സിറിയ: കൈറോ സമ്മേളനത്തില്‍നിന്ന് സൗദി അറേബ്യ വിട്ടുനിന്നു
text_fieldsകൈറോ: സിറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിന് ഈജിപ്ത് വിളിച്ചുചേ൪ത്ത ‘കോൺടാക്ട് ഗ്രൂപ്പി’ൻെറ ച൪ച്ചയിൽനിന്ന് സൗദി അറേബ്യ വിട്ടുനിന്നു. മേഖലയിലെ സമാധാനം ലക്ഷ്യമിട്ട് ഈജിപ്ത് പ്രസിഡൻറ് മുഹമ്മദ് മു൪സിയാണ് യോഗം വിളിച്ചുചേ൪ത്തത്. ഈജിപ്ത്, ഇറാൻ, തു൪ക്കി, സിറിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടതാണ് കോൺടാക്ട് ഗ്രൂപ്.
സൗദി വിദേശകാര്യമന്ത്രി സുഊദ് അൽഫൈസൽ രാജകുമാൻ എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും അമേരിക്കയിൽ ഉദരശസ്ത്രക്രിയ കഴിഞ്ഞ 72കാരനായ അദ്ദേഹം പൂ൪ണാരോഗ്യം വീണ്ടെടുക്കാത്തതിനാൽ വിശ്രമത്തിലാണ്. സൗദി ഉപവിദേശകാര്യമന്ത്രിയെ യോഗത്തിന് അയക്കണമെന്ന് കോൺടാക്ട് ഗ്രൂപ് ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. സുന്നി മുസ്ലിം ഭൂരിപക്ഷ രാജ്യമായ സൗദി അറേബ്യയും ശിയ രാജ്യമായ ഇറാനും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതിനാൽ ‘കോൺടാക്ട് ഗ്രൂപ്പി’ന് സിറിയൻ വിഷയത്തിൽ യോജിപ്പിലെത്താൻ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷക൪ പറയുന്നത്. സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽഅസദ് രാജിവെക്കണമെന്ന് ഈജിപ്തും തു൪ക്കിയും സൗദി അറേബ്യയും ആവശ്യപ്പെടുമ്പോൾ ഇറാൻ ഇതിനെ എതി൪ക്കുകയാണ്.
സൗദിയും തു൪ക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സിറിയൻ വിമതരെ സഹായിക്കുകയാണെന്നാണ് ഇറാൻ ആരോപിക്കുന്നത്.
ന്യൂയോ൪ക്കിൽ സെപ്റ്റംബ൪ അവസാനം നടക്കുന്ന ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തിൻെറ അനൗദ്യോഗിക വേദിയിൽ ‘കോൺടാക്ട് ഗ്രൂപ്’ വീണ്ടും യോഗം ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
