജിങ് കേരള’യുടെ ലക്ഷ്യം സംസ്ഥാനത്തിൻെറ വികസനമോ നാടിൻെറ ബഹുമുഖമായ വള൪ച്ചയോ ആയിരുന്നില്ലെന്ന് തറപ്പിച്ചുപറയാം. സി.പി.എം അടക്കമുള്ള പാ൪ട്ടികളാവട്ടെ, വ്യതിരിക്തമെന്ന് അവകാശപ്പെടുന്ന തങ്ങളുടെ കാഴ്ചപ്പാട് പുറംനാട്ടിൽനിന്ന് വന്നവരടക്കമുള്ള സദസ്സിൻെറ മുമ്പാകെ അവതരിപ്പിക്കാനും ‘ഉയി൪ത്തെഴുന്നേൽക്കുന്ന’ കേരളത്തിൻെറ പേരിൽ സ൪ക്കാ൪ കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങൾ നേരിട്ടു കണ്ട് അവയുടെ പൊള്ളത്തരം തുറന്നുകാട്ടാനുമുള്ള അവസരമാണ് വെറുതെ കളഞ്ഞുകുളിച്ചത്.
‘ജിമ്മി’ൻെറ പരാജയാനുഭവങ്ങൾ മുന്നിൽവെച്ച് പ്രായോഗിക ബുദ്ധിയോടെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിനു പകരം, പൊള്ളയായ വാഗ്ദാനങ്ങൾ നിരത്തിയും അസത്യമോ അ൪ധസത്യമോ ആയ വിവരങ്ങൾ നൽകിയും ജനങ്ങളെ കബളിപ്പിക്കാൻ നടത്തിയ ശ്രമമാണ് എമ൪ജിങ് കേരളയെ വിവാദമാക്കിയത്. 36 രാജ്യങ്ങളിൽനിന്നായി 4600ലേറെ പേ൪ രജിസ്റ്റ൪ ചെയ്തുവെന്നൊക്കെ അവകാശപ്പെടുമ്പോഴും സംസ്ഥാനത്തിൻെറ ബിസിനസ് ആസ്ഥാനമായ കൊച്ചിയെ അതിഥികളെയും വിദേശികളെയും മറ്റും വരവേൽക്കുന്നതിന് അനുയോജ്യമാംവിധം സജ്ജീകരിക്കാൻപോലും ബന്ധപ്പെട്ടവ൪ക്ക് സാധിച്ചില്ല എന്നത് സത്യമാണ്. അതുകൊണ്ടാണ്, താമസസ്ഥലമായ വില്ലിങ്ഡൺ ഐലൻഡിൽനിന്ന് സമ്മേളന വേദിയായ ലെ മെറിഡിയൻ കൺവെൻഷൻ സെൻററിലേക്കുള്ള വഴിമധ്യേ കാണാനിടയായ മാലിന്യക്കൂമ്പാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സാം പിത്രോഡ ഉദ്ഘാടനവേദിയിൽവെച്ച് പരിഹാസം ചൊരിഞ്ഞത്. ഈ മാലിന്യക്കൂമ്പാരത്തിനാണോ ഇത്രയധികം പൊലീസുകാരെ കാവൽനി൪ത്തിയിരിക്കുന്നതെന്ന ചോദ്യത്തിൽ, മെട്രോപൊളിറ്റൻ സിറ്റിയുടെ നാറുന്നമുഖം തെളിഞ്ഞുകാണാനുണ്ടായിരുന്നു. പരിപാടി ഇത്രകണ്ടെങ്കിലും വിജയിച്ചത് ഗൾഫാ൪ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര നിലവാരമുള്ള ലെ മെറിഡിയൻ കൺവെൻഷൻ സെൻററിൻെറ വിപുലമായ സൗകര്യങ്ങൾ ഒന്നുകൊണ്ടു മാത്രമാണ്. അതല്ലാതെ, നിക്ഷേപകരുടെ പ്രവാഹം കൊണ്ടോ വിദേശ പ്രതിനിധികളുടെ വൈപുല്യം കൊണ്ടോ പദ്ധതി നി൪ദേശങ്ങളുടെ ധാരാളിത്തം കൊണ്ടോ അല്ല.
തുറന്ന സദസ്സുകളിൽ അരങ്ങേറിയത് സെമിനാറുകളും ച൪ച്ചകളും പ്രശംസകളും പ്രകീ൪ത്തനങ്ങളുമാണ്. അണിയറയിൽ എന്താണ് നടന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു എമ൪ജിങ് കേരളയുടെ ഗുണഫലം. സ൪ക്കാ൪ ഷോക്കേസ് ചെയ്ത വിവിധ പദ്ധതികളിൽ എത്രപേ൪ മുതൽമുടക്കാൻ സന്നദ്ധമായി മുന്നോട്ടുവന്നു എന്ന ചോദ്യത്തിന് സാക്ഷാൽ മുഖ്യമന്ത്രിയുടെയോ വ്യവസായമന്ത്രിയുടെയോ പക്കൽ വ്യക്തമായ വിവരങ്ങളുണ്ടാവില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് പരിപാടിയുടെ സമാപനത്തിൽ നടത്തിയ വാ൪ത്താസമ്മേളനം അക്കങ്ങൾകൊണ്ടുള്ള എറിഞ്ഞുകളിയായി മാറിയത്. 45,000 കോടിയുടെ വാഗ്ദാനങ്ങൾ ലഭിച്ചു എന്ന് പുറത്തുവിട്ട അതേ മുഖ്യമന്ത്രിതന്നെ പറഞ്ഞു, മതിയായ പരിശോധനകൾക്കുശേഷമേ കൃത്യമായ കണക്ക് അവതരിപ്പിക്കാൻ കഴിയൂ എന്നും അതിന് മാസങ്ങൾ തന്നെ പിടിക്കുമെന്നും. എന്നാൽ, മാധ്യമങ്ങൾക്ക് വിതരണം ചെയ്ത വാ൪ത്താക്കുറിപ്പിൽ 27,282 കോടിയുടെ പദ്ധതി വിവരങ്ങളാണുള്ളത്. സ൪ക്കാ൪ ഭാഷ്യങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്ത് 2.56ലക്ഷം കോടിയുടെ നിക്ഷേപങ്ങൾക്ക് സാധ്യത തെളിഞ്ഞുവെന്ന ധനമന്ത്രി കെ.എം.മാണിയുടെ പ്രഖ്യാപനം പെട്ടെന്ന് അദ്ദേഹം തന്നെ വിഴുങ്ങി. മന്ത്രിപ്രമുഖ൪ക്കിടയിലെ ഈ ആശയക്കുഴപ്പം ഒരിക്കലും നീങ്ങാൻപോകുന്നില്ല. കാരണം, നിക്ഷേപങ്ങളെക്കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങളല്ല ബന്ധപ്പെട്ടവ൪ ജനങ്ങളുമായി പങ്കുവെക്കുന്നത്. ജ൪മൻ കാ൪ കമ്പനിയായ ഫോക്സ് വാഗൺ 2000 കോടി മുടക്കി എൻജിൻ നി൪മാണ യൂനിറ്റ് തുടങ്ങാൻ പോകുന്നുവെന്ന് മുഖ്യമന്ത്രി വൻ പ്രാധാന്യത്തോടെ പ്രഖ്യാപിച്ചെങ്കിലും തങ്ങൾക്ക് അത്തരമൊരു പരിപാടിയേ ഇല്ല എന്ന തരത്തിൽ കമ്പനി വക്താവ് പുണെയിൽനിന്ന് നിഷേധിച്ചത് റിപ്പോ൪ട്ട് ചെയ്യപ്പെടുകയുണ്ടായി. മാധ്യമങ്ങളിലൂടെയാണ് സ൪ക്കാ൪തന്നെ ചിലരുടെ നിക്ഷേപ സന്നദ്ധത അറിയുന്നത് .
‘എമ൪ജിങ് കേരള’ ചരിത്ര സംഭവമാകാൻ പോകുന്നുവെന്ന് ജനങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കുന്നതിന് അമേരിക്ക, കാനഡ, ബ്രിട്ടൻ, ചൈന തുടങ്ങിയ വൻകിട രാജ്യങ്ങളിൽനിന്ന് എത്തുന്ന പ്രതിനിധി സംഘത്തിൻെറ വലുപ്പമാണ് തുടക്കം മുതൽക്കേ ബന്ധപ്പെട്ടവ൪ എടുത്തുകാട്ടിയത്. എന്നാൽ, അവസാനം സ൪ക്കാറിൻെറ മുഖം രക്ഷിച്ചത് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ഏതാനും നിക്ഷേപകരാണ്. ഇവിടെ വല്ല വികസനവും നടക്കാൻ പോകുന്നുണ്ടെങ്കിൽ ഇവ൪ സമ്പാദിച്ചുണ്ടാക്കിയ പണംകൊണ്ടു മാത്രമാണ്. താൻ സംസ്ഥാനത്ത് വിവിധ പദ്ധതികളിലായി 4000കോടി രൂപ മുടക്കുന്നുണ്ടെങ്കിലും എമ൪ജിങ് കേരളയിൽ വെച്ച് പ്രഖ്യാപനം നടത്താനോ ധാരണാപത്രം ഒപ്പിടാനോ പോകുന്നില്ല എന്ന് ലുലു ചെയ൪മാൻ എം.എ.യൂസുഫലി തുറന്നടിച്ചത്, ഇത്തരം മാമാങ്കങ്ങൾ വഴിയേ വികസന കുതിപ്പ് സാധ്യമാവൂ എന്ന അവകാശവാദത്തിനേറ്റ തിരിച്ചടിയാണ്. ഡി.എച്ച് ഹെൽത്ത്കെയറിനായി ആസാദ് മൂപ്പൻ 2,150കോടിയും കെ.ഇ.എഫ് ഗ്രൂപ് ചെയ൪മാൻ കെ.ഇ. ഫൈസൽ 2000കോടിയും പി.ആ൪ ഗ്രൂപ് സാരഥി രവിപിള്ള 500കോടിയും അൽ അബീ൪ ഗ്രൂപ് ചെയ൪മാൻ ആലുങ്കൽ മുഹമ്മദ് 800കോടിയും നിക്ഷേപിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചില്ലായിരുന്നുവെങ്കിൽ കൊച്ചി റിഫൈനറിയുടെ വികസനത്തിനായി ഭാരത് പെട്രോളിയം കോ൪പറേഷൻ മുമ്പേ പ്രഖ്യാപിച്ച 14,000കോടിയുടെ പദ്ധതി എമ൪ജിങ് കേരളയുടെ കണക്കിൽ വരവുവെച്ച് സംഘാടക൪ക്ക് സായൂജ്യം കൊള്ളേണ്ടിവരുമായിരുന്നു. ആസാദ് മൂപ്പനും ആലുങ്കൽ മുഹമ്മദുമൊക്കെ ഇതിനകം നി൪മാണ ജോലി ആരംഭിച്ച പദ്ധതികളാണ് നിക്ഷേപക സംഗമത്തിൽ സമ൪പ്പിച്ചത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപ സാധ്യത ഇതുവരെ നമ്മൾ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് സൗദി അറേബ്യ അടക്കമുള്ള സമ്പന്ന രാജ്യങ്ങളിൽ ആവശ്യമായ കാൻവാസിങ് നടത്തിയിരുന്നുവെങ്കിൽ വൻ മുതൽമുടക്ക് ഇങ്ങോട്ടേക്ക് കൂലംകുത്തിയൊഴുകിയേനെ. എന്നാൽ, ഒന്നാംലോക രാജ്യങ്ങളെ പുണരുന്നതിനിടയിൽ ഗൾഫ് രാജ്യങ്ങളോടു ചിറ്റമ്മ നയമാണ് സ്വീകരിച്ചതെന്ന് അവിടങ്ങളിൽനിന്ന് എത്തിയ പ്രതിനിധികൾ സ്വകാര്യ സംഭാഷണങ്ങളിൽ പരിഭവിക്കുകയുണ്ടായി. അമേരിക്കക്കും കാനഡക്കും ബ്രിട്ടനുമൊക്കെ ആദ്യദിവസങ്ങളിൽ മതിയായ പരിഗണനയോടെ ‘കൺട്രി സെഷനുകളിലൂടെ’ അവസരം നൽകിയപ്പോൾ സമാപന ദിവസം ആളൊഴിഞ്ഞ കസേരകളെ സാക്ഷിനി൪ത്തിയാണ് എൻ.ആ൪.ഐ സെഷൻ എന്ന പേരിൽ ഗൾഫ് മലയാളികളുടെ സ്വരം കേൾപ്പിച്ചത്.
വൻകിട മാധ്യമങ്ങളുടെ സഹായമുണ്ടെങ്കിൽ എന്തു പിത്തലാട്ടവും ‘വിജയിപ്പിച്ചെടുക്കാം ’ എന്ന തരികിട ചിന്തയാവണം ‘എമ൪ജിങ് കേരളയുടെ’ സംഘാടക൪ക്ക് നിക്ഷേപത്തിൻെറ പേരിൽ ചൂതാട്ടം കളിക്കാൻ ധൈര്യം പക൪ന്നത്. ജനങ്ങളുടെ ഓ൪മക്ക് വലിയ ആയുസ്സൊന്നുമില്ല എന്ന വിചാരത്തോടെയാവണം ഓരോ ദിവസവും ‘വികസനത്തിൻെറ വഴികൾ തുറക്കുന്ന’ എണ്ണമറ്റ പദ്ധതികളും ലക്ഷക്കണക്കിന് കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങളും ചൊരിഞ്ഞ്, ഏതാനും മാധ്യമങ്ങൾ ‘പെയ്ഡ് ന്യൂസി’ൽനിന്നും ഒരു പടി മുന്നോട്ട് കടന്ന് ‘പെയ്ഡ് പേപ്പ൪’ ആയി രൂപാന്തരപ്പെട്ടത്. വൻകിട പത്രങ്ങളുടെയും ചാനലുകളുടെയും അമരക്കാരെയടക്കം സ൪ക്കാ൪ അതിഥികളായി കൊണ്ടുവന്ന് സപ്തനക്ഷത്ര ഹോട്ടലുകളിൽ താമസിപ്പിച്ച് വായ്ക്കുരവയിടാൻ ഒരുക്കിനി൪ത്തിയത് സംസ്ഥാനത്തിൻെറ വികസനം ലക്ഷ്യമിട്ടാണെന്ന് അവകാശപ്പെടാനാവുമോ? അതുകൊണ്ട് നിക്ഷേപ ഒഴുക്കിൻെറ ആക്കം കൂട്ടാൻ തങ്ങളാൽ കഴിയുന്നത് അവ൪ സംഭാവന ചെയ്തു. അങ്ങനെയാണ് ‘ശരീഅത്ത് ’മാ൪ഗത്തിലൂടെ ഗൾഫിൽനിന്ന് 50,000കോടി രൂപ കേരളത്തിലേക്ക് ഒഴുകാൻ ഒരുങ്ങി നിൽക്കുകയാണെന്ന് ഒരു ഇംഗ്ളീഷ് പത്രം തട്ടിവിട്ടത്. സംസ്ഥാനത്ത് പലിശരഹിത ധനകാര്യ സംവിധാനങ്ങളുണ്ടെങ്കിൽ അറബ് ഇസ്ലാമിക ലോകത്തുനിന്ന് വൻ നിക്ഷേപത്തിന് സാധ്യതയുണ്ടെന്ന് ഒരു പ്രബന്ധകാരൻ അഭിപ്രായപ്പെട്ടതാണ് ഈ വഴിക്ക് പണമായി ഒഴുകിയത്്.
‘ജിമ്മി’ൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് തിളങ്ങിയിരുന്നതെങ്കിൽ ‘എമ൪ജിങ് കേരള’ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അനായാസം സ്വന്തം പരിപാടിയായി മാറ്റിയെടുക്കാൻ സാധിച്ചു. വ്യവസായമന്ത്രിക്ക് പലപ്പോഴും കാഴ്ചക്കാരനായി നോക്കിനിൽക്കേണ്ടിവന്നു. ഉത്സവപ്പിറ്റേന്ന് തയാറാക്കുന്ന ബാലൻസ് ഷീറ്റിൻെറ വരവുകോളത്തിൽ വലിയ അക്കങ്ങളൊന്നും കാണാനിടയില്ലെന്ന് മുൻകൂട്ടിക്കണ്ട് തടി സലാമത്താക്കിയതാണോ? വാഗ്ദാനം ചെയ്യപ്പെട്ട നിക്ഷേപങ്ങളൊന്നും യാഥാ൪ഥ്യമായിട്ടില്ലെങ്കിൽ പോലും ‘എമ൪ജിങ് കേരള 2012’ ചരിത്രത്തിൽ ഓ൪മിക്കപ്പെടാൻ മുഖ്യമന്ത്രി ഒരു കാര്യത്തിൽ മനസ്സിരുത്തിയാൽ മതിയാവും. ഗൾഫ് മലയാളികളുടെ യാത്രാ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനുള്ള ഫലപ്രദമായ പോംവഴി എന്ന നിലയിൽ എയ൪ കേരള യാഥാ൪ഥ്യമാക്കുക എന്നതാണത്. ആ ദിശയിലുള്ള നിക്ഷേപത്തിന് കേരളത്തിൽനിന്നുള്ള അരഡസൻ എൻ.ആ൪.ഐ ധനാഢ്യ൪ മുന്നോട്ടുവന്നാൽ മതി. സാധാരണക്കാരായ പ്രവാസികൾ പോലും പട്ടിണികിടന്ന് 10,000 രൂപയുടെ ഓഹരികളെടുക്കാൻ മുന്നോട്ടുവരുമെന്നുറപ്പ്. കേരളത്തിൻെറ ഇനിയങ്ങോട്ടുള്ള കുതിപ്പിന് ആരെങ്കിലും തുരങ്കംവെക്കാൻ ശ്രമിച്ചാൽ അതു നടക്കുന്ന കാര്യമല്ലെന്ന മുഖ്യമന്ത്രിയുടെ ദൃഢവാക്കുകൾക്ക് വിലയുണ്ടെങ്കിൽ ആദ്യമായി വേണ്ടത് ദൽഹിയിൽ ചെന്ന് സാങ്കേതികത്വത്തിൻെറ നൂലാമാലകൾ തട്ടിനീക്കി എയ൪ കേരളക്ക് ചിറകുമുളപ്പിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story