1.10 കോടിയുടെ എ.ടി.എം തട്ടിപ്പ്: ദല്‍ഹി സ്വദേശി അറസ്റ്റില്‍
text_fieldsകാസ൪കോട്: എ.ടി.എം കാ൪ഡുകളിലെ രഹസ്യ കോഡ് ഉപയോഗിച്ച് നിരവധി അക്കൗണ്ടുകളിൽനിന്നായി 1.10 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ന്യൂദൽഹി സ്വദേശിയെ കാസ൪കോട് പൊലീസ് ഗുജറാത്തിലെ ബറോഡയിൽ അറസ്റ്റ് ചെയ്തു. കാസ൪കോടുവെച്ച് റെയിൽവേ ടി.ടി.ഇ ബിഹാ൪ സ്വദേശി ഉമാശങ്കറിൻെറ എ.ടി.എം രഹസ്യ കോഡ് ഉപയോഗിച്ച് 27,070 രൂപ തട്ടിയ പരാതിയെ പിന്തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് ന്യൂദൽഹി സഹദ്ര ബോലനാദിലെ സന്ദീപ് ചോപ്രയെ (26) അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം കാസ൪കോട്ടേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ: സന്ദീപ് ചോപ്ര 2012 ജൂലൈ 20നാണ് കാസ൪കോട് റെയിൽവേ സ്റ്റേഷനിൽവെച്ച് ടി.ടി.ഇ ഉമാശങ്ക൪ റാവുവിനെ പരിചയപ്പെടുന്നത്. അന്ന് പുല൪ച്ചെ രാജധാനി എക്സ്പ്രസിൽവെച്ച് എ.ടി.എം കാ൪ഡ്, ലാപ്ടോപ്, ബാഗ് എന്നിവ നഷ്ടപ്പെട്ടുവെന്നും പരാതി നൽകാൻ കാസ൪കോട്ട് ഇറങ്ങിയതാണെന്നും ഉമാശങ്കറിനെ സന്ദീപ് അറിയിച്ചു. ബറോഡ ബാങ്കിൽ കാഷ്യ൪ ആണെന്നും പണം, നഷ്ടപ്പെട്ട ബാഗിലാണെന്നും നാട്ടിലേക്ക് പോകാൻ 9500 രൂപ നൽകണമെന്നും പറഞ്ഞു. ബാങ്ക് മാനേജറുമായി വേണമെങ്കിൽ സംസാരിക്കാമെന്നും പറഞ്ഞു. മാന്യമായ പെരുമാറ്റത്തിലും നിസ്സഹായാവസ്ഥ പറഞ്ഞതിനാലും ഉമാശങ്ക൪ റാവു വീണു. ബറോഡ ബാങ്കിലെ മാനേജറുടെ ഫോൺ നമ്പറെന്നു പറഞ്ഞ് സന്ദീപ് റാവുവിന് ഒരു നമ്പ൪ നൽകി. ഇതിൽ ബന്ധപ്പെട്ടപ്പോൾ ‘മാനേജ൪’ സംസാരിച്ചു. പണം നൽകണമെന്നും ഉടൻ താങ്കളുടെ അക്കൗണ്ട് നമ്പറിൽ അയച്ചുതരാമെന്നും അറിയിച്ചു.
തുട൪ന്ന് ഉമാശങ്ക൪ റാവു സന്ദീപ് ചോപ്രയെ കൂട്ടി കാസ൪കോട് റെയിൽവേ സ്റ്റേഷന് പുറത്തെ എ.ടി.എം കൗണ്ടറിൽ പോയി പണം പിൻവലിക്കാൻ കാ൪ഡ് ഇട്ടെങ്കിലും ലഭിച്ചില്ല. നാലഞ്ചു തവണ കാ൪ഡ് ഇട്ടെങ്കിലും പണം ലഭിക്കാത്തതിനെ തുട൪ന്ന് ഉമാശങ്ക൪തിരിച്ചുപോയി. ഇതിനിടെ രഹസ്യ കോഡ് മനസ്സിലാക്കിയ സന്ദീപ് ഉമാശങ്കറിൻെറ അക്കൗണ്ടിൽനിന്ന് തൻെറ തന്ത്രം ഉപയോഗിച്ച് രണ്ടു ദിവസങ്ങളിലായി 27,000 രൂപ തട്ടിയെടുത്തു. അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കപ്പെട്ടത് ശ്രദ്ധയിൽപെട്ടതിനെ തുട൪ന്നാണ് ഉമാശങ്ക൪ പൊലീസിൽ പരാതി നൽകിയത്.
തുട൪ന്ന് സൈബ൪ സെല്ലിൻെറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഗുജറാത്തിലെ ബറോഡയിലെ ഹോട്ടലിൽവെച്ച് സെപ്റ്റംബ൪ 15ന് ഉച്ച ഒരുമണിയോടെയാണ് കുമ്പള എസ്.ഐ വി. നാരായണൻ, കാസ൪കോട് എ.എസ്.ഐ ആൻറണി എന്നിവ൪ സന്ദീപ് ചോപ്രയെ അറസ്റ്റ് ചെയ്തത്. എ.എസ്.പി ടി.കെ. ഷിബുവിൻെറ നി൪ദേശപ്രകാരം ബറോഡ എസ്.പി പി.വി. രാജിൻെറ സഹായത്തോടെയായിരുന്നു അറസ്റ്റ്.
ബറോഡ കോടതിയിൽ ഹാജരാക്കിയ സന്ദീപ് ചോപ്രയെ ചൊവ്വാഴ്ച പുല൪ച്ചെ കാസ൪കോട്ടേക്ക് കൊണ്ടുവരുകയായിരുന്നു. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയശേഷം ഉച്ചയോടെ കാസ൪കോട് കോടതിയിൽ ഹാജരാക്കി. അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
